കുപ്രസിദ്ധ കൊള്ളസംഘാംഗം പുട്ടാലു ഷമീര്‍ പിടിയില്‍
ചാലക്കുടി: നാഷനല്‍ ഹൈവേയിലെ യാത്രക്കാരുടെ പേടി സ്വപ്നമായിരുന്ന 'ഏഴര കമ്പനി' എന്ന കൊള്ളസംഘത്തിലെ അംഗമായ കാട്ടുര്‍ തേക്കുംമൂല കടുങ്ങാപറമ്പില്‍ ഷെമീര്‍ എന്ന പുട്ടാലു ഷമീര്‍ (39) പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്‌കരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. 10 വര്‍ഷം മുന്‍പ് കൊരട്ടി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടമുറി എന്ന സ്ഥലത്തെ നാഷണല്‍ ഹൈവേയോരത്തു വച്ച് പാതിരാത്രി ഹൈവേയിലൂടെ സഞ്ചരിച്ചിരുന്ന വഴിച്ചാല്‍ സ്വദേശിയേയും സുഹൃത്തിനേയും വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പൊന്നാമ്പി അഭിലാഷ് , കുറുവ പ്രദീപ്, വീരപ്പന്‍ ബിജു, മാഫിയ തോമന്‍, പുട്ടാലു ഷമീര്‍, കാര രതീഷ്, മുയല്‍ ബിജു, തുള്ളി പ്രദീപ്, കൊളത്തൂര്‍ രഞ്ജി കൊരട്ടി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇതേ സംഘം തന്നെ അങ്കമാലി ഭാഗത്തു നിന്നും വരുന്ന ഹോട്ടലുടമയെ കൊള്ളയടിക്കണമെന്ന ഉദ്ദേശത്തോടെ ചിറങ്ങരയില്‍ മാരുതി കാറുമായി നിന്നിരുന്നു. എന്നാല്‍ അന്ന് പൊലിസ് സംഘത്തെ കണ്ട് അവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പൊലിസുകാര്‍ പരിശോധിച്ചപ്പോള്‍ വടിവാളും മുളകുപ്പൊടിയും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കാറിനെപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കൊള്ളസംഘാംഗങ്ങളെ പറ്റി വിവരം ലഭിച്ചതും മിക്കവരും പിടിയിലായതും.
ഒളിവില്‍ പോയിരുന്ന ഷമീര്‍ കേരളത്തിനത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയില്‍ കേരളത്തിനു വെളിയിലെ എയര്‍പോര്‍ട്ട് വഴി വിദേശത്തേക്ക് കടന്നെങ്കിലും പാസ്‌പോര്‍ട്ടിലെ കൃത്രിമത്വം കാരണം പിടിക്കപ്പെടുകയും തിരികെ ഇന്ത്യയിലേയ്ക്ക് കയറ്റി വിടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരവേ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ബന്ധുവീട്ടിലെത്തിയതായി ജില്ലാ പൊലിസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചാലക്കുടിയിലെ പ്രത്യേകാന്വേഷണ സംഘം ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഷമീറിനെപ്പറ്റിയുള്ള അന്വേഷണത്തിലും അറസ്റ്റ് ചെയ്ത സംഘത്തിലും കൊരട്ടി എസ്.ഐ പി.ടി വര്‍ഗീസ്, ക്രൈം സ്‌ക്വാഡ് എസ്.ഐ വി.എസ് വത്സകുമാര്‍, എ.എസ്.ഐ ജിനു മോന്‍ തച്ചേത്ത്, സീനിയര്‍ സി.പി.ഒ മാരായ സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, സി.പി.ഒ മാരായ വി.യു സില്‍ജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. പിടിയിലായ ഷമീറിനെ ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ജഡ്ജ് മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."