യു.എസ് സൈന്യം യുദ്ധസജ്ജം: ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ പ്രശ്നത്തില്‍ യു.എസ് സൈന്യം സര്‍വ സജ്ജരാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗുവാമിലെ അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കുമെന്ന ഉത്തര കൊറിയയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ട്രംപ് രംഗത്തുവന്നത്. പൂര്‍വേഷ്യയില്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്ന നടപടികളാണ് ഇരുരാജ്യങ്ങളും നടത്തുന്നത്.
അമേരിക്കക്കെതിരേ ദോഷകരമായി എന്തെങ്കിലും ചെയ്താല്‍ ഉത്തര കൊറിയ വളരെയേറെ പേടിക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രം നേരിട്ടിട്ടുള്ള വലിയ ഭവിഷ്യത്താകും അവര്‍ നേരിടേണ്ടിവരിക. തങ്ങളുടെ സൈന്യം സര്‍വസജ്ജരാണ്. എന്നാല്‍ കിം ജോങ് ഉന്‍ യുദ്ധത്തിന്റേതല്ലാത്ത പാത സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമിച്ചാല്‍ ആണവയുദ്ധമെന്ന സൂചനയാണ് ട്രംപ് നല്‍കിയതെന്ന് യു.എസ് മാധ്യമങ്ങള്‍ നിരീക്ഷിച്ചു.
അതിനിടെ, വീണ്ടുമൊരു കൊറിയന്‍ യുദ്ധമുണ്ടായാല്‍ അത് മഹാവിപത്താകുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഉത്തര കൊറിയയും യു.എസും നടത്തുന്ന വാക് പോര് സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ വിപത്തിനാകും യുദ്ധം വഴിയൊരുക്കുകയെന്നും മുന്‍ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനിടെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ പ്രസ്താവന സമാധാന ത്തിന് ഊന്നല്‍ നല്‍കുമെന്ന വിധത്തിലാണ്. എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്നും എന്നാല്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയുമായും നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ജിം മാറ്റിസ് കാലിഫോര്‍ണിയയില്‍ പറഞ്ഞു. യുദ്ധം വിപത്താണ്. അതിലേക്ക് നീങ്ങാതെ നോക്കുകയാണ് ചെയ്യേണ്ടതെന്നും ജിം മാറ്റിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."