HOME
DETAILS

തകര്‍ക്കപ്പെടേണ്ട മതില്‍ക്കെട്ടുകള്‍

  
backup
December 23 2018 | 18:12 PM

sidheeq-nadvi-cherur-todays-article-24-12-2018

സിദ്ദീഖ് നദ്‌വി ചേരൂര്‍#

 

കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാളികളുടെ മനോവ്യാപാരം ശബരിമലയില്‍ കയറിയിറങ്ങി വനിതാ മതിലില്‍ തട്ടി ഉടക്കി നില്‍ക്കുകയാണ്. മറ്റു ദേശീയ, അന്തര്‍ ദേശീയ വിഷയങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കാന്‍ മാത്രം നമ്മുടെ അകത്തെ പ്രശ്‌നങ്ങള്‍ നമ്മെ അടക്കി ഭരിക്കുകയാണ്. വലിയ സാക്ഷരതയും പ്രബുദ്ധതയും അവകാശപ്പെടുന്ന മലയാളി അകമേ എത്ര സങ്കുചിതമായും ഏകപക്ഷീയമായും ഉപരിപ്ലവമായുമാണ് കാര്യങ്ങളെ കാണുന്നതും വിലയിരുത്തുന്നതുമെന്ന് മനസ്സിലാക്കാന്‍ അധികം പിറകോട്ട് സഞ്ചരിക്കേണ്ടതില്ല, ഈയിടെയുണ്ടായ ചില സംഭവ വികാസങ്ങളും അവയോടു മലയാളി പ്രതികരിച്ച രീതിയും മാത്രം വീക്ഷിച്ചാല്‍ മതി.
രാഷട്രീയം, മതം, ജാതി ഇവ വിട്ടു നമുക്ക് കളിയില്ല. അതിനാല്‍ ന്യായാന്യായങ്ങളും ശരിതെറ്റുകളും തീരുമാനിക്കാന്‍ നമുക്ക് നമ്മുടേതായ മാനദണ്ഡങ്ങളുണ്ട്. പൗരാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം, ഭരണഘടനാ പ്രതിബദ്ധത, ജുഡിഷ്യറിയോട് മതിപ്പ് ഇതൊക്കെ നാം ഇടവിടാതെ മുഴക്കുന്ന മന്ത്രങ്ങളാണ്. എന്നാല്‍, എത്ര പെട്ടെന്നാണ് നാം നിലപാടുകളില്‍ മലക്കം മറിയുന്നത് നമ്മുടെ സ്വന്തം പാര്‍ട്ടിയുടെയോ മതത്തിന്റെയോ ജാതിയുടെയോ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി വന്നാല്‍ ജുഡിഷ്യറിയോടു നമുക്കു പുച്ഛമാണ്. ഭരണഘടന നമുക്ക് വിലങ്ങുതടിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം നമുക്ക് അധികപ്പറ്റാണ്.
സ്ത്രീപുരുഷ സമത്വവാദം പലരെയും ഹരം പിടിപ്പിക്കുന്ന വിഷയമാണ്. എല്ലാ മേഖലകളിലും ലിംഗസമത്വം വേണമെന്നാണ് വാദം. സമത്വമല്ല, നീതിയാണ് വേണ്ടതെന്ന് തിരുത്തിയാല്‍ പലരും കേട്ട ഭാവം നടിക്കില്ല. നമ്മുടെ സര്‍ക്കാരുകളും ജുഡിഷ്യറിയും സാംസ്‌കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം സമത്വത്തിന് ആക്കം കൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മത്സരത്തിലാണ്.
