കണക്കുകൂട്ടലുകള്‍ തെറ്റി; പമ്പയില്‍ 'പൊലിസ് കൂട്ടയോട്ടം'
ടി.എസ് നന്ദു#
പത്തനംതിട്ട: 'മനിതി' പ്രവര്‍ത്തകര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മധുരയ്ക്ക് മടങ്ങിയതിനു പിന്നാലെ പൊലിസ് നിലപാടിനെതിരേ ഉയരുന്നത് രൂക്ഷ വിമര്‍ശനം. യുവതികളുടെ വരവ് മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രതിഷേധം കണക്കിലെടുത്ത് വേണ്ട സുരക്ഷ ഒരുക്കാന്‍ പൊലിസ് തയാറായില്ലെന്നാണ് പ്രധാന വിമര്‍ശനം.
മുന്‍ സംഭവങ്ങള്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. 22ന് യാത്ര തിരിച്ച് 23ന് ശബരിമലയില്‍ എത്തുമെന്ന് നേരത്തേതന്നെ മനിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സുരക്ഷ നല്‍കാമെന്ന് പൊലിസും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അതിനൊത്ത സംവിധാനമൊരുക്കാന്‍ പൊലിസ് തയാറായില്ല. പ്രതിഷേധത്തെപ്പറ്റി പൊലിസ് കണക്കുകൂട്ടലുകള്‍ പാടേ തെറ്റുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇത്രയും പ്രതിഷേധക്കാര്‍ സംഘടിക്കുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നാണ് പമ്പ സ്‌പെഷല്‍ ഓഫിസര്‍ എസ്.പി കാര്‍ത്തികേയന്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
മനിതി സംഘം പമ്പയില്‍ എത്തിയതു മുതല്‍ ഇവരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉയര്‍ന്ന വിവരം പുറത്തു വന്നതോടെ യുവതികളുടെ സുരക്ഷ ഹൈക്കോടതി നിരീക്ഷക സമിതിയുടെ മേല്‍ കെട്ടിവച്ച് തടിയൂരാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. യുവതികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും നിരീക്ഷക സമിതയ്ക്കാണ് അധികാരമെന്നുമാണ് മന്ത്രി പറഞ്ഞത്. സമിതിയുടെ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് തള്ളിക്കൊണ്ട് സമിതി രംഗത്തെത്തി. ക്രമസമാധാന ചുമതല പൊലിസിനാണെന്നും സമിതിയ്ക്ക് നിരീക്ഷണച്ചുമതല മാത്രമേ ഉള്ളുവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി. ഇതോടെ അക്ഷരാര്‍ഥത്തില്‍ പൊലിസ് ആശയക്കുഴപ്പത്തിലായി. അതിനിടെയാണ് ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് 'മനിതി'യെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതും പൊലിസിനെ കുഴക്കി.
ഇത്രയധികം പ്രതിഷേധക്കാര്‍ ശബരിമലയിലും പരിസരത്തും നിലയുറപ്പിക്കുമെന്ന് പൊലിസ് ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അന്‍പതോളം പൊലിസുകാര്‍ മാത്രമാണ് മനിതി പ്രവര്‍ത്തകര്‍ക്കൊപ്പം മലകയറാന്‍ ഉണ്ടായിരുന്നത്. തങ്ങള്‍ക്കുനേരെ ഇരുനൂറോളം പ്രവര്‍ത്തകര്‍ ചീറിയടുത്തതോടെ പകച്ചുപോയ പൊലിസിന് 'തടി രക്ഷിക്കല്‍' ആയിരുന്നു ആദ്യ ജോലി. പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അത്യധ്വാനംതന്നെ വേണ്ടിവന്നു. പൊലിസുകാര്‍ യുവതികളെയും കൂട്ടി ജീവനുംകൊണ്ട് ഓടിയ സമയത്തു പോലും ഒരൊറ്റ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പോലും സ്ഥലത്തെത്താഞ്ഞതും ആക്ഷേപത്തിന് കാരണമായി.
അതേസമയം, സന്നിധാനത്തേക്ക് പുറപ്പെടും മുന്‍പ് പ്രതിഷേധ സാധ്യത സംബന്ധിച്ച് മനിതിയുടെ പ്രധാനി സെല്‍വിയോട് സംസാരിച്ചതായാണ് പൊലിസ് പറയുന്നത്. എന്നാല്‍, പ്രതിഷേധത്തെ നേരിടാന്‍ തയാറെടുത്തെന്ന ഒരു സൂചനയും പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. യുവതികളെത്തിയാല്‍ തടയുന്നതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സന്നിധാനത്തും മറ്റും തമ്പടിക്കുമെന്ന വിവരമുണ്ടായിരുന്നു. മനിതി സംഘത്തെ പമ്പയിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച രാത്രി കട്ടപ്പന പാറക്കടവില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതൊന്നും പൊലിസ് പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. യുവതികളെ തടഞ്ഞതിന് 11 പേരെ അറസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുമ്പോഴും ഇന്നലെ പമ്പയില്‍ പൊലിസിന് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."