നവോത്ഥാന വീഥിയിലെ മമ്പുറം തങ്ങളും ടിപ്പുസുല്‍ത്താനും
നാസര്‍ ഫൈസി കൂടത്തായി#
9447338246
മമ്പുറം അലവി തങ്ങള്‍ ഒരു യുഗത്തിന്റെ നവോത്ഥാന നായകനായിരുന്നു. മതസൗഹാര്‍ദത്തിനും ദേശീയതയ്ക്കും ജാതിനിര്‍മൂലനത്തിനുമായി മമ്പുറം തങ്ങള്‍ ഒരു ആയുസു കാലം നിര്‍വഹിച്ച സേവനം ഒരു യുഗത്തിനു സമര്‍പ്പണമാണ്. മത, വര്‍ഗ, വര്‍ണ, ജാതികള്‍ക്കിടയില്‍ സൗഹാര്‍ദത്തിന്റെ നടപ്പാലം ആയിരുന്നു തങ്ങള്‍ .കോന്തു നായര്‍ തങ്ങളുടെ ഗുമസ്തനും കോയന്‍ കുറുപ്പ് തങ്ങളുടെ വീട്ടുപണിക്കാരനും ആയിരുന്നു. കീഴ്ജാതിക്കാരെ അരികുവല്‍കരിക്കുന്നതിനെതിരേ അദ്ദേഹം ശബ്ദിച്ചു. കൃഷിയിലേര്‍പ്പെട്ട കുടിയാന്മാരായ മാപ്പിളമാരുടെയും കീഴ്ജാതിക്കാരുടെയും ആത്മവിശ്വാസവും കരുതല്‍ ധനവുമായിരുന്നത് തങ്ങളുടെ പിന്തുണ യായിരുന്നു. വിത്തിറക്കുമ്പോഴും വിളവെടുക്കുമ്പോഴും അവര്‍ തങ്ങളെ സമീപിച്ചു. കാര്‍ഷിക ജീവിതം നയിച്ചിരുന്ന അടയാള വിഭാഗങ്ങളുടെ അടിസ്ഥാന വിഭാഗത്തിനൊപ്പം നീങ്ങാന്‍ തങ്ങള്‍ തയാറായി . ഹിന്ദുക്കളുടെ വിവാഹങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ആശാരി, കല്ലാശാരി തുടങ്ങിയ തൊഴില്‍മേഖല തങ്ങള്‍ പരിപോഷിപ്പിച്ചു. ജന്മിമാരുടെ ചൂഷണത്തിനു വിധേയരായിരുന്ന ഈഴവരുടെയും മാപ്പിളമാരുടെയും പീഡിത മനസ് അദ്ദേഹത്തില്‍ ഒരു രക്ഷകനെ കണ്ടെത്തിയതായി ചരിത്രത്തില്‍ വായിക്കാം. അതിരൂക്ഷമായ ജാതി വിഭജനവും സാമ്പത്തിക ചൂഷണവും നിലനിന്നിരുന്ന കേരളീയ സാമൂഹികതയില്‍ മാനവിക ചിന്ത, സമത്വബോധം, അചഞ്ചലമായ നീതി വിചാരം എന്നിവ മുറുകെപ്പിടിച്ചാണ് തങ്ങള്‍ ജീവിച്ചത് . പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തിലും നടന്ന പരിഷ്‌കരണങ്ങളാണ് നവോത്ഥാനങ്ങള്‍ ആയി ഇന്നു വിലയിരുത്തുന്നത്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ തന്നെ ഈ പറയപ്പെടുന്ന നവോത്ഥാനം തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മറ്റും ജന്മമെടുക്കുന്നതിനു മുന്‍പ് മമ്പുറം തങ്ങള്‍ ഇതൊക്കെ നിര്‍വഹിച്ചിട്ടുണ്ട് . മമ്പുറം തങ്ങള്‍ ജീവിതം കൊണ്ട് കാണിച്ച കീഴാള ആഭിമുഖ്യമാണ് ഇപ്പോഴും മഖ്ബറ സന്ദര്‍ശിക്കാന്‍ കീഴാളര്‍ തലമുറ മറക്കാതെ ശ്രദ്ധിച്ചു പോരുന്നത്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എഴുതുന്നു: 'ഒരു മതപ്രബോധകന്‍ എന്ന നിലയില്‍ സൂക്ഷ്മ ദൃക്കും കണിശക്കാരനും ആയിരുന്നപ്പോള്‍ തന്നെ ജീവിതശൈലിയിലെ ലാളിത്യവും ജാതിമതഭേദമെന്യേ സര്‍വരോടും സഹാനുഭൂതിയോടെയുള്ള പെരുമാറ്റവും കൊണ്ട് ജനമനസുകളെ വശീകരിക്കാന്‍ അദ്ദേഹത്തിന് ഏറെനാള്‍ വേണ്ടിവന്നില്ല. വിവിധ ജാതിമതസ്ഥരുമായി അദ്ദേഹം സ്ഥാപിച്ച മൈത്രീബന്ധം സാമൂഹികമായ ഒരു ദീര്‍ഘദര്‍ശിത്വത്തിന് തെളിവായി ചൂണ്ടിക്കാട്ടാവുന്നതാണ്. മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നാടന്‍ പാട്ടുകളില്‍ മമ്പുറം തങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ഉദാഹരണം '( മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അധിനിവേശവിരുദ്ധ ചരിത്രത്തിലെ നിത്യസാന്നിധ്യം: പേജ് 81)
മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്ത് കളിയാട്ടമുക്ക് കളിയാട്ടം എന്ന പേരില്‍ ഹരിജനങ്ങള്‍ വര്‍ഷംതോറും നടത്തുന്ന ഉത്സവത്തിന് ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്ന തിയതി മമ്പുറം തങ്ങള്‍ കുറിച്ചുകൊടുത്തതാണ്. അത് ഇന്നും തുടരുകയാണ്. 1888ലെ അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത് നവോത്ഥാനത്തിന്റെ ഉത്തുംഗതയില്‍ കാണുന്നവര്‍ മമ്പുറം തങ്ങള്‍ നടത്തിയ അതിനുമുമ്പേയുള്ള ഇത്തരം നവോത്ഥാനത്തെ കാണാതെപോകുന്നത് ചരിത്രത്തെ വിസ്മരിക്കലാണ്. പ്രമുഖ ചരിത്രകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍കരീം എഴുതുന്നു :'ദലിതര്‍ എന്ന നാമത്തില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന അധഃസ്ഥിതരായ വര്‍ഗത്തെ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തുന്നതില്‍ മഹാനായ നേതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. മഹാത്മ സയ്യിദ് അലവി തങ്ങളും കുടുംബക്കാരും ദലിത് വര്‍ഗക്കാരുടെ ഉദ്ധാരകരായിരുന്നു. എല്ലാവിഭാഗം ഹൈന്ദവര്‍ക്കിടയിലും ഉണ്ടായിരുന്ന കക്ഷി വഴക്കുകളും നിഷ്പക്ഷമായി മധ്യസ്ഥ്യം വഹിച്ച് തീര്‍ക്കുന്നതും ഐക്യം ഊട്ടി ഉറപ്പിക്കുന്നതും തങ്ങളവര്‍കളുടെ പതിവായിരുന്നു.'' ( മലബാറിലെ രത്‌നങ്ങള്‍ പേജ് 19 )
ബ്രിട്ടീഷ്, ജാതി, ജന്മി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കിയ കൃതിയാണ് തങ്ങളുടെ സൈഫുല്‍ബത്താര്‍. എന്നാല്‍ പ്രസംഗപീഠത്തിലും പുസ്തകത്താളുകളിലും മറഞ്ഞിരുന്ന് യുദ്ധാഹ്വാനം മുഴക്കുന്ന ഒരു നേതാവിനു പകരം യുദ്ധമുഖത്തു നേരിട്ട് ഇടപെട്ട് യുദ്ധം നയിക്കുകയായിരുന്നു തങ്ങള്‍. ചേറൂര്‍ പടയിലേറ്റ മുറിവാണ് ആ നവോത്ഥാന നായകന്റെ നിര്യാണത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. അലവി തങ്ങളുടെ പിന്തുടര്‍ച്ചയില്‍ കൂടുതല്‍ പരിഷ്‌കരണവും സാമ്രാജ്യത്വ വിരുദ്ധവുമായാണ് സയ്യിദ് ഫസല്‍ തങ്ങള്‍ നിലകൊണ്ടത്.
