കോഹ്ലിയും കൂട്ടരും സൂക്ഷിക്കുക! ; മെല്‍ബണില്‍ ഓസീസിനെ നയിക്കാന്‍ ഏഴു വയസുകാരന്
മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ ആസ്ത്രേലിയയെ നയിക്കാന്‍ ഏഴു വയസുകാരന് ലെഗ് സ്പിന്നര്‍ വരുന്നു. ആര്‍ച്ചി ഷില്ലര്‍ എന്ന ഏഴു വയസുകാരനെയാണ് ക്രിക്കറ്റ് ആസ്ത്രേലിയ 15 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസീസ് ടീമിന്റെ ഉപനായകനായാണ് കൊച്ചു ഷില്ലറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഷില്ലറുടെ മോഹങ്ങള്‍ക്ക് തടയിട്ടത് അപൂര്‍വമായ ഹൃദ്രോഗമായിരുന്നു.
ജനിച്ച് മൂന്നാം മാസത്തില്‍ തന്നെ കുഞ്ഞ് ഷില്ലറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. ഹൃദയം തുറന്ന ശസ്ത്രക്രിയക്ക് വിധേയനായ ഷില്ലര്‍ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഷില്ലറുടെ ക്രിക്കറ്റ് സ്നേഹം തിരിച്ചറിഞ്ഞ ആസ്ത്രേലിയന്‍ പരിശീലകന് ജസ്റ്റിന് ലാങര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു അവനെ ടീമിനൊപ്പം കൂട്ടുകയായിരുന്നു.
ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് കൊച്ചു ഷില്ലര്‍. ഓസീസ് ടീമിനൊപ്പം നേരത്തെ ഷില്ലര്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു.
ആസ്ത്രേലിയയെ നയിക്കാനാണ് തനിക്ക് താല്പര്യമെന്ന് ഷില്ലര്‍ വ്യക്തമാക്കിയിരുന്നു. കൊച്ചു ഷില്ലറുടെ ഈ മോഹം സാധിച്ചു കൊടുക്കുകയാണ് ക്രിക്കറ്റ് ആസ്ത്രേലിയ. അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലിയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് നഥാന്‍ ലിയോണിന് ഷില്ലര്‍ വാക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."