ബ്ലൂവെയ്ല്‍: ആത്മഹത്യക്ക് ശ്രമിച്ച രണ്ടു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
പൂനെ: ബ്ലൂവെയ്ല്‍ ഓണ്‍ലൈന്‍ ചലഞ്ചിങ് ഗെയിമിന് അടിമയായി ആത്മഹത്യക്ക് ശ്രമിച്ച രണ്ടു വിദ്യാര്‍ഥികളെ പൊലിസ് രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍, മഹാരാഷ്ട്രയിലെ സോലാപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് 24 മണിക്കൂറിനിടെ രണ്ടു വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയത്.
സോലാപൂരില്‍ നിന്നുള്ള വ്യവസായിയുടെ മകന്‍ ബ്ലൂവെയ്ല്‍ ഗെയിം പ്രകാരമുള്ള ടാസ്‌ക് പൂര്‍ത്തീകരിക്കാന്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നു.
ബിഗ്വാനിനടുത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് കുട്ടിയെ പൊലിസ് കണ്ടെത്തിയത്. കുട്ടി ബസില്‍ കയറി പോകുന്നത് കണ്ടെന്ന് പ്രദേശവാസികള്‍ പൊലിസിനോട് പറഞ്ഞിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ തന്റെ മകനെ കാണാതായതായി കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നീട് അന്വേഷണത്തില്‍ കുട്ടി പിതാവിന്റെ ഫോണില്‍ ഗെയിം കളിച്ചതായി കണ്ടെത്തിയിരുന്നു.
അതേസമയം ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഗെയിം കളിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ രക്ഷപ്പെടുത്തുന്നത്. ഇന്‍ഡോറിലെ 13 വയസുള്ള വിദ്യാര്‍ഥിയാണ് ഗെയിമിന് അടിപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠികളുടെ ഇടപെടലിലൂടെയാണ് വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിച്ചത്. സ്‌കൂളിന്റെ ബാല്‍ക്കണിയില്‍ കയറിയ വിദ്യാര്‍ഥിയെ സഹപാഠികള്‍ പിന്നിലേക്ക് പിടിച്ചുവലിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
വിദ്യാര്‍ഥി പിതാവിന്റെ ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം കളിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി വിദ്യാര്‍ഥി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സൂചനയുണ്ട്.
കുട്ടിയെ മനഃശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിക്കാന്‍ ശ്രമിക്കുന്നതായി പൊലിസ് വ്യക്തമാക്കി. നേരത്തെ ഇതേ ഗെയിമിന് കീഴ്‌പ്പെട്ട് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് 14 വയസുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."