മാവോയിസ്റ്റ് ഭീഷണി: സായുധ പരിശീലനം നേടിയ പൊലിസുകാര്‍ക്ക് പ്രത്യേക ചുമതല
കാളികാവ്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ സായുധ പരിശീലനം നേടിയ പൊലിസുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കി സുരക്ഷാ ക്രമീകരണം..ഭീഷണിയുള്ള പൊലിസ് സ്റ്റേഷനുകളെ എ,ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി ഉള്‍പ്പെടുത്തിയ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളിലെ 35 വയസിന് താഴെയുള്ള പൊലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളാണുള്ളത്. ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലാണ് പരിശീലനം നല്‍കിയിട്ടുള്ളത്.
പരിശീലനം പൂര്‍ത്തിയാക്കിയ പൊലിസുകാരെ ഒരേ സമയം സ്റ്റേഷന്‍ ചുമതലയും മാവോയിസ്റ്റുകളെ നേരിടാനും സജ്ജമാക്കിയിരിക്കുകയാണ്.
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ പ്രതികരിക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
മൂന്ന് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനുകളിലെ 340 പൊലിസുകാര്‍ക്കാണ് പ്രത്യേകം പരിശീലനം നല്‍കിയിട്ടുള്ളത്.
ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ പൊലിസുകാരെ വിവിധ സംഘങ്ങളിലായി തിരിച്ചു. മലപ്പുറം നിലമ്പൂര്‍ മേഖലയെ 12 അംഗങ്ങള്‍ വീതമുള്ള മൂന്ന് സംഘങ്ങളാക്കി.
പാലക്കാടും വയനാടും ഉള്‍പ്പടെ സംസ്ഥനത്ത് പത്ത് പ്രത്യേക സംഘങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പ്രത്യേക സംഘങ്ങള്‍ക്ക് പുറമെ തണ്ടര്‍ ബോര്‍ട്ട്, സായുധ സേന, കേരള ആന്റി ടററിസ്റ്റ് സ്‌ക്വോഡ് (കാറ്റ്‌സ്) തുടങ്ങിയവരുടെ സേവനവും തുടരുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."