അതിനായി നാം നിയമനിര്‍മാണസഭകളില്‍ സംവരണം ഏര്‍പെടുത്തി. തല്‍കാലം അതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. നിയമസഭകളിലും പാര്‍ലമെന്റിലും കൂടി അതു വ്യാപിപ്പിക്കാനുള്ള ബില്‍ പത്തു വര്‍ഷത്തിലധികമായി കോള്‍ഡ് സ്റ്റോറേജിലാണ്. സ്ത്രീകളെ അതിനു പറ്റില്ലെന്ന് കരുതിയാണോ അതോ അവര്‍ കടന്നുവന്നാല്‍ അവിടങ്ങളിലെ തങ്ങളുടെ അവസരങ്ങളും മേധാവിത്വവും നഷ്ടപ്പെടുമെന്ന് ഭയന്നാണോ എന്നറിയില്ല, മിക്ക രാഷട്രീയ പാര്‍ട്ടികള്‍ക്കും ആ ബില്‍ നിയമമാക്കുന്നതിനോട് മനസാ യോജിപ്പില്ല. പക്ഷെ പുറത്തു പറഞ്ഞാല്‍ പ്രശ്‌നം 'അകത്തു'നിന്നു തുടങ്ങുമോ എന്ന പേടി.
ലോകതലത്തില്‍ പൊതുരംഗത്ത് സ്ത്രീകള്‍ ഇന്ത്യയേക്കാള്‍ സജീവമായ പല രാജ്യങ്ങളുണ്ട്. അവിടങ്ങളിലൊന്നും സംവരണത്തിലൂടെയല്ല അവര്‍ ആ സാഹചര്യം നേടിയെടുത്തതെന്ന വസ്തുത ഇവര്‍ അറിയാത്തതല്ല. ഇന്ത്യയില്‍ വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ സ്ത്രീകളുടെ മുന്നേറ്റവും സംവരണത്തിന്റെ പിന്‍ബലത്തിലല്ല. അത് മറ്റൊരു വിഷയം.
ഇപ്പോള്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനു പുരുഷന്‍മാരെ പോലെ തുല്യാവസരം നല്‍കണമെന്ന സുപ്രിം കോടതി വിധിയാണ് പുതിയ കോലാഹലങ്ങള്‍ക്കു തിരികൊളുത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര സര്‍വീസില്‍ നിന്ന് പിരിയാന്‍ നേരത്ത് പുറപ്പെടുവിച്ച ഏതാനും വിവാദ വിധികളിലൊന്നാണിത്. വിധി വന്ന ഉടന്‍ മിക്ക സംഘടനകളും നേതാക്കളും അതിനെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്തു. ഹൈന്ദവ സംഘടനകളടക്കം വിധി, വിപ്ലവാത്മകവും ചരിത്രപരവുമെന്ന് വിശേഷിപ്പിച്ചു രംഗത്തു വന്നു. കാരണം സ്ത്രീകളെ പുരുഷനോടൊപ്പം സമത്വത്തിലേക്ക് നയിക്കുന്ന നീക്കം ആര്‍ എവിടെ നടത്തിയാലും അതിനെ ആവേശപൂര്‍വം സ്വാഗതം ചെയ്യുന്നതാണ് നമ്മുടെ വാര്‍പ്പു മാതൃക. അതിലെ ശരി തെറ്റുകളെപ്പറ്റിയൊന്നും ആലോചിച്ചു സമയം കളയാന്‍ പറ്റില്ല.
പിന്നെയാണ് ഇത് ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും എതിരാണെന്ന് ചിലര്‍ കണ്ടെത്തിയത്. അതോടെ പലരും കളം മാറ്റിച്ചവിട്ടി. വിധിയില്‍ പുരോഗമനം കണ്ടെത്തിയ സി.പി.എം അതു നടപ്പാക്കാനുള്ള അമിതാവേശത്തിലായി. അതിനായി അവര്‍ സടകുടഞ്ഞെഴുന്നേറ്റു. സുപ്രിം കോടതി വിധിച്ചത് എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും സന്നിധാനത്തു പോകാമെന്നാണ്. അഥവാ അതിന് അനുകൂല സാഹചര്യം അവര്‍ക്കും ലഭിക്കണമെന്ന്. പ്രത്യേക പ്രായക്കാരായ സ്ത്രീകളോട് ഇക്കാര്യത്തില്‍ പ്രത്യേക വിവേചനം ഉണ്ടാകരുതെന്ന്.
എന്നാല്‍, ഇടതുസര്‍ക്കാര്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും അവിടെ പോകണമെന്ന് അതിന് അര്‍ഥം വച്ചു. അങ്ങനെ സ്ത്രീകളെ അങ്ങോട്ടയച്ചേ തീരൂ എന്ന വാശിയിലെത്തി. അതിനു വേണ്ട സന്നാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഒരുക്കി. ഇത് തന്ത്രിമാരെയും രാജകുടുംബാംഗങ്ങളെയും വിശ്വാസികളെയും പ്രകോപിപ്പിച്ചു.
