ദര്‍ശനത്തിനെത്തിയ ആദിവാസി നേതാവ് അമ്മിണി എരുമേലിയിലെത്തി മടങ്ങി
കോട്ടയം: ശബരിമല ദര്‍ശനത്തിനായെത്തിയ ആദിവാസി വനിതാ നേതാവ് അമ്മിണി കെ. വയനാട് എരുമേലിയിലെത്തി യാത്ര മതിയാക്കി മടങ്ങി. തങ്ങളെ സംരക്ഷിക്കാന്‍ പൊലിസിനാവില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് മടക്കമെന്ന് അമ്മിണി പറഞ്ഞു. ഇരുമുടിക്കെട്ടുമായാണ് മലയകറാന്‍ ഇവരെത്തിയത്.
44 വയസുള്ള അമ്മിണി ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റാണ്. സംസ്ഥാന കോഡിനേറ്റര്‍ കെ.ടി റെജികുമാറിനൊപ്പമാണ് അമ്മിണി ശബരിമല ദര്‍ശനത്തിനെത്തിയത്. ഇന്നലെ രാവിലെ കോട്ടയത്തെത്തുമെന്ന് അറിയിച്ചിരുന്ന മനിതി സംഘത്തോടൊപ്പം ശബരിമലയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. മനിതി സംഘത്തെ തടയുന്നതിന് കര്‍മസമിതി പ്രവര്‍ത്തകര്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിരുന്നു. ഇതോടെ അമ്മിണിയും സംഘവും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്താതെ പാലായില്‍ നിന്നും യാത്ര ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ പി.പി റോഡില്‍ പൊന്‍കുന്നം ഒന്നാംമൈല്‍ വരെ കാറിലെത്തിയ ഇവരെ സംഘര്‍ഷ സാധ്യത ബോധ്യപ്പെടുത്താന്‍ പൊന്‍കുന്നം പൊലിസ് ശ്രമിച്ചു. പ്രതിഷേധവുമായി കര്‍മസമിതി പ്രവര്‍ത്തകരും എത്തിയതോടെ പൊലിസ് സംരക്ഷണത്തില്‍ പാലായിലേക്ക് ഇവര്‍ മടങ്ങി. അരമണിക്കൂറിനു ശേഷം വീണ്ടും യാത്ര തുടങ്ങി. പ്രതിഷേധക്കാരില്‍ നിന്ന് രക്ഷപ്പെടുത്തി കൂടുതല്‍ പൊലിസിന്റെ അകമ്പടിയോടെ എരുമേലിക്കു പോയി. എന്നാല്‍ പ്രതിഷേധം കനത്തതോടെ യാത്ര എരുമേലിയില്‍ വച്ചു ഉപേക്ഷിച്ചു. തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലിസ് പരാജയപ്പെട്ടെന്നും സംഘ്പരിവാറിനു വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നതെന്നും അമ്മിണി ആരോപിച്ചു.
മലകയറാന്‍ പൊലിസ് സംരക്ഷണം നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ കോട്ടയം ജില്ലാ പൊലിസ് മേധാവിയെ കാണാന്‍ അമ്മിണിയും സഹപ്രവര്‍ത്തകരും എസ്.പി ഓഫിസില്‍ എത്തിയിരുന്നു. എന്നാല്‍, എസ്.പി സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇന്ന് രാവിലെ 11ന് എസ്.പിയെ നേരില്‍ കാണുന്നതിന് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന് എസ്.പിയെ നേരില്‍ കണ്ട് മലകയറുന്നതിന് പൊലിസ് സംരക്ഷണം ആവശ്യപ്പെടുമെന്ന് അമ്മിണിയും സംഘവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."