പാരമ്പര്യ തനിമ നിലനിര്‍ത്തി മുറ്റിച്ചൂരിലെ നാടുചുറ്റല്‍
അന്തിക്കാട്: പാരമ്പര്യ തനിമ നിലനിര്‍ത്തി മുറ്റിച്ചൂര്‍ മഹല്ലില്‍ നാടുചുറ്റല്‍ ഇന്നും തുടരുന്നു. മുറ്റിച്ചൂര്‍ ജുമാ മസ്ജിദില്‍ വര്‍ഷം തോറും നടത്തി വരുന്ന മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ആണ്ടു റാത്തീബിനോടനുബന്ധിച്ചാണു നാടുചുറ്റല്‍ നടക്കുന്നത്. മഹല്ലിലെ നാടുചുറ്റല്‍ ചടങ്ങിനു രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നാടുചുറ്റലിന്റെ ഭാഗമായി മഹല്ലിലെ മുഴുവന്‍ മുസ്‌ലിം ഭവനങ്ങളിലും അറബനമുട്ട് സംഘമെത്തും. പ്രവാചക പ്രകീര്‍ത്തന ഗാനങ്ങളും അറബി ബൈത്തുകളും മാപ്പിളപ്പാട്ടുകളും പാടിയാണ് സംഘം അറബനമുട്ടുമായി വീടുകളിലെത്തുന്നത്. വീട്ടുകാര്‍ ആദരവോടെ സംഘത്തെ സ്വീകരിക്കും. വീട്ടുകാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് അമുസ്‌ലിം ഭവനങ്ങളിലും അറബനസംഘമെത്തും. നാട്ടില്‍ മതമൈത്രി നിലനിര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ഭക്ത്യാദരവോടെയാണ് ഇതര മതസ്ഥര്‍ അറബന സംഘത്തെ സ്വീകരിക്കുന്നത്. മുറ്റിച്ചൂര്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാടുചുറ്റല്‍ സംഘത്തില്‍ ഇരുപതിലേറെ പേര്‍ ഉണ്ടാകും. അറബനമുട്ടില്‍ വിദഗ്ധരായവരാണ് സംഘത്തിലുള്ളത്. ചില വീടുകളില്‍ കളിമുട്ടും സംഘം അവതരിപ്പിക്കും. മഹല്ല് ഖത്തീബ് മുഹമ്മദ് മീരാന്‍ ദാരിമി അല്‍ ഹൈതമിയുടെ പ്രാര്‍ത്ഥനയോടെ നാടുചുറ്റല്‍ ആരംഭിച്ചു. ജനുവരി അഞ്ചിനാണ് ആണ്ടു റാത്തീബ്. ആറിന് രാവിലെ മുതല്‍ ഭക്ഷണ വിതരണവും ഉണ്ടാകും. മഹല്ല് ജനറല്‍ സെക്രട്ടറി അലി പുതുശ്ശേരി, ഭാരവാഹികളായ പി.കെ ഹസന്‍ ഹാജി, പി.യു ഷിയാസ്, മുഹമ്മദ് പുതുശ്ശേരി, മുജീബ് മൂക്കേനി എന്നിവരുടെ നേതൃത്വത്തിലാണ് നാടുചുറ്റല്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."