കഷ്ടകാലം തീരുന്നില്ല: തൃത്താല പൊലിസ് സ്റ്റേഷന്‍ ശിലാസ്ഥാപനം ഇനിയും അകലെ
ആനക്കര : പൊലിസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുമെന്ന വാഗ്ദാനങ്ങള്‍ പതിറ്റാണ്ടുകളായി കേള്‍ക്കുന്ന തൃത്താല നിവാസികളുടെ കാത്തിരിപ്പിന് അടുത്തൊന്നും അറുതിയാകുന്ന ലക്ഷണമില്ല. ഇപ്പോള്‍ നിര്‍മ്മിക്കും പുതിയ കെട്ടിടമെന്ന ഉറപ്പുകള്‍ക്കൊടുവിലാണ് ജൂലൈ 30ന് തൃത്താല പൊലിസ് സ്‌റ്റേഷന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്തോടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുടങ്ങുകയാണുണ്ടായത്. ഇതിന് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയതോടെ ഉദ്ഘാടനത്തിനായി മന്ത്രി എ.കെ.ബാലന്റെ ഒഴിവിനായി കാത്തിരിക്കുകയാണ്. കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേഷന്‍ നിര്‍മ്മിക്കാനുദ്ദേശിച്ച ഭാഗത്തെ കുന്നുകൂടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിരുന്നു. സ്‌റ്റേഷന്‍ വളപ്പില്‍ തയ്യാറാക്കിയ വേദിയും കഴിഞ്ഞദിവസം പൊളിച്ചുനീക്കി. ഉദ്ഘാടന തീയതി അനിശ്ചിതമായി നീളുന്നതുമൂലം വേദി നിര്‍മിച്ച കരാറുകാരന്റെ വാടകയും വര്‍ദ്ധിക്കുന്നു എന്നതിനാലാണ് വേദി നീക്കം ചെയ്തത്. മന്ത്രി എ.കെ. ബാലനെയാണ് കെട്ടിട ശിലാസ്ഥാപന ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏഴ് മുതല്‍ നിയമസഭ ആരംഭിച്ചതോടെ ഉദ്ഘാടനത്തിനും ഇനി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.
കേന്ദ്ര സര്‍ക്കാരിന്റെ പൊലിസ് ആധുനികവത്കരണ ഫണ്ടില്‍നിന്ന് 73.5 ലക്ഷം രൂപയും എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 28.5 ലക്ഷം രൂപയും അടക്കം ഒരുകോടി രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക പൊലിസ് മന്ദിരത്തിന്റെ നിര്‍മാണം. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയമായി സ്‌റ്റേഷനെ ഉയര്‍ത്താനും സാധിക്കും. 1985ലാണ് ഭാരതപ്പുഴയുടെ തീരത്ത് തൃത്താല പൊലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന്, 1997ല്‍ തൃത്താല ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് പൊലിസ് സ്‌റ്റേഷന്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു. അന്നുമുതല്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടിയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം. സ്ഥലപരിമിതിയും ചോര്‍ന്നൊലിക്കുന്ന വിശ്രമമുറികളും ഓഫീസ് മുറ്റത്തെ വെള്ളക്കെട്ടും ഇഴജന്തുശല്യവുമെല്ലാം സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കാലപ്പഴക്കംമൂലവും യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാലും ഓഫീസ് കെട്ടിടത്തിന്റെ സീലിങ് മിക്കയിടത്തും അടര്‍ന്നുവീഴുകയുമാണ്. ഇതുമൂലം ഏത് നിമിഷവും അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും പൊലിസുകാര്‍ പറയുന്നു. നിലവിലെ അവസ്ഥകള്‍ക്കെല്ലാം ശാശ്വതപരിഹാരം ആധുനിക പൊലിസ് മന്ദിര നിര്‍മാണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."