യോഗ്യത പരിഷ്‌കരിച്ചുള്ള വിജ്ഞാപനം; ലാസ്റ്റ് ഗ്രേഡ് നിയമനം നിലച്ചു
കോട്ടക്കല്‍: ലാസ്റ്റ് ഗ്രേഡ് നിയമനത്തിലെ പരിഷ്‌കരിച്ച വിജ്ഞാപനം കാരണം നിയമനം നിലച്ചു. പി.എസ്.സി ജില്ലാ ഓഫിസുകളില്‍നിന്നുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് നിയമന ശുപാര്‍ശകളാണ് വിജ്ഞാപനത്തിലെ അനിശ്ചിതത്വം കാരണം രണ്ടു മാസമായി നിലച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ നാലിനാണ് ലാസ്റ്റ് ഗ്രേഡിന്റെ പുതുക്കിയ യോഗ്യത അനുസരിച്ചുള്ള വിജ്ഞാപനം ഇറങ്ങിയത്. ഇതനുസരിച്ച് ലാസ്റ്റ് ഗ്രേഡിനുള്ള അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയായിരുന്നു വിജ്ഞാപനം. എന്നാല്‍, പി.എസ്.സിയുടെ നിലവിലുള്ള റാങ്ക് പട്ടിക പഴയ യോഗ്യതയനുസരിച്ചുള്ളതാണ്. ലിസ്റ്റിലുള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍ ആയതോടെയാണ് നിമനം അനിശ്ചിതത്വത്തിലായത്. ഇതുമൂലം ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിമയമന ശുപാര്‍ശ രണ്ടു മാസമായി ലഭിക്കുന്നില്ല.
യോഗ്യത പരിഷ്‌കരിക്കുമ്പോള്‍ സാധാരണ അടുത്ത വിജ്ഞാപനം മുതലാണ് നടപ്പിലാക്കാറുള്ളത്. ഇതു വിജ്ഞാപനമിറക്കുമ്പോള്‍ പ്രത്യേകം വ്യക്തമാക്കാറുണ്ട്. അതുണ്ടാകാത്തതാണ് ഇപ്പോഴുള്ള അനിശ്ചിതത്വത്തിനു കാരണം. 2013ലെ യോഗ്യതയനുസരിച്ചുള്ള റാങ്ക് പട്ടികയാണ് നിലവിലുള്ളത്. ഇതിന് 2018 ജൂണ്‍ 19 വരെ കാലാവധിയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."