ഐ ലീഗിനെ 'കൊല്ലാന്‍' നീക്കം; തത്സമയ സംപ്രേഷണം ഇനി നാമമാത്രം
കോഴിക്കോട്: കാല്‍പന്തുകളി ആരാധകരുടെ മനം കവര്‍ന്ന ഐലീഗിനെ ഇല്ലാതാക്കാന്‍ അണിയറയില്‍ നീക്കം ശക്തമായി. ഐ.എസ്.എല്‍-ഐലീഗ് ലയനത്തിനുള്ള ചിലരുടെ നീക്കം പൊളിഞ്ഞതോടെയാണ് ഐലീഗിനെ ഇല്ലാതാക്കാനുള്ള ശ്രമം തുടങ്ങിയത്. ആരാധക പിന്തുണയില്‍ ഐ.എസ്.എല്ലിനെയും ഐലീഗ് പിന്നിലാക്കുമെന്ന ഭയമാണ് ലൈവ് സംപ്രേഷണം തന്നെ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിന്നില്‍. പുതുവര്‍ഷത്തോടെ ഐലീഗ് മത്സരങ്ങളുടെ തത്സയമ സംപ്രേഷണം വെട്ടിക്കുറയ്ക്കാന്‍ ടെലികാസ്റ്റിങ് പാര്‍ട്ടണറായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ തീരുമാനം ആരാധകര്‍ക്ക് തിരിച്ചടിയാവുകയാണ്. ഇനി 30 മത്സരങ്ങളുടെ തത്സമയ സംപ്രേഷണം മാത്രമേ ഉണ്ടാവു. ആകെ 110 മത്സരങ്ങളാണ് ഐലീഗില്‍ ഉള്ളത്. ഇതില്‍ 80 മത്സരങ്ങള്‍ മാത്രമേ ആകെ സംപ്രേക്ഷണം നടത്തു. ഗോകുലം കേരള എഫ്.സി ഉള്‍പ്പെടെ ടീമുകളുടെ ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ തീരുമാനം തിരിച്ചടിയാവും. ഐ.എസ്.എല്ലിന്റെ വരവോടെ ഐലീഗ് ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ക്ലബുകളുടെ വിയോജിപ്പും ആരാധകരുടെ എതിര്‍പ്പും ശക്തമായതോടെ ശ്രമം വിജയിച്ചില്ല. ഇതോടെ തത്സമയ സംപ്രേഷണം ഒഴിവാക്കി ജനപ്രീതിയിടിക്കാനുള്ള പുതിയ നീക്കമെന്ന ആരോപണം ശക്തമാണ്. ഐലീഗിന്റെയും ഐ.എസ്.എല്ലിന്റെയും സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ്. മൈതാനത്തിനു ചുറ്റും നിരവധി കാമറകള്‍ സ്ഥാപിച്ചാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍, ഐലീഗ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് ഉപയോഗിക്കുന്നതാവട്ടെ നാല് കാമറകള്‍ മാത്രം. തെളിമയില്ലാത്ത ദൃശ്യങ്ങള്‍ നല്‍കുന്നതിനാല്‍ പോരാട്ടത്തിന്റെ വീറും വാശിയും ആരാധകരിലേക്ക് കൃത്യമായി എത്തുന്നില്ല. തുടക്കം മുതലേ ഐലീഗിന് കാര്യമായ പരിഗണന നല്‍കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തയാറായിട്ടില്ലെന്ന് ക്ലബ് ഉടമകള്‍ക്ക് തന്നെ പരാതി ഉണ്ട്. ഇത് സാധൂകരിക്കുന്നതാണ് പുതിയ നീക്കം. ഐലീഗിന്റെ പ്രൊഡക്ഷന്‍ റൈറ്റ് ഐ.എം.ജി റിലയന്‍സിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റിനാണ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍ കൂടിയാണ് ഇവര്‍. സംപ്രേഷണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ക്ലബ് ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. തത്സമയ സംപ്രേഷണം തുടരാനായി കോടതിയെ സമീപിക്കുമെന്ന് മിനര്‍വ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് വ്യക്തമാക്കി. ഐ ലീഗ് സംപ്രേക്ഷണാവകാശം മറ്റാര്‍ക്കും നല്‍കാതെ സീസണ്‍ പകുതിയായപ്പോള്‍ മത്സരങ്ങള്‍ കാണിക്കാതിരിക്കുന്ന നടപടി ശരിയല്ലെന്ന് രഞ്ജിത് ബജാജ് കുറ്റപ്പെടുത്തി. ടീം സ്‌പോണ്‍സര്‍മാരേ സ്റ്റാറിന്റെ തീരുമാനം ബാധിക്കുമെന്ന് ഗോകുലം എഫ്.സി കേരള സി.ഇ.ഒ അശോക് കുമാര്‍ പറഞ്ഞു ഐലീഗിനെ കൊല്ലാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ചെന്നൈ സിറ്റി എഫ്.സി ഉടമ രോഹിത് രമേശ് കുറ്റപ്പെടുത്തി. ഐലീഗിന്റെ പ്രശസ്തിയില്‍ അസൂയപൂണ്ടവരാണ് നീക്കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തത്സമയ സംപ്രേഷണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരേ റിയല്‍ കശ്മിര്‍ എഫ്.സി ഉള്‍പ്പെടെ ക്ലബുകളും രംഗത്തെത്തി.
ഓരോ വര്‍ഷം പിന്നിടുന്തോറും ഐലീഗിന് ആരാധക പിന്തുണയേറുകയാണ്. ഫുട്‌ബോള്‍ ആരാധകരുടെ ഈ പിന്തുണ ഐ.എസ്.എല്ലിന് ക്ഷീണമുണ്ടാക്കുമെന്ന ഭയമാണ് ഐലീഗിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം തുടക്കം മുതലേ ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ ഗോകുലം എഫ്.സിയുടെ മൂന്ന് മത്സരം മാത്രമേ ഇനി തത്സമയം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തൂ. ഗോകുലത്തിന് ലീഗില്‍ ഇനി 11 മത്സരങ്ങള്‍ ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."