കാഞ്ഞങ്ങാടിനെ ഭിക്ഷാടന രഹിത നഗരമാക്കാന്‍ 'അന്നം' പദ്ധതി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ ഭിക്ഷാടന രഹിത നഗരമാക്കാന്‍ അന്നം പദ്ധതി വരുന്നു. ഹൊസ്ദുര്‍ഗ് ജനമൈത്രി പൊലിസ് കാഞ്ഞങ്ങാട് റോട്ടറിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന അവശരും അഗതികളുമായ ആളുകളെ സഹായിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. അത്തരത്തിലുള്ള ആളുകളെ കണ്ടെത്തി 'അന്നം' എന്ന പേരില്‍ സൗജന്യ ഭക്ഷണം നല്‍കുന്നതാണു പദ്ധതി. നഗരത്തിലെ പൊലിസ് എയ്ഡ്‌പോസ്റ്റുകള്‍, പൊലിസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍, വിവിധ ക്ലബുകള്‍, മറ്റു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു കൂപ്പണും നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിന്നു സൗജന്യ ഭക്ഷണവും ലഭിക്കും.
ഇരുപതോളം ഹോട്ടലുകള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30നു നഗരസഭ ടൗണ്‍ ഹാളില്‍ ജില്ലാ പൊലിസ് ചീഫ് കെ.ജി സൈമണ്‍ നിര്‍വഹിക്കും.
പട്ടിണിയില്ലാത്ത ഒരു നഗരമായി കാഞ്ഞങ്ങാടിനെ മാറ്റിയെടുക്കുക എന്നതാണ് ഇതു കൊണ്ടു ലക്ഷ്യം വെക്കുന്നതെന്നു വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഡിവൈ.എസ്.പി കെ. ദാമോദരന്‍, സി.ഐ സി.കെ സുനില്‍കുമാര്‍, ഡോ.കെ.ജി പൈ, റോട്ടറി പ്രസിഡന്റ് കെ. രാജേഷ് കാമത്ത്, അന്നം പ്രോജക്ട് ചെയര്‍മാന്‍ എം.കെ വിനോദ്കുമാര്‍, റോട്ടറി സെക്രട്ടറി കെ.കെ സെവിച്ചന്‍, എം.എസ് പ്രദീപ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."