ഓലെ വന്നു; ത്രസിപ്പിച്ച് യുനൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളി കണ്ടവരെല്ലാം പറഞ്ഞിട്ടുണ്ടാവും മൗറീഞ്ഞോയെ നേരത്തെ മാറ്റേണ്ടിയിരുന്നുവെന്ന്. മൗറീഞ്ഞോ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയുള്ള ആദ്യ മത്സരത്തില്‍ തന്നെ 5-1 ന്റെ ത്രസിപ്പിക്കുന്ന ജയമാണ് യുനൈറ്റഡ് സ്വന്തമാക്കിയത്. കാര്‍ഡിഫ് സിറ്റിയെയാണ് യുനൈറ്റഡ് തകര്‍ത്തത്. താല്‍ക്കാലിക പരിശീലന ചുമതല ഏറ്റെടുത്ത ഓലെ സോല്‍ഷ്യാര്‍ക്ക് കീഴിലായിരുന്നു ഇന്നലെ യുനൈറ്റഡ് ഇറങ്ങിയത്. മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ വേട്ടയ്ക്ക് യുനൈറ്റഡ് തുടക്കമിട്ടു. മാര്‍ക്ക് റാഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു ആദ്യ ഗോള്‍.
പ്രതാപം മങ്ങിയ യുനൈറ്റഡിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇന്നലത്തെ മത്സരം. ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തിയ യുനൈറ്റഡ് ആക്രമണകാരികളായി മാറി. പലപ്പോഴും ബെഞ്ചിലിരിക്കേണ്ടി വന്ന ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ സാന്നിധ്യം ടീമിന് മികച്ച നേട്ടമായി.
ആദ്യ ഇലവനില്‍ തന്നെ പോഗ്ബയെ ഇറക്കിയാണ് ഓലെ യുനൈറ്റഡിന്റെ കരുത്ത് കൂട്ടിയത്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കാനും പോഗ്ബക്കായി. മാനസിക നില വീണ്ടെടുത്ത യുനൈറ്റഡിന് ഇനിയുള്ള മത്സരങ്ങളില്‍ ജയം കൊയ്യാനാകുമെന്ന ആത്മവിശ്വാസം തിരിച്ചുകിട്ടിയെന്നാണ് മത്സരശേഷം താരങ്ങള്‍ പ്രതികരിച്ചത്.
തുടര്‍ തോല്‍വികള്‍ക്കും സമനിലകള്‍ക്കും പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഹോസെ മൗറീഞ്ഞോയെ മാറ്റി ഓലെയെ താല്‍ക്കാലിക പരിശീലകനാക്കിയത്. തന്റെ കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ജയം കൊയ്യാനായതില്‍ സന്തുഷ്ടനാണെന്നും തുടര്‍ന്നുള്ള മത്സരങ്ങളിലും യുനൈറ്റഡിന്റെ ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുമെന്നും ഓലെ മാധ്യമങ്ങളോട് പറഞ്ഞു.
മൗറീഞ്ഞോയോട് നന്ദി അറിയിച്ച് പോഗ്ബ
ക്ലബ് വിട്ട ഹോസെ മൗറീഞ്ഞോക്ക് നന്ദി അറിയിച്ചുകൊണ്ട് പോള്‍ പോഗ്ബയുടെ സന്ദേശം. മൗറീഞ്ഞോയുടെ കീഴില്‍ താന്‍ ഒരുപാട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനെല്ലാം നന്ദി അറിയിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ മൗറീഞ്ഞോ എന്ന പക്വതയുള്ള ആളാക്കിയെന്നും പോഗ്ബ പറഞ്ഞു.
മൗറീഞ്ഞോ ക്ലബിലുണ്ടായിരുന്നപ്പോള്‍ മൗറീഞ്ഞോക്ക് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടായിരുന്നത് പോഗ്ബയുമായിട്ടായിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും പോഗ്ബയുടെ സ്ഥാനം ബെഞ്ചിലായിരുന്നു.
മൗറീഞ്ഞോ പോയതിന് ശേഷം ആദ്യത്തെ മത്സരത്തില്‍ തന്നെ ആദ്യ ഇലവനില്‍ പോഗ്ബ സ്ഥാനം പിടിച്ചു. രണ്ട് അസിസ്റ്റ് ഉള്‍പ്പെടെ മികച്ച പ്രകടനമാണ് പോഗ്ബ ഇന്നലെ കാഴ്ചവച്ചത്.
മൗറീഞ്ഞോയെ ക്ലബ് പുറത്താക്കിയ ദിവസം വിവാദ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പോഗ്ബ വിവാദം ഉണ്ടാക്കിയിരുന്നു. മൗറീഞ്ഞോക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഇതിന് ക്യാപ്ഷന്‍ നല്‍കൂ എന്ന തരത്തിലായിരുന്നു പോഗ്ബയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ പോഗ്ബ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."