ചരിത്രമെഴുതി ദവിന്ദര്‍
ലണ്ടന്‍: പ്രതീക്ഷകളുടെ ഭാരവുമായി പോരിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയപ്പോള്‍ സഹ താരം ദവിന്ദര്‍ സിങ് കാങ് ഉദിച്ചുയര്‍ന്നു. ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തില്‍ ഇന്ത്യയുടെ ദവിന്ദര്‍ സിങ് കാങ് ജാവലിന്‍ ത്രോയുടെ ഫൈനലിലേക്ക് മുന്നേറി. ലോക പോരട്ടത്തിന്റെ ജാവലിന്‍ ത്രോ ഫൈനലിലെത്തുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായും ദവിന്ദര്‍ മാറി.
യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ തന്റെ അവസാന അവസരത്തില്‍ മറികടന്നാണ് ദവിന്ദര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. മൂന്നാം അവസരത്തില്‍ താരം 84.22 മീറ്റര്‍ പിന്നിട്ട് 13 പേര്‍ യോഗ്യത സ്വന്തമാക്കിയ പോരില്‍ ഏഴാം സ്ഥാനക്കാരനായാണ് ഫൈനലിലേക്ക് കടന്നത്. യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദവിന്ദര്‍ ആദ്യ ശ്രമത്തില്‍ 82.22 മീറ്ററും രണ്ടാം ശ്രമത്തില്‍ 82.14 മീറ്ററുമാണ് താണ്ടിയത്. ഒടുവില്‍ മൂന്നാം ത്രോയില്‍ ലക്ഷ്യം കാണാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ യോഗ്യതാ പോരാട്ടത്തില്‍ ദവിന്ദര്‍ പുറത്തെടുത്തു.
26കാരനായ പഞ്ചാബി താരത്തിന് ആദ്യ രണ്ട് ശ്രമത്തിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഗ്രൂപ്പ് ബി പട്ടികയിലെ ഏറ്റവും അവസാന താരമായി തന്റെ മൂന്നാം ത്രോ എറിയാനെത്തിയ ദവിന്ദര്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടത്. എന്നാല്‍ തന്റെ മികവിന്റെ ഔന്നത്യം ബോധ്യപ്പെടുത്തി താരം ആത്മവിശ്വാസത്തോടെ ജാവലിന്‍ പറത്തിയപ്പോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം പിറക്കുകയായിരുന്നു. ലോക പോരാട്ടം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യക്ക് കാര്യമായൊരു നേട്ടവുമില്ലായിരുന്നു. പ്രതീക്ഷയുണ്ടായിരുന്ന ഏക താരം നീരജ് ചോപ്ര മാത്രമായിരുന്നു. എന്നാല്‍ നീരജും എല്ലാവരേയും ഞെട്ടിച്ച് പിന്നോക്കം പോയപ്പോള്‍ ഇന്ത്യയുടെ വലിയ ആശ്വസമായി മാറുകയായിരുന്നു ഈ പഞ്ചാബ് താരം.
ഏറെ സാധ്യതകളുമായി ഇറങ്ങിയ ജൂനിയര്‍ ലോക റെക്കോര്‍ഡ് താരം കൂടിയായ നീരജ് അമ്പേ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. ആദ്യ ശ്രമത്തില്‍ 82.26 മീറ്റര്‍ താണ്ടിയ നീരജിന് രണ്ടാം ശ്രമത്തില്‍ പിഴച്ചതോടെ അയോഗ്യത നേരിട്ടു. മൂന്നാം ശ്രമത്തില്‍ 80.54 മീറ്റര്‍ മാത്രമാണ് താരത്തിന് പിന്നിടാനായത്. 86.48 മീറ്ററാണ് നീരജിന്റെ മികച്ച വ്യക്തിഗത പ്രകടനം. 85.63 മീറ്റര്‍ പിന്നിട്ടതാണ് ഈ സീസണിലെ മികച്ച പ്രകടനം. പക്ഷേ ലണ്ടനില്‍ തന്റെ ആദ്യ ലോക പോരാട്ടത്തിനിറങ്ങിയ നീരജിന് ആ പ്രകടനങ്ങളൊന്നും ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയി.
ഫൈനല്‍ പോരിന് ദവിന്ദര്‍ ഇന്നിറങ്ങും;
റിലേ ടീമിന്റെ ഹീറ്റ്‌സും ഇന്ന്
ഇന്ത്യയുടെ ആശ്വാസമായി മാറിയ ദവിന്ദര്‍ സിങ് കാങ് ജാവലിന്‍ ത്രോ ഫൈനല്‍ പോരാട്ടത്തിന് ഇന്നിറങ്ങും. ഒപ്പം പുരുഷ, വനിതാ 4-400 മീറ്റര്‍ റിലേ ടീം ഹീറ്റ്‌സിനായും ഇന്ന് കളത്തിലെത്തും. പൂവമ്മ, ജൗന മുര്‍മ മലയാളി താരങ്ങളായ ജിസ്‌ന മാത്യു, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവരാണ് വനിതാ റിലേ ടീമില്‍ അണിനിരക്കുന്നത്. പുരുഷ റിലേ ടീമില്‍ അരോക്യ രാജീവ്, അമോജ് ജേക്കബ്, മോഹന്‍ കുമാര്‍ രാജ, സച്ചിന്‍ റോബി, മലയാളി താരം കുഞ്ഞു മുഹമ്മദ് എന്നിവരാണ് പോരിനിറങ്ങുന്നത്.