ആരും ഒരു പൂജാകേന്ദ്രത്തിലേക്കും പോകരുതെന്ന് സിദ്ധാന്തിക്കുന്ന, മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ഒരു സമൂഹസൃഷ്ടിക്കായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, സ്ത്രീകളെ ശബരിമലയില്‍ അയച്ചേ അടങ്ങൂ എന്ന് ശഠിക്കുന്നത് കാണുമ്പോള്‍ ഇപ്പുറത്തും വാശി കയറുക സ്വാഭാവികമാണല്ലോ. അതിന്റെ പിന്നിലെ ഉദ്ദേശ്യം അത്ര നിഷ്‌കളങ്കമല്ലെന്നു മനസിലാക്കാന്‍ 'ചിന്ത'കക്ഷത്തു വയ്ക്കണമെന്നില്ലല്ലോ.
ഇതുതന്നെ പറ്റിയ അവസരമെന്നു കരുതി സംഘ്പരിവാറും രംഗത്തുവന്നു. കേന്ദ്രത്തില്‍ 'റാം ജന്‍മഭൂമി' മന്ത്രം ജപിച്ച് അധികാരത്തിലേക്ക് കുറുക്കുവഴി തേടുന്നതു പോലെ ഇവിടെ അയ്യപ്പ ശരണം മുഴക്കി ഭരണസാധ്യതയ്ക്ക് ആക്കം കൂട്ടാന്‍ കഴിയുമോ എന്നായി അവരുടെ ചിന്ത. അങ്ങനെ അവര്‍ പഴയ നിലപാടുകളെല്ലാം തിരുത്തി. രാഷ്ട്രീയ ശരണത്തിനായി അവര്‍ സന്നിധാനത്ത് തമ്പടിച്ചു. കോടതി, ദര്‍ശനപുണ്യം നേടാന്‍ താല്‍പര്യപ്പെട്ടു വരുന്ന സ്ത്രീകളെ തടയരുതെന്നാണ് പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഞങ്ങള്‍ അവരെ തടയുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. അവര്‍ നിയമം കൈയിലെടുത്തു. തങ്ങള്‍ക്ക് ഒരധികാരവും ഇല്ലാത്ത കാര്യമാണവര്‍ ചെയ്യുന്നതെന്ന് അവരെ ഓര്‍മിപ്പിക്കാന്‍ ആരും രംഗത്തുണ്ടായില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണല്ലോ. അതിനെ കായികമായി നേരിടാനും പിന്തിരിപ്പിക്കാനും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ അവരുടെ പരിവാരങ്ങള്‍ക്കോ ആര്‍ അധികാരം നല്‍കി
അതേസമയം നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലിസിനെ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ എങ്ങനെയെങ്കിലും ചിലരെ കടത്തിവിട്ടു തങ്ങള്‍ മതാചാരങ്ങള്‍ തച്ചുടച്ചെന്നും സ്ത്രീകള്‍ക്ക് തുല്യാവകാശം നേടിക്കൊടുത്തുവെന്നുമുള്ള ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള തത്രപ്പാടിലായി. ഒപ്പം മത നിര്‍മാര്‍ജനമെന്ന തങ്ങളുടെ ദീര്‍ഘകാല അജണ്ടയിലേക്ക് നടന്നടുക്കാമെന്ന വ്യാമോഹവും ഉള്ളില്‍ തികട്ടി വന്നു.
