ഡോ. വി.പി സക്കീര്‍ ഹുസൈന്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയെ സ്‌പോര്‍ട്‌സ് രംഗത്തു രാജ്യാന്തര പ്രശസ്തിയിലെത്തിച്ച ഡോ. വി.പി സക്കീര്‍ ഹുസൈന്‍ കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അദ്ദേഹത്തെ സെനറ്റിലേക്കു നോമിനേറ്റ് ചെയ്യുകയായിരുന്നു.
സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍കൂടിയായ ഡോ. സക്കീര്‍ ഹുസൈന്‍ ഡീനുമാരുടെ മണ്ഡലത്തില്‍നിന്നാണ് സെനറ്റിലെത്തുന്നത്. വിദ്യാഭ്യാസ വിഭാഗം ഡീനാണ് ഡോ. സക്കീര്‍. 2014 മുതല്‍ 2017 വരെ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഫിസിക്കല്‍ എജ്യൂുക്കേഷന്‍ ഡീനും സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ കായികാധ്യാപകനായി സേവനം തുടങ്ങിയ അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാലായുടെ കായിക വകുപ്പിന്റെ ചുമതലയിലെത്തുകയായിരുന്നു.
കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയില്‍ ഉണ്ടാക്കിയെടുക്കുകയും കായിക രംഗത്തു വന്‍ കുതിച്ചുചാട്ടമുണ്ടായതും ചെയ്തത് അദ്ദേഹത്തിന്റെ നേതൃസവിശേഷതയാണ്. ഒട്ടേറെ അന്താരാഷ്ട്ര കായിക താരങ്ങളെ വാര്‍ത്തെടുക്കുകയും നിരവധി ദേശീയ-അന്തര്‍ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ക്കു കാലിക്കറ്റ് സ്റ്റേഡിയം വേദിയായതും അദ്ദേഹത്തിന്റെ ശ്രമഫലമാണ്. അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്‍ എന്നിവയും സ്റ്റേഡിയം നവീകരണം, ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരണം എന്നിവയും സക്കീറിന്റെ ക്രിയാത്മക ഇടപെടലിന്റെ വികസനമാണ്.
പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കേരളാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗം, വിവിധ സര്‍വകലാശാലകളുടെ അക്കാദമിക് ബോഡി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ നിരവധി പ്രബന്ധമവതരിപ്പിക്കുകയും ജേണലുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കായികവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രൊജക്ട് ഓഫിസറായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയില്‍ വിവിധ മത്സരങ്ങളുടെ ഒബ്‌സര്‍വറായി പ്രവര്‍ത്തിച്ചു. പി.എച്ച്.ഡി ഗൈഡ് കൂടിയാണ്. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."