അട്ടിമറി വിജയവുമായി ഗുലിയേവ്
പുരുഷ വിഭാഗം 200 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തില്‍ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് അട്ടിമറി വിജയത്തോടെ സ്വര്‍ണം പിടിച്ചെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഉസൈന്‍ ബോള്‍ട്ടിന്റെ അഭാവത്തില്‍ അരങ്ങേറിയ ആദ്യ 200 മീറ്റര്‍ ഫൈനല്‍ മറ്റൊരു തലമുറയുടെ ഉയിര്‍പ്പിന് സാക്ഷ്യം വഹിക്കുകയായിരുന്നു. സുവര്‍ണ പ്രതീക്ഷയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നികെര്‍കിനെ രണ്ടാം സ്ഥാനത്തേക്കും മറ്റൊരു കരുത്തന്‍ ബോട്‌സ്വാനിയയുടെ ഇസാക്ക് മക്‌വലയെ ആറാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഗുലിയേവിന്റെ സുവര്‍ണ നേട്ടം. ഗുലിയേവ് 20.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ നികെര്‍ക് 20.11 സെക്കന്‍ഡില്‍ വെള്ളിയും ഇതേ സമയം കുറിച്ച് ട്രിനിഡാഡ് ടുബാഗോയുടെ ജറീം റിച്ചാര്‍ഡ്‌സ് വെങ്കലവും നേടി. ഫോട്ടോ ഫിനിഷിലാണ് വെള്ളി, വെങ്കലം മെഡലുകള്‍ നിര്‍ണയിക്കപ്പെട്ടത്.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു തുര്‍ക്കി താരം അന്താരാഷ്ട്ര അത്‌ലറ്റിക് പോരാട്ടത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്. രാജ്യത്തിന് ഈ നേട്ടം സമ്മാനിച്ച ആദ്യ താരമായി മാറിയെന്ന അഭിമാനകരമായ പെരുമാണ് ഗുലിയേവ് ലണ്ടനില്‍ സ്വന്തമാക്കിയത്. നേരത്തെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ നികെര്‍കിന് 200ലും സ്വര്‍ണം നേടി ഈ ഇനങ്ങളില്‍ ഇരട്ട സ്വര്‍ണം നേടുന്ന വിഖ്യാത അത്‌ലറ്റ് ബെന്‍ ജോണ്‍സന്റെ നേട്ടത്തിനൊപ്പമെത്താനുള്ള അപൂര്‍വ അവസരമാണ് നഷ്ടപ്പെട്ടത്.
ട്രിപ്പിളില്‍
എതിരില്ലാതെ
ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍
പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ അമേരിക്കന്‍ പോരാട്ടം കണ്ടപ്പോള്‍ സുവര്‍ണ ഭാഗ്യം ഒരിക്കല്‍ കൂടി ക്രിസ്റ്റ്യന്‍ ടെയ്‌ലറെ തന്നെ തുണച്ചു. 12 താരങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ അവസാന വരെ പോരാട്ടം അമേരിക്കന്‍ താരങ്ങളായ ടെയ്‌ലറും വെള്ളി നേടിയ വില്‍ ക്ലെയും തമ്മിലായിരുന്നു. 17.68 മീറ്റര്‍ താണ്ടി ടെയ്‌ലര്‍ ലോക പോരാട്ടത്തിലെ സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ 17.63 മീറ്റര്‍ പിന്നിട്ട് ക്ലെ വെള്ളി നേടി.
പോര്‍ച്ചുഗല്‍ താരം നെല്‍സന്‍ എവോര 17.19 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടി. 2012ലെ ലണ്ടന്‍, 2016 റിയോ ഒളിംപിക്‌സുകളിലും 2011, 2015 ലോക ചാംപ്യന്‍ഷിപ്പുകളിലും ടെയ്‌ലര്‍ തന്നെയാണ് ഈ ഇനത്തിലെ
സുവര്‍ണ ജേതാവ്.
ഒളിംപിക് ചാംപ്യനെ
പിന്തള്ളി കൊറി കാര്‍ട്ടര്‍
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ അമേരിക്കയുടെ ദലിയ മുഹമ്മദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അമേരിക്കയുടെ തന്നെ കൊറി കാര്‍ട്ടര്‍ സുവര്‍ണ താരം.
53.07 സെക്കന്‍ഡിലാണ് താരത്തിന്റെ കന്നി ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണ നേട്ടം. ദലിയ 53.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളിയും ജമൈക്കയുടെ റിസ്റ്റന്‍അന്ന ട്രസി 53.74 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."