ആകെക്കൂടി കേരളം കുരുതിക്കളമായി. ദൈനംദിന ജീവിതം താറുമാറായി. ക്രമസമാധാനം തകര്‍ന്നു. മാസങ്ങള്‍ക്കു മുമ്പ് മാത്രം ഒരു വലിയ പ്രളയ ദുരന്തം നേരിട്ട സംസ്ഥാനം ആ ദുരിതങ്ങളില്‍ നിന്ന് കരകയറാനുള്ള കഠിനാധ്വാനത്തിലേര്‍പെടേണ്ട വിലപ്പെട്ട സമയം അനാവശ്യമായ രാഷ്ട്രീയ കോലാഹലങ്ങളിലും ഏറ്റുമുട്ടലുകളിലുമായി വൃഥാവിലായി. തങ്ങള്‍ പുരോഗമന വാദികളാണെന്ന മേനിയില്‍ സ്ത്രീകളുടേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെയും വോട്ടുകള്‍ തട്ടാനുള്ള ഭരണകക്ഷികളുടെ കുടില താല്‍പര്യം പ്രകടിപ്പിക്കാനുള്ള അവസരമായി ശബരിമല പ്രശ്‌നത്തെ മാറ്റിയതാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം വലിയൊരളവു വരെ നിമിത്തമായതെന്ന് പൊതുവെ ജനങ്ങള്‍ വിലയിരുത്തി.
അതുപോലെ വര്‍ഷങ്ങളായി പല തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റിയിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്ന ബി.ജെ.പി, ശബരിമലയില്‍ കയറി അധികാരത്തിന്റെ ശ്രീകോവില്‍ സാന്നിധ്യമുറപ്പിക്കാന്‍ നടത്തിയ ഹീനശ്രമങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമാവുക വഴി അവരും പരിഹാസ്യരായി. അടിക്കടി നിലപാടുകള്‍ മാറ്റിയും അഭിപ്രായങ്ങള്‍ തിരുത്തിയും അനാവശ്യമായ ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിച്ചും സംഘ്പരിവാര്‍ കളിച്ച ശബരിമല നാടകം രാഷ്ട്രീയമായി തങ്ങള്‍ക്കു വലിയ ബാധ്യതയും തിരിച്ചടിയുമായെന്ന് ബോധ്യപ്പെടാന്‍ പോകുന്നതേയുള്ളൂ. സമരങ്ങളും ഹര്‍ത്താലുകളും ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത് അയ്യപ്പഭക്തരെയായിരുന്നുവെന്നത് പലരും അനുഭവിച്ചറിഞ്ഞ സത്യമാണല്ലോ.
ഈ സങ്കീര്‍ണതകള്‍ക്കെല്ലാം ഇടയിലാണ് ഒരു വന്‍മതിലായി ഇടതു സര്‍ക്കാരിന്റെ വനിതാ മതില്‍ പ്രഖ്യാപനം കേരളീയാന്തരീക്ഷത്തില്‍ മുഴച്ചു നിന്നത്. നവോത്ഥാനം സാധ്യമാക്കാനാണത്രെ മതില്‍ നിര്‍മാണം. വിവേചനത്തിന്റെയും അസമത്വത്തിന്റെയും എല്ലാതരം മതില്‍ക്കെട്ടുകളും അടിച്ചുതകര്‍ത്തു നിരപ്പാക്കിയാണ് സമത്വവും സ്വാതന്ത്ര്യവും സാധ്യമാവുകയെന്നാണ് നാം ഇതുവരെ ധരിച്ചുവച്ചിരുന്നത്. ഇവരൊക്കെ പറഞ്ഞു പഠിപ്പിച്ചിരുന്നതും അങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ മതില്‍ കെട്ടി നവോത്ഥാനം സാധ്യമാക്കുന്ന വിദ്യ കൂടി നാം മനസിലാക്കാന്‍ പോകുകയാണ്.
അതുപോലെ കേരളീയ നവോത്ഥാനമെന്നത് ഇവിടത്തെ വ്യത്യസ്ത വിഭാഗങ്ങള്‍ സ്വന്തം നിലയ്ക്കും കൂട്ടായും നേടിയെടുത്തതാണ്. ഓരോ വിഭാഗത്തിലെയും പരിഷ്‌കര്‍ത്താക്കളും അവര്‍ക്കു ചെവികൊടുത്ത അനുയായികളും കൂട്ടായി നേടിയ പരിഷ്‌കാരങ്ങളിലൂടെയാണ് നമ്മുടെ നവോത്ഥാനം പുലര്‍ന്നത്. വ്യക്തികളിലൂടെയാണ് സമൂഹം രൂപപ്പെടുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ സമൂഹത്തിന്റെ ആണിക്കല്ലുകളാണ്. അതില്‍ ഏതെങ്കിലും വിഭാഗത്തെയോ അതിലെ ഏതെങ്കിലും ജാതികളെയോ മാത്രം തെരഞ്ഞുപിടിച്ചു നവോത്ഥാനത്തിന്റെ നായകപ്പട്ടം അണിയിക്കുന്നത് അന്യായവും ദുരുപദിഷ്ടവുമാണ്. പ്രത്യേകിച്ച് ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാകുമ്പോള്‍.
