അപകട കാരണം അശ്രദ്ധയെന്നു യാത്രക്കാര്‍; ഡ്രൈവറുടെ ദേഹാസ്വാസ്ഥ്യമെന്നു ജീവനക്കാര്‍
നിലമ്പൂര്‍: വടപുറം കനോലി പ്ലോട്ടിനു സമീപം ബസ് ബൈക്കിലും തുടര്‍ന്നു കുടുംബശ്രീ കഫേയിലും ഇടിച്ച് അപകടമുണ്ടാകാന്‍ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ബസിലെ യാത്രക്കാരില്‍ ചിലര്‍. അപകടം പതിയിരിക്കുന്ന വളവില്‍ ബസിലെ സ്റ്റീരിയോ സ്വിച്ച് ഓണാക്കുന്നതിനായി ഒരു കൈ പിന്നിലൂടെ എടുത്തു ഡ്രൈവിംഗ് സീറ്റില്‍നിന്ന് അല്പം എഴുന്നേല്‍ക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം തെറ്റുകയും അപകടമുണ്ടാകുകയുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ രക്തസമ്മര്‍ദവും പ്രമേഹവുമുള്ള ഡ്രൈവറുടെ രക്തസമ്മര്‍ദം താഴ്ന്ന് അവശനായതോടെ ബസിന്റെ നിയന്ത്രണം വിടുകയുമായിരുന്നെന്നാണ് ബസ് ജീവനക്കാരും മുന്‍ സീറ്റിലിരുന്നവരും പറയുന്നത്. അപകടത്തില്‍ തകര്‍ന്ന മുന്‍ഭാഗത്തെ ചില്ലുകള്‍ ശരീരത്തില്‍ പതിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. സാധാരണ രാവിലെ 9.30നാണ് തുറക്കുന്നത്. അപകടം നടന്നത് 8.30നായിരുന്നു. ഈ സമയം കഫേ തുറക്കാത്തതിനാലും ടൂറിസ്റ്റുകളോ മറ്റു യാത്രക്കാരോ സമീപത്തില്ലാത്തതിനാലും വലിയ ദുരന്തം ഒഴിവായി.
ടൂറിസം വകുപ്പിന് കീഴിലുള്ള കഫേ നഗരസഭയിലെ മുക്കട്ട ഡിവിഷനിലെ തണല്‍ കുടുംബശ്രീ യൂനിറ്റാണ് നടത്തുന്നത്. കാട്ടുങ്ങല്‍ സാജിദയുടെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ഈ കഫേ നടത്തുന്നത്. ഇതില്‍ മൂന്ന് പേര് സ്ഥിരമായി കടയില്‍ നില്‍ക്കാറുണ്ട്. നാല് ലക്ഷം രൂപ നിലമ്പൂര്‍ വിജയ ബാങ്കില്‍നിന്നു ലോണ്‍ വാങ്ങിയാണ് ഇവര്‍ കഫേ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."