ക്രിസ്മസ്-പുതുവത്സരം: ലഹരിയെ അതിര്‍ത്തിയില്‍ സംയുക്തമായി നേരിടും
കല്‍പ്പറ്റ: ക്രിസ്മസ്, പുതുവത്സര വേളയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ജില്ലയിലേക്കെത്തുന്നത് തടയാന്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ സംയുക്ത പരിശോധന കര്‍ശനമാക്കുന്നു.
എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ഏകോപനം. പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റില്‍ കര്‍ണാടക സംസ്ഥാനങ്ങളിലെ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ചെക്ക്‌പോസ്റ്റുകളില്‍ സംയുക്ത പരിശോധനയും അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലിസിന്റെ സഹായത്തോടെ പെട്രോളിങും നടത്തും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കൈമാറാന്‍ ഇ-മെയില്‍, മൊബൈല്‍ ശൃംഖലയും സജീവമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ വിവരങ്ങളടക്കം ഇതിലൂടെ പരസ്പരം കൈമാറാനും ധാരണയായി. പുഴകടന്നും കാട് കടന്നും മറ്റുമുള്ള ലഹരി വസ്തുക്കളുടെ കടത്ത് തടയാന്‍ പ്രദേശത്തെ പൊലിസിന്റെ സഹകരണത്തോടെ പെട്രോളിങും ശക്തമാക്കും. കര്‍ണാടകയില്‍ നിന്നും മാക്കൂട്ടം വഴി ജില്ലയിലേക്ക് ലഹരി വസ്തുകള്‍ കടത്തുന്നതിനും പിടിവീഴും. കോട്ടുര്‍, ചോലാടി, ചേരമ്പാടി, ഗൂഡല്ലൂര്‍, ബൈരകൂപ്പ, തോല്‍പ്പെട്ടി, ബാവലി, വിരാജ്‌പേട്ട, എച്ച്.ഡി കോട്ട, മാക്കൂട്ടം, ഗുണ്ടല്‍പേട്ട, പാട്ടവയല്‍, അമ്പലമൂല, താളൂര്‍, എരുമാട്, മുത്തങ്ങ തുടങ്ങിയയിടങ്ങളിലെല്ലാം സംയുക്ത പരിശോധന ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. മൈസൂര്‍, ബംങ്കളൂരു എന്നിവിടങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വന്‍തോതില്‍ ലഹരി ഗുളികള്‍ കേരളത്തിലേക്ക് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള സംയുക്ത പരിശോധനയിലൂടെ ഇതിനെല്ലാം തടയിടാനാവും. ഉത്സവകാലത്തിന് പുറമെ ഭാവിയിലും അതിര്‍ത്തി പങ്കിടുന്ന ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ചുള്ള സംയുക്ത പരിശോധന തുടരാനാണ് പദ്ധതിയെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ മാത്യൂസ് ജോണ്‍ പറഞ്ഞു. യോഗത്തില്‍ വിരാജ്‌പേട്ട ഡിവിഷന്‍ ഡെപ്യൂട്ടി എക്‌സൈസ് സുപ്രണ്ട് സി. ലക്ഷ്മി ഷാ, എച്ച്.ഡി കോട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍ നടരാജ്, ഗുണ്ടല്‍പേട്ട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവാനന്ദപ്പ, ചേരമ്പാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വെട്രിവേല്‍ രാജന്‍, ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പത്മകുമാര്‍, ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."