ഇനി ശബരിമലയുമായി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ അതിനു പറ്റിയ ടൈറ്റില്‍ നല്‍കാമായിരുന്നു. നവോത്ഥാനം പോലുള്ള സാമാന്യ പദം നല്‍കി ചില വിഭാഗങ്ങളെ മാത്രം കെട്ടിയെഴുന്നള്ളിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാണ് വരുത്തുക. മറുവിഭാഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാവുക സ്വാഭാവികമാണ്. അതൊക്കെ കണ്ടറിഞ്ഞ് എല്ലാവരേയും വിശ്വാസത്തിലെടുത്തും കൂട്ടിച്ചേര്‍ത്തും മുന്നോട്ടു പോകുന്നതിലാണ് ഒരു സര്‍ക്കാരിന്റെ മിടുക്കു കാണേണ്ടത്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ സര്‍ക്കാര്‍ കാണിക്കുന്നതു ഭൂഷണമല്ല.
സ്ത്രീപുരുഷ സമത്വം ഉദ്‌ഘോഷിക്കുന്നവര്‍ സ്ത്രീകളെ മാത്രം ഒറ്റതിരിച്ചു നിര്‍ത്തി മതില്‍ പണിയുന്നതിന്റെ ലോജിക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. വര്‍ഗസമരത്തിന്റെ പേരില്‍ തൊഴിലാളി, മുതലാളി വര്‍ഗങ്ങള്‍ തമ്മില്‍ ശീതസമരം ഇളക്കിവിട്ടവര്‍ സ്ത്രീപുരുഷ വിഭാഗങ്ങള്‍ തമ്മില്‍ വൈരവും കിടമത്സരവും സൃഷ്ടിച്ചു കുടുംബ, സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനുള്ള പുറപ്പാടാണോ
എല്ലാ ജാതിമത വിഭാഗങ്ങളും സ്ത്രീപുരുഷന്‍മാരും ഒന്നിച്ചണിനിരന്ന് ഐക്യത്തിന്റെയും ഒരുമയുടെയും വന്‍മതില്‍ പണിയാനാണ് പദ്ധതിയെങ്കില്‍ അതെത്ര ശുഭകരവും ക്രിയാത്മകവുമായ സന്ദേശമായിരുന്നു ലോകത്തിന് നല്‍കുക. അതിനു മാത്രം ദൂരക്കാഴ്ചയും ഹൃദയവിശാലതയുമുള്ള ഭരണാധികാരികളെ ലഭിക്കണമെന്ന് നമുക്ക് ആശിക്കാനല്ലേ കഴിയൂ.
നിര്‍ബന്ധിച്ചും ആട്ടിത്തെളിച്ചും കുറേ സ്ത്രീകളെ തെരുവിലിറക്കി ഇത്തിരി സമയം പൊരിവെയിലത്ത് നിര്‍ത്തി മതില്‍ പണിതതു കൊണ്ടു മാത്രം പുലരുന്ന പ്രതിഭാസമാണോ നവോത്ഥാനം ആദ്യം മനസിനുള്ളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ജാതീയതയുടെയും വര്‍ഗീയതയുടെയും മതില്‍ക്കെട്ടുകള്‍ തച്ചുതകര്‍ക്കുക. സഹിഷ്ണുതയുടെയും മാനവിക സ്‌നേഹത്തിന്റെയും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക. അതിരുകളില്ലാത്ത, മതിലുകളില്ലാത്ത, ചങ്ങലകളില്ലാത്ത ലോകം സ്വപ്നം കാണാന്‍ പഠിപ്പിച്ചവര്‍ ഇടയ്ക്കു കയറി മതില്‍ക്കെട്ടുകള്‍ പണിയാന്‍ ഓടിനടക്കുന്നത് വിരോധാഭാസമല്ലേ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  13 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago