ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്താല്‍ ദമ്പതികളുടെ സ്ഥലം കൈയേറിയെന്ന് ആരോപണം
കാസര്‍കോട്: ബി.ജെ.പി പ്രവര്‍ത്തകരുടെ സഹായത്തോടെ ദമ്പതികളുടെ സ്ഥലം കൈയേറി ബന്ധു താമസം തുടങ്ങിയെന്ന് ആരോപണം. സ്ഥലത്തുള്ള വീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ സ്ഥലം കൈയേറിയയാളും ബി.ജെ.പി പ്രവര്‍ത്തകരും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നുവെന്നു ദമ്പതികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബന്തടുക്കയിലെ ടി. പ്രഭാകരനെയും ഭാര്യ നിര്‍മ്മലയെയും മക്കളെയുമാണു സ്വന്തം സ്ഥലത്തു കയറി താമസിക്കാന്‍ അനുവദിക്കാതിരിക്കുന്നതെന്നാണു പരാതി. 1984ല്‍ പ്രഭാകരന്‍ വില കൊടുത്തു വാങ്ങിയ സ്ഥലത്താണ് അമ്മാവന്‍ ടി. തമ്പാന്‍ ഷെഡ് കെട്ടി താമസിക്കുന്നതെന്നും സ്ഥലത്തേക്കു കയറാന്‍ വിടുന്നില്ലെന്നുമാണു പരാതി. തമ്പാനെ ദമ്പതികളെ അക്രമിക്കാനും വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചതും പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകാരാണെന്നാണു പ്രഭാകരനും ഭാര്യയും ആരോപിക്കുന്നത്. 2003ല്‍ പ്രഭാകരനും ഭാര്യ നിര്‍മ്മലയും ജോലി ആവശ്യാര്‍ഥം ബംഗളൂരുവിലേക്കു പോകുമ്പോള്‍ സ്ഥലം നോക്കാന്‍ പ്രഭാകരന്റെ അമ്മയുടെ സഹോദരിയെ ഏല്‍പ്പിച്ചിരുന്നതാണ്. ഒരു മകളുടെ ചികിത്സാര്‍ഥം ഏറെക്കാലം ബംഗളൂരുവില്‍ തങ്ങിയ കുടുംബം ഏതാനും നാള്‍മുന്‍പു നാട്ടിലെത്തിയപ്പോഴാണു സ്ഥലം കൈയേറിയ വിവരം അറിയുന്നത്.
തുടര്‍ന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നു സ്ഥലത്തിനും ദമ്പതികള്‍ക്കും പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ടുവെങ്കിലും ബേഡകം പൊലിസ് ഇതേവരെ പൊലിസ് സംരക്ഷണത്തിനു നടപടികള്‍ സ്വീകരിച്ചില്ല.
സ്ഥലം അളന്നു തിട്ടപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ്, ഭീഷണിയെ തുടര്‍ന്നു നടത്താതെ സര്‍വേയര്‍ മടങ്ങി. സ്ഥലം കൈയേറിയ സംഭവം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ദമ്പതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്ഥലം കൈയേറിയാളുടെയും അയാളെ സഹായിക്കുന്നവരുടെയും ഭീഷണി മൂലം മക്കള്‍ ഭയന്നു ബംഗളൂരുവില്‍ നിന്നു നാട്ടിലേക്കു വരുന്നില്ലെന്നും ഒരു തവണ കാസര്‍കോട് നഗരത്തിലൂടെ നടക്കുമ്പോള്‍ കാറു കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്നും ദമ്പതികള്‍ ആരോപിച്ചു. ഒരു തവണ പ്രഭാകരനെ ഒരു സംഘം അക്രമിച്ചപ്പോള്‍ ഭാര്യക്കു ഗുരുതരമായി പരുക്കേറ്റുവെന്നും ഇപ്പോള്‍ ഭാര്യ വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണെന്നും ദമ്പതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."