പാതയോരത്ത് മുറിച്ചിട്ട മരം കാണാതായി; ഒത്തുകളിയെന്ന് ആരോപണം
ബദിയഡുക്ക: പാതയോരത്ത് പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിന്നു മരങ്ങള്‍ കാണാതായതായി പരാതി. ഇതിനു പിന്നില്‍ ജീവനക്കാരുടെ ഒത്തുകളിയാണെന്നും ആരോപണമുണ്ട്. ചെര്‍ക്കള കല്ലടുക്ക സംസ്ഥാന പാതയോരത്തെ നെക്രാജെക്കു സമീപം ബീജന്തടുക്കയില്‍ മുറിച്ചിട്ടിരുന്ന അക്കേഷ്യാ മരങ്ങളാണു കാണാതായതെന്നു നാട്ടുകാര്‍ പറയുന്നു. അതേ സമയം അതേ കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബദിയഡുക്ക മരാമത്ത് ഓഫിസിന്റെ ചുമതലയുള്ള മഞ്ചേശ്വരം സബ് എന്‍ജിനിയര്‍ പറഞ്ഞു.
ഒരു മാസം മുമ്പു പാതയോരത്തെ അപകടം വിളിച്ചു വരുത്തുന്ന രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്നു ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ മരങ്ങള്‍ നീക്കം ചെയ്തത്. ഇതില്‍ ചിലതാണു രണ്ടു ദിവസം മുമ്പു കാണാതായത്. ഇതു സംബന്ധിച്ചു തദ്ദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ മരം കാണാതായിട്ടുണ്ടെന്നും ബദിയഡുക്ക പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഓഫിസില്‍ നിന്നു മറുപടി ലഭിച്ചുവെങ്കിലും പരാതി നല്‍കേണ്ട എന്‍ജിനിയര്‍ കൈമലര്‍ത്തുകയാണെന്നാണ് ആരോപണം. അതേ സമയം മരം മോഷണം പോയതു സംബന്ധിച്ചു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."