ടിപ്പു സുല്‍ത്താന്‍
നീതി നിര്‍വഹണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ശൈലിയിലും സ്വഭാവത്തിലും കര്‍ശനമായിരുന്നു എങ്കില്‍പോലും ഹൈദരലിയും ടിപ്പുസുല്‍ത്താനും മതനിരപേക്ഷതയിലും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിലും അടിസ്ഥാനവര്‍ഗത്തെ സമുദ്ധരിക്കുന്നതിലും പിന്നാക്ക ജനവിഭാഗത്തിന് അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും സ്ത്രീവിമോചനത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.
ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അഭീഷ്ടങ്ങള്‍ക്കൊത്ത് മതവിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന അവസ്ഥയായിരുന്നു കേരളത്തില്‍. ക്രോഡീകരിച്ച നിയമമോ ചട്ടമോ ഇല്ലാതെ ബ്രാഹ്മണ പണ്ഡിതന്മാര്‍ അപ്പപ്പോള്‍ കല്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കൊത്ത് മതവിധികള്‍ തീര്‍പ്പു കല്‍പ്പിക്കപ്പെട്ടു. ശൂദ്രസ്ത്രീകള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടു. നമ്പൂതിരിമാര്‍ അടങ്ങുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്കു നായര്‍ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കാനുള്ള ഉപായമായി സംബന്ധം എന്ന വിചിത്രമായ ആചാരവും ഉണ്ടായിരുന്നു. ഈ സമ്പ്രദായത്തിന്റെ പരിണിതഫലമായി ബഹുഭര്‍തൃത്വവും മരുമക്കത്തായവും പിറവിയെടുത്തു. ഒരു സ്ത്രീക്ക് എത്രയധികം പുരുഷന്മാരുമായി ബന്ധമുണ്ടോ അത്രകണ്ട് മാന്യമായിട്ടാണ് ജനങ്ങള്‍ അവളെ കരുതിയിരുന്നത്. പ്രഭു ഭവനങ്ങളിലെ സ്ത്രീകള്‍ ഓരോരുത്തരും അവരവരുടെ ഭര്‍തൃ സമൂഹത്തില്‍ ഇത്ര ബ്രാഹ്മണരും ഉള്‍പെടുന്നു എന്നു പറഞ്ഞ് അഭിമാനിച്ചിരുന്നു. മരുമക്കത്തായം മൂലം അതിവിചിത്രമായ പിന്തുടര്‍ച്ചാവകാശ ക്രമവും പിതൃപുത്ര ബന്ധവുമാണ് നിലവിലുണ്ടായിരുന്നത്. ഈ അനാചാരങ്ങള്‍ക്കൊപ്പം മറ്റൊരു അശ്ലീല നിയമവും ബ്രാഹ്മണര്‍ കേരളത്തില്‍ നടപ്പിലാക്കി .സ്ത്രീ ശരീരത്തിന്റെ മേല്‍ഭാഗം മറയ്ക്കാന്‍ പാടില്ലെന്നും ബ്രാഹ്മണ സ്ത്രീകള്‍ അല്ലാതെ പാതിവ്രത്യം ദീക്ഷിച്ചു കൂടാ എന്നുമായിരുന്നു അത്.
ഇബ്‌നു ബത്തൂത്ത എഴുതുന്നു: ' മലബാറിലെ ഹിന്ദുക്കള്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പണക്കാരനും പണിക്കാരനും വകഭേദമില്ലാതെ ഒരുപോലെ അര്‍ധനഗ്‌നത പാലിക്കുന്നവരാണ്. അരയ്ക്കു ചുറ്റും കച്ചകെട്ടുന്നു എന്നല്ലാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളും മറയ്ക്കാറില്ല '.
