റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡ് അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷം. പ്രശ്‌നം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അനൂപ് ജേക്കബ്, എം. ഉമ്മര്‍, എ.പി അനില്‍കുമാര്‍ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. റേഷന്‍ കാര്‍ഡ് പ്രശ്‌നം ആശങ്കയോടെയാണ് ജനം കാണുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. തെറ്റുകള്‍ തുടര്‍ക്കഥയായ റേഷന്‍ കാര്‍ഡാണ് വിതരണം ചെയ്തിരിക്കുന്നത്. റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിഹരിച്ചിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആധികാരിക രേഖയായ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അത് മുന്‍സര്‍ക്കാരിന്റെ കുഴപ്പമാണെന്ന ഭക്ഷ്യമന്ത്രിയുടെ നിലപാട് ബാലിശമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനംമന്ത്രി കെ. രാജുവിനെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. മന്ത്രിപോലും ഇത്തരത്തില്‍ തെറ്റായ പട്ടികയിലാണ് ഉള്‍പ്പെട്ടത്. സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ പരാജയമാണ് ഇത്തരം തെറ്റുകള്‍ കടന്നുകൂടാന്‍ കാരണം. ഭക്ഷ്യവകുപ്പിന്റെ മോശം പ്രവര്‍ത്തനംകൊണ്ട് 'അരിതേടി തിലോത്തമന്‍ ആന്ധ്രയില്‍ പോയപോലെ' എന്ന പ്രയോഗംവരെ ഉണ്ടായെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോള്‍ അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നും അതിനാലാണ് അതിവേഗം നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇതിനകം സംസ്ഥാനത്തെ 85 ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കി. അനര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. അനര്‍ഹര്‍ സ്വമേധയാ മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിച്ചിരുന്നു. മുന്‍ഗണനാ പട്ടികയിലുള്ള 1.43 ലക്ഷം പേര്‍ അനര്‍ഹര്‍ ആണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 43,396 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് തെറ്റുകള്‍ തിരുത്തിയാകും മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."