പയ്യന്നൂരില്‍ സി.പി.എം-ബി.ജെ.പി സമാധാന ചര്‍ച്ച നവമാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കും
പയ്യന്നൂര്‍: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനല്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പയ്യന്നൂരില്‍ ഉഭയകക്ഷിയോഗം ചേര്‍ന്നു. കഴിഞ്ഞ അഞ്ചിന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന യോഗതീരുമാന പ്രകാരമാണ് ഇന്നലെ വൈകുന്നേരത്തോടെ പയ്യന്നൂര്‍ കൊറ്റിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ച നടന്നത്. കഴിഞ്ഞ സംഭവങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ഇത്തരം സംഭവങ്ങള്‍ ഇനി ഇല്ലാതിരിക്കാനുള്ള തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ കൈക്കൊണ്ടതെന്നും ഇരു ഭാഗത്തുനിന്നും സമാധാന ശ്രമത്തിന് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കാനും സംഘര്‍ഷ പ്രദേശങ്ങളില്‍ ഇരുപാര്‍ട്ടികളും സമാധാനപരമായ ഇടപെടലുകള്‍ നടത്തുമെന്നും ഇരുവിഭാഗം നേതാക്കളും ഉറപ്പുനല്‍കി. നവമാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചാരണങ്ങള്‍ നിയന്ത്രിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. സി.പി.എം പ്രതിനിധികളായി ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍, കുന്നരു ലോക്കല്‍ സെക്രട്ടറി വി. പ്രമോദ്, വി. നാരായണന്‍, പി. സന്തോഷ് എന്നിവരും ബി.ജെ.പി പ്രതിനിധികളായി ആര്‍.എസ്.എസ് കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹക് എം. തമ്പാന്‍, ജില്ലാ കാര്യവാഹക് പി. രാജേഷ്, സി.കെ രമേശന്‍, മണ്ഡലം പ്രസി. ടി. രാമകൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."