മതവിശ്വാസത്തിന്റെ മറവില്‍ നടത്തപ്പെട്ട ഇത്തരം അനാചാരങ്ങള്‍ക്കും അസാന്മാര്‍ഗികതയ്ക്കും വിരുദ്ധമായി ടിപ്പുസുല്‍ത്താന്‍ കര്‍ശനമായ നിലപാടെടുത്തു. 1785ല്‍ ടിപ്പു മലബാര്‍ ഗവര്‍ണര്‍ക്കയച്ച കത്ത് അതാണ് വെളിവാക്കുന്നത്. ടിപ്പു എഴുതി: മലബാറിലെ ചില സ്ത്രീകള്‍ മാറുമറയ്ക്കാതെ നടക്കുന്നതു കണ്ടപ്പോള്‍ എനിക്കു വേദന തോന്നി. ആ കാഴ്ച വെറുപ്പും ഹൃദയ ചിന്തയ്ക്കു കോട്ടവും വരുത്തുന്നു. സന്മാര്‍ഗ ചിന്തയ്ക്കു തീര്‍ച്ചയായും അത് എതിരാണ്. ഈ സ്ത്രീകള്‍ ഒരു പ്രത്യേക മതത്തില്‍പെട്ടവരാണെന്നും അവരുടെ ആചാരമനുസരിച്ച് മാറ് മറയ്ക്കാന്‍ പാടില്ലെന്നും നിങ്ങള്‍ എന്നോടു വിശദീകരിച്ചു. ഞാന്‍ അതേപ്പറ്റി ആലോചിക്കുകയായിരുന്നു. വളരെക്കാലത്തെ ആചാരം ആയതുകൊണ്ടാണോ അതോ ദാരിദ്ര്യം കൊണ്ടാണോ അവര്‍ അങ്ങനെ ചെയ്യുന്നത്. ദാരിദ്ര്യം കൊണ്ടാണെങ്കില്‍ അവരുടെ സ്ത്രീകള്‍ക്കു മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ട സാധനങ്ങള്‍ നിങ്ങള്‍ അവര്‍ക്കു നല്‍കണം. കാലപ്പഴക്കമുള്ള ആചാരമാണെങ്കില്‍ അവരുടെ സമുദായനേതാക്കളില്‍ പ്രേരണ ചെലുത്തി അതില്ലാതാക്കാന്‍ ശ്രമിക്കണം. അവരുടെ മത ചിന്തയ്ക്ക് ഒരു തരത്തിലും കോട്ടം തട്ടാത്ത വിധം സൗഹാര്‍ദപരമായി ഉപദേശിക്കണം'. ബഹുഭര്‍തൃത്വത്തെ ടിപ്പു ഇല്ലാതാക്കി.
സ്ത്രീകളെ ചൂഷണത്തിന് ഉപയോഗിക്കുമെന്നു കണ്ട് വീടുകളില്‍ സ്ത്രീകളെ ജോലിക്കു നിര്‍ത്തുന്നത് ടിപ്പു നിരുത്സാഹപ്പെടുത്തി. എന്നാല്‍ അഗതികളെയും അശരണരെയും സഹായിക്കാനുള്ള ട്രസ്റ്റുകളും സ്ഥാപനങ്ങളും രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ അദ്ദേഹം സ്ഥാപിച്ചു. പാവപ്പെട്ടവരുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതിനു ട്രസ്റ്റ് രൂപീകരിച്ചതായി പ്രൊഫ. മുഹിബ്ബുല്‍ ഹസന്‍ ഖാന്‍ 'ടിപ്പുവിന്റെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
ടിപ്പു സുല്‍ത്താന്‍ നിഷ്‌കൃഷ്ടമായി അനുഷ്ഠിച്ചുപോന്ന സദാചാര സന്മാര്‍ഗ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളില്‍ മനഃപൂര്‍വം കൈകടത്താനുള്ള ചേതോവികാരമായി ഒരിക്കലും ചിത്രീകരിക്കാന്‍ സാധ്യമല്ല.
മുസ്്‌ലിം നവോത്ഥാന നായകന്മാര്‍ സാമൂഹിക പരിഷ്‌കാരം നിര്‍വഹിച്ചതിനും ദേശീയതയെ സംരക്ഷിച്ചതിനും മതേതര ബോധത്തേക്കാള്‍ അവര്‍ക്ക് പ്രചോദനമായത് മതബോധമാണ്. കേരളീയ നവോത്ഥാനത്തില്‍ പങ്കുവഹിച്ച സഹോദരന്‍ അയ്യപ്പന്‍ തന്റെ സംഘടനയ്ക്ക് സാഹോദര്യം എന്നും പത്രത്തിന് സഹോദരനെന്നും പേരിട്ടത് പ്രവാചകന്റെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ടാണത്രെ. പ്രവാചകനോടുള്ള ഈ കടപ്പാട് അദ്ദേഹം തന്റെ മകള്‍ക്ക് അയിഷ എന്ന് നാമകരണം ചെയ്തു പ്രകടിപ്പിച്ചു.
