കൈക്കൂലി: മലപ്പുറത്ത് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിടിയില്‍
മലപ്പുറം: വാണിജ്യനികുതി ഓഫിസര്‍മാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി. മലപ്പുറം സിവില്‍സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെ ഇന്റലിജന്‍സ് ഓഫിസര്‍ കെ. മോഹനന്‍, ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ഇസ്ഹാഖ് എന്നിവരെയാണ് ഉത്തരമേഖലാ വിജിലന്‍സ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 60,000 രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ രാത്രിയോടെ കോഴിക്കോട് വിജലന്‍സ് കോടതിയില്‍ ഹാജരാക്കി.
കെട്ടിടനിര്‍മാണത്തിന് കൊണ്ടുവന്ന സാമഗ്രികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കിക്കൊടുക്കാന്‍ 60,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. തേഞ്ഞിപ്പലത്ത് കെട്ടിടം നിര്‍മിക്കുന്ന മുഹമ്മദലിയില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നിര്‍മാണത്തിന് ഉപയോഗിച്ച എം സാന്‍ഡിനും മെറ്റലിനും ബില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് മൂന്നു ലക്ഷം പിഴയടക്കണമെന്ന് വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടു. ഇത് 1.58 ലക്ഷമാക്കി കുറയ്ക്കാമെന്നും അതിന് 60,000 രൂപ കൈക്കൂലി വേണമെന്നും ഇന്റലിജന്റ്‌സ് ഓഫിസര്‍ മോഹനും ഇന്‍സ്‌പെക്ടര്‍ ഫൈസലും ആവശ്യപ്പെട്ടു. ഈ വിവരം കെട്ടിടം ഉടമ കോഴിക്കോട്ടെ ഉത്തരമേഖലാ വിജിലന്‍സ് വിഭാഗത്തെ അറിയിച്ചു. വിജിലന്‍സ് എസ്.പി ഉമാ ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കെ. അശ്വകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
വെള്ളിയാഴ്ച പകല്‍ മൂന്നോടെ പരാതിക്കാരന്‍ 50,000 രൂപ ഇന്റലിജന്‍സ് ഓഫിസര്‍ കെ. മോഹനും 10,000 രൂപ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ഇസ്ഹാഖിനും കൈമാറി. ഈ സമയത്ത് ഓഫിസില്‍ എത്തിയ വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു. മോഹനന്‍ തിരുവനന്തപുരം സ്വദേശിയും ഫൈസല്‍ കോട്ടക്കല്‍ സ്വദേശിയുമാണ്.
വിജിലന്‍സ് ഡിവൈ.എസ്.പിയെ കൂടാതെ, ഇന്‍സ്‌പെക്ടര്‍മാരായ പി. ചന്ദ്രമോഹന്‍, കെ.ജി പ്രവീണ്‍കുമാര്‍, എസ്.ഐ പ്രേമാനന്ദന്‍, എ.എസ്.ഐമാരായ കെ. ശ്രീകുമാര്‍, ഫിറോസ്, സി.പി.ഒമാരായ വിനോദ്കുമാര്‍, കെ. ഷാജി, സാജിത്ത് എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."