അധിക സര്‍വിസ് ഇല്ല; അവസാന വിമാനത്തില്‍ 450 പേര് യാത്രയാകും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രയാകുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കായി അധിക വിമാനം ഉണ്ടാകില്ല. പകരം അവസാന വിമാനത്തില്‍ 450 പേര് യാത്രയാകും. 300 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളില്‍ 14 ദിവസം 39 സര്‍വിസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് പ്രകാരം 11700 പേര്‍ക്കാണ് യാത്ര ചെയ്യാനാകുക. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തില്‍ നിന്നുള്ള 11473 പേരും, ലക്ഷദ്വീപില്‍ നിന്നുള്ള 305 പേരും മാഹിയില്‍ നിന്നുള്ള 32 പേരും അടക്കം 11810 പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുണ്യഭൂമിയിലേക്ക് യാത്രയാകാനെത്തുക. ഇവരൊടൊപ്പം രണ്ട് വയസില്‍ താഴെയുള്ള 25 കുട്ടികളും ഈ വര്‍ഷം യാത്ര തിരിക്കുന്നുണ്ട്.
തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു വിമാന സര്‍വിസ് കൂടി അധികമായി അനുവദിക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന സര്‍വിസിന് 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജംബോ വിമാനം ഏര്‍പ്പെടുത്തി സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ പുനഃക്രമീകരിക്കുകയായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിക്കുന്ന ഏതാനും പേരെ കൂടി ഈ വിമാനത്തില്‍ തന്നെ ഉള്‍ക്കൊള്ളാനാകും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന തീര്‍ഥാടകര്‍ക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള പവര്‍ ബാങ്ക് ലഗേജിനകത്ത് സൂക്ഷിക്കാന്‍ അനുവാദമില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
പവര്‍ ബാങ്ക് ഹാന്റ് ബാഗില്‍ കൊണ്ടു പോകുന്നതിന് വിലക്കില്ല. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് കമ്മിറ്റി ഓഫിസിലെ ഫോണ്‍ നമ്പറുകള്‍: 0484 2611430,2610433.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."