HOME
DETAILS
MAL
അത്തിപ്പറ്റ ഉസ്താദിന്‍റെ വിയോഗം; വാരാന്ത്യ ദിനത്തില്‍ പ്രാര്‍ത്ഥനാ സദസ്സുകളുമായി പ്രവാസ ലോകം
backup
December 23 2018 | 09:12 AM
# സി.എച്ച്. ഉബൈദുല്ല റഹ് മാനി
മനാമ: പ്രമുഖ സൂഫി വര്യനും യു.എ.ഇ സുന്നി സെന്റര്‍ പ്രസിഡന്‍റുമായിരുന്ന ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്‍റെ സ്മരണയിലായിരുന്നു കഴിഞ്ഞ ദിവസം പ്രവാസ ലോകം. വാരാന്ത അവധി ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിരവധി പ്രാര്‍ത്ഥനാ സദസ്സുകളും അനുസ്മരണ ചടങ്ങുകളുമാണ് നടന്നത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത പോഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും അത്തിപ്പറ്റ ഉസ്താദിനു വേണ്ടി മയ്യിത്ത് നിസ്കാരങ്ങളും അനുശോചന യോഗങ്ങളും നടന്നത്. മിക്ക കേന്ദ്രങ്ങളിലും മയ്യിത്ത് നിസ്കാരത്തോടൊപ്പം ദിക്ര്‍ ഹല്‍ഖകളും ഖതം-ദുആ മജ് ലിസുകളും സംഘടിപ്പിച്ചിരുന്നു.
അത്തിപ്പറ്റ ഉസ്താദിന്‍റെ നേതൃത്വത്തില്‍ അല്‍ ഐനില്‍ ആരംഭിച്ച ദാറുല്‍ ഹുദാ സ്ഥാപനത്തില്‍ നടന്ന അനുസ്മരണ-പ്രാര്‍ത്ഥനാ ചടങ്ങിലും നിരവധി പേരാണ് പങ്കെടുത്തത്. ഉസ്താദിന്‍റെ മരണ വിവരം അറിഞ്ഞതുമുതല്‍ ഇവിടെ പറഞ്ഞറിയിക്കാനാവാത്ത ഒരു മൂകതയായിരുന്നു അനുഭവപ്പെട്ടിരുന്നതെന്ന് ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെയും പ്രദേശ വാസികളെയും സംഘടനാ പ്രവര്‍ത്തകരെയും ഒരു മിച്ചു കൂട്ടി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങ് ഇവിടെ നടന്നു. നിലവില്‍ ഉസ്താദ് സ്ഥാപക ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 2000ത്തോളം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്.
അല്‍ ഐന്‍ സുന്നി സെന്‍ററിന്‍റെ നേതൃത്വത്തില്‍ ദാറുല്‍ ഹുദാ സ്കൂളില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും അല്‍ ഐന്‍ സുന്നി സെന്‍റര്‍ വൈ.പ്രസി.സയ്യിദ് ഖാസിം കോയ തങ്ങള്‍ ബാ അലവി നേതൃത്വം നല്‍കി. ഉസ്താദുമാരായ സൈതലവി കോയ തങ്ങള്‍, ഹംസ നിസാമി, റഷീദ് അന്‍വരി മോളൂര്‍, സ്കൂള്‍ പ്രിന്‍സിപ്പള്‍ മുനീര്‍ ചാലില്‍, അല്‍ ഐന്‍ കെ.എം.സി.സി പ്രസിഡന്‍റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍, അല്‍ ഐന്‍ എസ്.കെ.എസ്.എസ്. എഫ് നൗഷാദ് തങ്ങള്‍ ഹുദവി എന്നിവരും സന്നിഹിതരായിരുന്നു.
അല്‍ ഐനിനു പുറമെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. അബൂദാബി ഇസ് ലാമിക് സെന്‍ററില്‍ അബൂദാബി സുന്നിസെന്‍റര്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ചടങ്ങ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. നിരവധി വിശ്വാസികളാണ് ഇവിടെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തത്. ഇവിടെ ഉസ്താദ് അബ്ദുറഊഫ് അഹ് സനി നേതൃത്വം നല്‍കി. സയ്യിദ് അബ്ദുറഹ് മാന്‍ തങ്ങള്‍, കരീം ഹാജി. യു അബ്ദുല്ല, എം.പിഎം റഷീദ്, അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, സ്വാബിര്‍ മാട്ടൂല്‍, കരപ്പാട്ട് ഉസ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്ന ഖതം ദുആ സദസ്സിനും മയ്യിത്ത് നിസ്കാരത്തിനും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ സെക്രട്ടറി വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കു പുറമെ ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികളായ ഹബീബു റഹ് മാന്‍, കുട്ടൂസ മുണ്ടേരി, മുസ്ഥഫ പുറത്തൂര്‍, ഫൈസല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. മനാമ കൂടാതെ ബഹ്റൈനിലെ 15 ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.
കുവൈത്തില്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നിസ്കാരത്തിനും ഖത്മുൽ ഖുർആൻ മജ്‌ലിസിനും വൈ. ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി അടിവാരം നേതൃത്വം നല്‍കി. പ്രസിഡന്‍റ് ശംസുദ്ദീൻ ഫൈസി, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. കൂടാതെ കുവൈത്തില്‍ എട്ട് കേന്ദ്രങ്ങളിലായി പ്രത്യേക ദുആ മജ് ലിസുകള്‍ നടന്നു.
ഒമാനില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിനും പ്രാര്‍ത്ഥനക്കും സുന്നി സെന്‍റര്‍ ആക്ടിംഗ് പ്രസിഡന്‍റ് മുഹ് യുദ്ധീന്‍ കുട്ടി ഫൈസി അബ്ദുള്ള അൻവരി എന്നിവര്‍ നേതൃത്വം നല്‍കി. വി.പി സലാം ഹാജി, അബ്ദുല്ല അന്‍വരി, ടി.പി.സി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കൂടാതെ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും സുന്നി സെന്‍റര്‍, ഇസ്ലാമിക് സെന്‍റര്‍ ആസ്ഥാനങ്ങളിലും പള്ളികളിലും മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. എല്ലാ സ്ഥലങ്ങളിലും സാധാരണക്കാരുള്‍പ്പെടെ നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥനാ സദസ്സുകളില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."