HOME
DETAILS
MAL
സഊദിയിൽ തൊഴിൽ നിയമ പരിഷ്കരണം: തൊഴിലാളിയുടെ അനുമതിയില്ലാതെ സ്ഥലം മാറ്റൽ ഇനി നിയമ ലംഘനം
backup
December 23 2018 | 09:12 AM
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയിൽ തൊഴിലാളികൾക്ക് ആശ്വാസമായി സ്ഥലം മാറ്റത്തിൽ ഭേദഗതി വരുത്തി തൊഴിൽ നിയമം പരിഷ്കരിച്ചു. നിലവിൽ തൊഴിൽ ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്കോ മറ്റോ സ്ഥലം മാറ്റുന്നതിന് തൊഴിലാളിയുടെ അനുമതിയില്ലാതെ പറ്റുകയില്ല. ഇത് സംബന്ധിച്ച് പരിഷ്കരിച്ച തൊഴിൽ നിയമാവലി തൊഴിൽ മന്ത്രി അംഗീകരിച്ചു. ഇതോടെ ചില നിസാര പ്രശ്നങ്ങൾക്ക് തൊഴിലാളികളുടെ മേൽ സ്ഥലം മാറ്റ ഭീഷണി നടത്തുന്ന സ്ഥാപനങ്ങൾക്കും സ്‌പോൺസർമാർക്കും ഇനി നിയമ നടപടികൾ നേരിടേണ്ടി വരും. ഇതോടൊപ്പം പാസ്പോർട്ടോ ഇൻഷൂറൻസ് കാർഡുകളോ കൈവശം വെക്കാനും തൊഴിലുടമക്ക് അനുവാദമുണ്ടായിരിക്കയില്ല. ഇനി വേണമെങ്കിൽ തന്നെ തൊഴിലാളിയുടെ രേഖാമുലമുള്ള അനുമതിപത്രം നിർബന്ധവുമാണ്.
പരിഷ്കരിച്ച നിയമാവലി സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്തേക്കും. നിലവിൽ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള നിശ്ചിത ഫോറത്തിൽ ഒപ്പുവെച്ച് കൊണ്ട് തൊഴിലാളികളുടെ പാസ്പോർട്ടും ഇൻഷൂറൻസ് കാർഡുകളും തൊഴിലുടമകൾക്ക് കൈവശം വെക്കാൻ അനുവാദമുണ്ടായിരുന്നു. മന്ത്രി സഭയുടേയും, തൊഴിൽ സാമുഹിക വികസന മന്ത്രാലയത്തിൻ്റേയും മുഴുവൻ ശുപാർശകളും ഉൾപ്പെടുത്തികൊണ്ടാണ് തൊഴിൽ നിയമാവലി പരിഷ്കരിച്ചത്. കമ്പനികൾക്കും നിയമാനുസൃത എസ്റ്റാബ്ലിഷ്‌മെന്റുകൾക്കും തൊഴിൽ നിയമത്തിനു എതിരാകാത്ത നിലയിൽ സ്വന്തം നിലക്ക് ആഭ്യന്തര തൊഴിൽ നിയമാവലി തയ്യാറാക്കാൻ അനുമതി നല്കുന്നുണ്ട്. എന്നാൽ ഈ നിയമാവലി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള നിയമ സ്ഥാപനങ്ങൾ വഴി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."