സാക്കിര്‍ മൂസ പിടിയിലായതായി സുരക്ഷാസേന
കശ്മിര്‍: അല്‍ഖാഇദയുടെ കശ്മിര്‍ ഘടകം നേതാവ് സാക്കിര്‍ മൂസ പിടിയിലായതായി സുരക്ഷാ സേന. ദക്ഷിണ കശ്മിരിലെ പുല്‍വാമ സെക്ടറിലെ ട്രാലിലാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന.
സുരക്ഷാ സേന ഇയാള്‍ക്കായി നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് മൂസ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാളെ ഒളിസങ്കേതത്തില്‍ കുടുക്കുകയായിരുന്നുവെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
അതേസമയം മേഖലയില്‍ സൈന്യത്തിനെതിരേ പ്രദേശവാസികള്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ കൂട്ടമായെത്തി സൈനിക വാഹനത്തിനെതിരേ കല്ലെറിഞ്ഞു.
ട്രാല്‍ സെക്ടറിലാണ് ഏറ്റവുമധികം അനിഷ്ട സംഭവങ്ങളുണ്ടായത്. മൂസയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങി സൈന്യത്തെ തടയുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്.
തന്റെ ഗ്രാമമായ നോര്‍പ്പോറയിലാണ് മൂസയുടെ ഒളിത്താവളമെന്ന് സൈനിക വക്താവ് സൂചിപ്പിച്ചു. നേരത്തെ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതും ഇതിനടുത്താണ്.
കശ്മിരില്‍ ബുര്‍ഹാന്‍ വാനിയുടെ പകരക്കാരനായിട്ടായിരുന്നു മൂസ അറിയപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ ഹിസ്ബുല്‍ വിട്ട മൂസ താലിബാന്‍ ഇ കശ്മിര്‍ എന്ന സംഘടന രൂപീകരിച്ചാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ ഗ്രൂപ്പിലെ മൂന്നു പേരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. കൊല്ലപ്പെട്ട മൂവരും മൂസയോടൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സുരക്ഷാ സേന പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."