സ്വകാര്യ ദീര്‍ഘദൂര ബസുകളിലും ജി.എസ്.ടി കൊള്ള; ടിക്കറ്റിന് കൂട്ടിയത് 30 രൂപ
കോഴിക്കോട്: ജനങ്ങളുടെ ജി.എസ്.ടി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതിനു പിന്നാലെ ഈ കാരണം പറഞ്ഞ് സ്വകാര്യ ദീര്‍ഘദൂര ബസുകളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുന്ന എ.സി ബസുകളാണ് 30 മുതല്‍ 35 രൂപ വരെ വര്‍ധിപ്പിച്ചത്. കോഴിക്കോടുനിന്ന് 500 രൂപയായിരുന്ന ടിക്കറ്റിന് ഇപ്പോള്‍ 530ഉം 535 ഉം രൂപ ഈടാക്കുന്നുണ്ട്. ട്രെയിന്‍ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായവരാണ് ഇത്തരത്തില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്.
ഇവരുടെ നിസ്സഹായത ചൂഷണം ചെയ്യുന്ന നടപടിയാണ് ബസുടമകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്. സ്ലീപ്പര്‍ ബസുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 630 രൂപയില്‍ നിന്ന് 680 ആയാണ് വര്‍ധനവ്. കോഴിക്കോട് നിന്ന് എറണാകുളം വരെയുള്ള ചാര്‍ജ് 430ആയും കൊല്ലംവരെ 480 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാസം ഒന്നു മുതലാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഇത്തരം സ്വകാര്യ സര്‍വിസുകാര്‍ ഇരട്ടിയിലധികം തുക ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതിനാല്‍ അമിത തുക ഈടാക്കുന്നതും നികുതി വെട്ടിപ്പും നിര്‍ബാധം തുടരുകയാണ്.
ടിക്കറ്റ് നിരക്കിലെ അനാവശ്യ വര്‍ധനവ് അധികൃതര്‍ ഇടപെട്ട് ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."