വേദിക് മെറ്റല്‍ ആര്‍ട്ടില്‍ കരവിരുത് വിരിയിച്ച് തിരുമല ശിവകുമാര്‍
പയ്യോളി: ഭാരതത്തിന്റെയും വിദേശ രാജ്യങ്ങളുടെയും കരവിരുതുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയില്‍ എത്തുന്നവര്‍ക്ക് സ്വാഗതമോതുകയാണ് പ്രവേശന കവാടത്തിനരികെയുള്ള വേദിക് മെറ്റല്‍ ആര്‍ട്‌സ് പവലിയന്‍. ചെമ്പ്, പിത്തള, വെള്ളി എന്നീ ലോഹങ്ങളുടെ വര്‍ണവും സ്വഭാവവും ശാസ്ത്രീയമായി സമന്വയിപ്പിച്ച് ചെയ്യുന്ന വേദിക് മെറ്റല്‍ ഉല്‍പന്നങ്ങള്‍ സര്‍ഗാലയയിലെത്തുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്.
വൈദിക വിജ്ഞാനവും ശില്‍പകലാ വൈദഗ്ധ്യവും സംയോജിപ്പിച്ച് പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്ന ആശയങ്ങളും അടയാളങ്ങളും പ്രയോജനപ്പെടുത്തിയാണ് വേദിക് മെറ്റല്‍ ശില്‍പങ്ങള്‍ക്ക് രൂപം നല്‍കുന്നത്. നമുക്കേറെ പരിചയമുള്ള രാഷ്ട്രീയ നേതാക്കള്‍, ശക്തി സിംഹം, പൂക്കളും ഇലകളും അലങ്കാര വസ്തുക്കളും ദൈവങ്ങളും ബുദ്ധനും വിശുദ്ധരുമൊക്കെ തിരുവനന്തപുരം സ്വദേശി തിരുമല അരയല്ലൂര്‍ ശിവകുമാറിന്റെ കരവിരുതിനാല്‍ ലോഹത്തകിടില്‍ വിരിയുന്നു. പ്രത്യേക തരം നിര്‍മാണ രീതിയായതിനാല്‍ വര്‍ഷങ്ങളോളം സ്വര്‍ണവര്‍ണം മായാതെ നില്‍ക്കുമെന്നുള്ളതും വേദിക് മെറ്റല്‍ ശില്‍പങ്ങളുടെ പ്രത്യേകതയാണ്.
400 രൂപ മുതല്‍ 6,50,000 രൂപ വരെയുള്ള ശില്‍പങ്ങളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ഇദ്ദേഹത്തിന്റെ 'ആദി മാതാ പിതാ ഗുരു' ശില്‍പത്തിന് ദേശീയ പുരസ്‌കാരവും 'സുന്ദരേശ്വര്‍' എന്ന ശില്‍പത്തിന് ഗ്രാന്‍ഡ് കേരള ടൂറിസം ക്രാഫ്റ്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ശിവകുമാര്‍ സര്‍ഗാലയ മേളയിലെത്തുന്നത്. ഇത്തവണ ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ആദര്‍ശ് എന്ന പ്ലസ് ടു വിദ്യാര്‍ഥിയും ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."