ഇന്തൊനേഷ്യയിലെ സുനാമി: മരണസംഖ്യ 220 ആയി, 800 പേര്‍ക്ക് പരുക്ക്
ജക്കാര്‍ത്ത: മുന്നറിയിപ്പില്ലാതെ ഇന്തൊനേഷ്യയെ പിടിച്ചുകുലുക്കിയെത്തിയ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 220 ആയി. 800 പേര്‍ക്ക് പരുക്കേല്‍ക്കുകയും 28 പേരെ കാണാതാവുകയും ചെയ്തു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സാധാരണയുണ്ടാകാറുള്ള പ്രകൃതിദുരന്ത മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അപകട തീവ്രത വര്‍ധിപ്പിച്ചു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാലാണിത്. ചില ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്തിപ്പെടാനായിട്ടില്ലെന്നും ഇന്തോനേഷ്യന്‍ ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് പറഞ്ഞു.
സംഭവത്തില്‍ പാന്തഗ്ലാങ്, സെറങ്, ദക്ഷിണ ലാമ്പങ് എന്നീ പ്രവിശ്യകളിലാണ് കൂടുതല്‍ മരണവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാന്തഗ്ലാങ്ങില്‍ മാത്രം 160പേര്‍ മരിച്ചതായാണ് കണക്ക്. ജാവയിലെ പ്രധാന ടൂറിസം ഏരിയയായ ഇവിടെ വിനോദസഞ്ചാര ബീച്ചുകളും നിരവധി പാര്‍ക്കുകളുമുണ്ട്. സുമാത്രയിലെ ദക്ഷിണ ലാമ്പങ്ങില്‍ 48 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. സുമാത്രയിലെ തന്നെ സെറങ്ങിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."