നാരായണ ഗുരുവും അയ്യങ്കാളിയും പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ അതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കഴിഞ്ഞ മുസ്്‌ലിം നവോത്ഥാന നായകരെ വിസ്മരിക്കുന്നതു ശരിയല്ല. ചിലയിടങ്ങളില്‍ മുസ്്‌ലിംകളിലെ നവീന ധാരയെ പോഷിപ്പിച്ചവര്‍ നവോത്ഥാന നായകരായി സ്മരിക്കപ്പെടുന്നതും ചരിത്രബോധമില്ലായ്മയാണ്. മറ്റൊരു ഭാഗത്ത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, ഖാസി മുഹമ്മദ്, മമ്പുറം അലവി തങ്ങള്‍, ഫസല്‍ തങ്ങള്‍, ടിപ്പു സുല്‍ത്താന്‍, ഉമര്‍ഖാസി (റ: ഉം) തുടങ്ങിയവര്‍ സാമ്രാജ്യത്വവിരുദ്ധരും പരിഷ്‌കര്‍ത്താക്കളുമായി ഇപ്പോള്‍ ചില ഉല്‍പത്തിഷ്ണുക്കള്‍ സെമിനാറുകളില്‍ അവരോധിക്കുമ്പോള്‍ അവര്‍ നിര്‍വഹിച്ച ആത്മീയ വിപ്ലവത്തെ തള്ളിപ്പറയുകയും അവയെ ശിര്‍ക്കും കുഫ്‌റുമായി ചിത്രീകരിക്കുകയുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അസി.അമീര്‍ എഴുതി: 'ജാതിമേധാവിത്വത്തിനും ജന്മിത്വത്തിനുമെതിരേ മമ്പുറം തങ്ങന്മാര്‍ നടത്തിയ വീരോചിതമായ പോരാട്ടത്തിനു പ്രചോദനം മതം ആയിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ '(മാധ്യമം 17- 12- 2018)
ഏതാണ് ഈ മത മണ്ഡലം? അത് പരമ്പരാഗതമായ സൂഫി ചര്യയും സുന്നീ ആചാരങ്ങളുമാണ്. അതിനെ തള്ളിപ്പറഞ്ഞ് അവര്‍ സ്ഥാപിച്ച ത്വരീഖത്തും മാലയും മൗലൂദും ശിര്‍ക്കും അനാചാരവുമാക്കി അവരുടെ മതം സമ്മതിക്കപ്പെടുന്നത് എങ്ങിനെ?
കേരള സര്‍ക്കാര്‍ 50 കോടി മുടക്കി നടത്തുന്ന വനിതാ മതില്‍ നവോത്ഥാനത്തിന്റെ പുനരാവിഷ്‌കാരമാക്കുന്നതും അതില്‍ ചരിത്ര വിസ്മരണം നടത്തുന്നതും നീതീകരിക്കാവതല്ല. ശബരിമല യുവതീപ്രവേശത്തെ കേരളീയ നവോത്ഥാന സംരംഭങ്ങളോട് ബന്ധിപ്പിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. രാഷ്ട്രീയ അജന്‍ഡയുണ്ടെന്നു പറയുന്നത് തള്ളിക്കളയാനാകില്ല. അതുകൊണ്ടാണ് നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് വനിതാ മതിലിനോട് സഹകരണം പ്രഖ്യാപിച്ച ശേഷവും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്, ' ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോട് യോജിക്കാനാവില്ല 'എന്ന്. ശബരിമലയില്‍ യുവതിയെ തടയാന്‍ നേതൃത്വം നല്‍കിയ സി. പി സുഗതനെ സമിതിയുടെ വൈസ് ചെയര്‍മാനാക്കിയതും വിരോധാഭാസമാണ്. മതില്‍ കെട്ടുന്ന നായകര്‍ പറയുന്നു ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കരുതെന്ന്. പിന്നെ മതിലെന്തിന്? വനിതാ മതിലും ശബരിമല യുവതീ പ്രവേശവും തമ്മില്‍ ബന്ധമില്ല, നവോത്ഥാനവും വനിതാ മതിലും തമ്മില്‍ ബന്ധമില്ല. നവോത്ഥാനചരിത്രത്തിന്റെ കമ്മ്യൂണിസ്റ്റ് പുനരാവിഷ്‌കാരം ചരിത്രവിസ്മരണവും പക്ഷംചേരലുമാണ്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."