പൊലിസ് ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ റിമാന്‍ഡ് ചെയ്തു
പടിഞ്ഞാറത്തറ: പൊലിസ് ആണെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ വശീകരിച്ച് ജോലി വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ പൊലിസ് പിടികൂടിയ കോഴിക്കോട് പുതുപ്പാടി കപ്പായതോട് റെമിന്‍ ജോയി (33) ആണ് റിമാന്‍ഡിലായത്. ക്രൈംബ്രാഞ്ച് രഹസ്യ പൊലിസ് ഉദ്യോഗസ്ഥന് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ സ്ത്രീകളെ സമീപിച്ചിരുന്നത്. പടിഞ്ഞാറത്തറയിലെ ഒരു സ്ത്രീയെ സമീപിച്ച് വാടകവീട് വേണമെന്ന നിലയില്‍ പരിചയപ്പെടുകയും പിന്നീട് എ.ടി.എം കാര്‍ഡ് കൈക്കലാക്കി പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നല്കിയ പരാതിയില്‍ പടിഞ്ഞാറത്തറ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. പല സ്ത്രീകളുടെയും സിംകാര്‍ഡുകള്‍ കൈക്കലാക്കിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത്. കേരളത്തിനകത്തും പുറത്തും ഇയാള്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പലയിടങ്ങളിലായി നാലോളം ഭാര്യമാര്‍ ഇയാള്‍ക്കുണ്ട്. ഒരിടത്തും അധികകാലം താമസിക്കാതെ വീട് മാറിമാറിപ്പോവുകയാണ് ഇയാളുടെ രീതി. കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ എസ്.ഐ പി.ജി രാംജിത്, സി.പി.ഒമാരായ അജികുമാര്‍, അബ്ദുല്‍ അസീസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."