ഭജനമഠത്തില്‍ സ്വാമിമാര്‍ക്ക് വിരുന്നൊരുക്കി എസ്.കെ.എസ്.എസ്.എഫ്
മുക്കം: മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പരസ്പരം പങ്കുവച്ച് എസ്.കെ.എസ്.എസ്.എഫ് കുമാരനെല്ലൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ് ഭജനമഠത്തിലെ അയ്യപ്പ സ്വാമിമാര്‍ക്ക് വിരുന്നൊരുക്കി.
ഇവര്‍ക്കുള്ള ഒരു ദിവസത്തെ മുഴുവന്‍ ഭക്ഷണവും എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുക്കുകയായിരുന്നു. പങ്കുവെക്കപ്പെടലുകളും കൊടുക്കല്‍ വാങ്ങലുകളും സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നുവെന്ന ആശയമാണ് ഇത്തരമൊരു ഉദ്യമത്തിന് പിന്നിലെന്നും വരും വര്‍ഷങ്ങളില്‍ ഇത് തുടരുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നബിദിനം അടക്കമുള്ള പരിപാടികളില്‍ ഹൈന്ദവ സഹോദരന്മാര്‍ സജീവമായി പങ്കെടുക്കാറുണ്ട്.
ഈ സൗഹൃദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെംബര്‍ അബ്ദുല്ല കുമാരനല്ലൂര്‍, എസ്.കെ.എസ്.എസ്.എഫ് ഓര്‍ഗാനെറ്റ് ജില്ലാ കണ്‍വീനര്‍ നുഹുമാന്‍ കുമാരനെല്ലൂര്‍, ഭജനമഠം പ്രസിഡന്റ് ടി.പി ദിനേശന്‍, വേലായുധന്‍, തടപ്പറമ്പ് മസ്ജിദുന്നൂര്‍ സെക്രട്ടറി അഷ്‌റഫ് തലേക്കര, എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് ജനറല്‍ സെക്രട്ടറി കെ.ടി മുനവ്വിര്‍, അജയഘോഷ്, കെ.പി ആലിക്കുട്ടി, ഇ. ലുഖ്മാന്‍, ജമാല്‍ കുറാമ്പ്ര, യു.കെ ഷെഫീഖ്, കെ.കെ ശിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."