സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ വഴിതേടി ബി.ജെ.പി
ആദില്‍ ആറാട്ടുപുഴ#
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിക്കാന്‍ വഴിതേടി ബി.ജെ.പി. സമരം 21 ദിവസം പിന്നിട്ടിട്ടും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുന്നതല്ലാതെ ഗുണമൊന്നുമില്ലെന്ന് കണ്ടാണ് സമരം അവസാനിപ്പിക്കാന്‍ വഴിതേടുന്നത്. ഇതിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡുപരോധിച്ചും ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തിയും പൊലിസിനെ പ്രകോപിച്ച് സമരപ്പന്തലില്‍ നിന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യിക്കാന്‍ ഇന്നലെ ശ്രമം നടന്നെങ്കിലും പൊലിസ് സംയമനം പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ ആ ശ്രമങ്ങളെല്ലാം പാഴായി.
ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികളെത്തുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമലയിലേക്ക് സമരം മാറ്റാനും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് തുടങ്ങിയ സമരം മൂന്നാം ദിവസം നിരാഹാരസമരമാക്കി മാറ്റി. നിരാഹാരം തുടങ്ങിയ എ.എന്‍ രാധാകൃഷ്ണന്‍ ഒരാഴ്ചയും അതിന് ശേഷം സമരമേറ്റെടുത്ത സി.കെ പത്മനാഭന്‍ 10 ദിവസവും നിരാഹാരസമരം നടത്തി.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഇരുവരും സമരവേദിയില്‍ സജീവമല്ലായിരുന്നു. മാത്രമല്ല, ബി.ജെ.പി പ്രവര്‍ത്തകരായ പലരും പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് മനസിലാക്കി പാര്‍ട്ടി വിട്ടു. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാസെക്രട്ടറി സിബി സാം തോട്ടത്തില്‍ രാജിവച്ച് പാര്‍ട്ടിക്കെതിരേ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ഇതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നു. സമരപ്പന്തലിനരികെ വേണുഗോപാലന്‍ നായര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അനാവശ്യ ഹര്‍ത്താല്‍ നടത്തിയതിലാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായത്. കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ ഹര്‍ത്താല്‍ നടത്താത്ത പാര്‍ട്ടി കമ്മ്യൂണിസ്റ്റുകാരനായ വേണുഗോപാലന്‍ നായരെ ഏറ്റെടുത്തതും പാര്‍ട്ടിയില്‍ കലഹം സൃഷ്ടിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ സംസ്ഥാന കോര്‍കമ്മിറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ സമരം തുടരുന്ന ശോഭാസുരേന്ദ്രന് പകരം ശ്രീധരന്‍പിള്ള സമരം ഏറ്റെടുക്കാത്തതിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ട്. 21 ദിവസമായി തുടരുന്ന സമരം പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.
ഒരുവരിപ്പാത പൂര്‍ണമായും കൈയേറിയ സമരക്കാര്‍ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."