മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കുന്നത് കോടതി തടയണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരുടെ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന കാര്യം കോടതി തന്നെ വ്യക്തമാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചു.
മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയ ശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ 48 മണിക്കൂറിനകം ലഭ്യമാക്കുമാക്കും. ഉത്തരവിറങ്ങിയാല്‍ മാത്രമേ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകൂ എന്നും വിവരാവകാശ നിയമത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന കമ്മീഷണറുടെ നിര്‍ദേശത്തിന് എതിരായാണ് സര്‍ക്കാര്‍ നേരത്തേ നിലപാടെടുത്തിരുന്നത്. എന്നാല്‍, ഇക്കാര്യം വിവാദമായതോടെ സര്‍ക്കാര്‍ നിലപാട് തിരുത്തുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനത്തെ മൂന്ന് മാസത്തെ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ ഹര്‍ജിയിലായിരുന്നു വിവരാവകാശ കമ്മീഷണറുടെ നിര്‍ദേശം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."