പ്രളയം: 20 കുടുംബങ്ങള്‍ക്ക് വീടൊരുക്കി ഫുട്‌ബോള്‍ അസോസിയേഷന്‍
കോഴിക്കോട്: ഫുട്‌ബോളിനെ സ്‌നേഹിക്കുകയും അതില്‍ ലഹരി കണ്ടെത്തുകയും ചെയ്തിരുന്ന ഒരുപറ്റം ചെറുപ്പക്കാര്‍ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ പ്രവര്‍ത്തന അജന്‍ഡ തന്നെ മാറ്റേണ്ടി വന്നു. ആ തീരുമാനം കിടപ്പാടം ഇല്ലാതാക്കിയ 20 കുടുംബങ്ങള്‍ക്കാണ് ഒരേക്കറില്‍ കാരുണ്യത്തിന്റെ മേല്‍ക്കൂര പണിയുന്നത്.
കോഴിക്കോട്ടെ പ്രവാസി ഫുട്‌ബോള്‍ സംഘടനയായ തെക്കേപ്പുറം എക്‌സ്പാട്‌സ് ഫുട്‌ബോള്‍ അസോസിയേഷന്റെ (ടെഫ) ഭാരവാഹികളാണ് വയനാട് പനമരം പഞ്ചായത്തിലെ നീര്‍ട്ടാടയിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ തീരുമാനിച്ചത്. ഒരേക്കര്‍ സ്ഥലം വാങ്ങി 20 വീടുകള്‍ക്കുള്ള ഭൂമി കുടുംബങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തു. നാല് സെന്റ് ഭൂമിയാണ് ഒരു കുടുംബത്തിന്റെ പേരിലുള്ളത്. വീടിനു പുറമേ പൊതു കളിസ്ഥലം, പാര്‍ക്ക്, ലൈബ്രറി, മികച്ച ജല വിതരണ സംവിധാനം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട ടെഫ വില്ലേജ്. ഭൂമിക്കു മാത്രം ചെലവായത് 40 ലക്ഷം രൂപ. ഇനി ആ ഭൂമിയില്‍ ഘട്ടം ഘട്ടമായി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള പ്രവാസി ഫുട്‌ബോള്‍ സീസണ്‍ ഈ വര്‍ഷം പ്രളയക്കെടുതി മൂലം മാറ്റിവച്ചു. അതിനായി നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പിന്നീടാണ് ഭവനപദ്ധതിയെക്കുറിച്ച് ആലോചിച്ചത്. ഫണ്ട് സര്‍ക്കാരിനെ ഏല്‍പ്പിച്ചാലുണ്ടാകാവുന്ന കാലതാമസം ഒഴിവാക്കാനാണ് നേരിട്ടു തന്നെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തതെന്നും ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട്ടെ കോട്ടിക്കുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിസ്‌വ, വെളിയൂരിലെ മുഹൈസ് ഫൗണ്ടേഷന്‍, നൊച്ചാടിലെ ഇന്‍സൈറ്റ്, ദുബൈയിലെ ഫാത്തിമ ഹെല്‍ത്ത് കെയര്‍, കോഴിക്കോട്ടെ ഹെല്‍പ്പിങ് ഹാന്‍ഡ് എന്നീ സംഘടനകളാണ് ഇവര്‍ക്കൊപ്പം ഈ കാരുണ്യത്തിന്റെ കൈപ്പിടിക്കാനെത്തിയത്. ടെഫ വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നാളെ വയനാട്ടിലെ ടെഫ വില്ലേജില്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികളായ പി.വി യൂനുസ്, ഒ.ജി ആദം , പി.ടി മഹാദ്, ജാഫര്‍ ബറാമി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."