മൃതദേഹത്തിനായി എത്തി; കണ്ണീരോടെ മടങ്ങി
അനുജന്‍ ബനുദാര്‍ തറൈയുടെ മരണവാര്‍ത്തയറിഞ്ഞ് മൃതദേഹം ഒഡീഷയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാനായി വന്ന ബല്‍റാം തറൈയ്ക്ക് അവസാനം ഇവിടുത്തെ ഒരു പൊതു ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതം മൂളേണ്ടി വന്നത് നിസ്സഹായത കൊണ്ടാണ്.
മൃതദേഹം എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെല്ലാം ബല്‍റാം തറൈ ഇവിടെയെത്തി രണ്ടു ദിവസത്തിനുള്ളില്‍ നടത്തിയിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. തൊഴില്‍ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചു. ഭീമമായ തുക മുടക്കി മൃതദേഹം ഒഡീഷയില്‍ എത്തിക്കാന്‍ തുണയാകാന്‍ ഒരു വാതിലും തുറന്നില്ല.
കഴിഞ്ഞ ആറു വര്‍ഷമായി ബനുദാര്‍ തറൈ കേരളത്തിലുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് താമസം. ഔദ്യോഗിക കണക്കില്‍ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍. സംസ്ഥാനത്തിന്റെ നിര്‍മാണ മേഖലയില്‍ തന്നാലാകുന്നത് ചെയ്യുന്ന ഒരു സാധാരണ അവിദഗ്ധ തൊഴിലാളി. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ബനുദാറിന്റെ പേരില്ല. നഗരത്തൊരിടത്ത് രാവിലെ വന്നു നില്‍ക്കും. ജോലിക്കാരെ ആവശ്യമുള്ളവര്‍ അവിടെയെത്തും. ഒരു ദിവസത്തെ ജോലിക്കായി കൂട്ടികൊണ്ടുപോകും. വൈകുന്നേരം മാന്യമായ കൂലിയും തന്നുവിടും. ബനുദാറും കേരള സര്‍ക്കാരിന്റെ കണക്കുബുക്കില്‍ ഇടം പിടിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. കിട്ടുന്ന പണത്തില്‍ ചെലവിനുള്ളത് മാറ്റിവച്ചിട്ട് ബാക്കി നാട്ടിലേക്ക് അയക്കും. അതുകൊണ്ടാണ് അച്ഛനും അമ്മയും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്. സര്‍ക്കാര്‍ പല പദ്ധതികളില്‍ ചേരണമെന്നും ആനുകൂല്യം കിട്ടുമെന്നും പറയുന്നുണ്ടെങ്കിലും അതിലൊന്നും ചേര്‍ന്നില്ല. ആദ്യം ആധാര്‍ കാര്‍ഡാക്കണം. പിന്നെയും പണം മുടക്കി ഇതിന്റെയെല്ലാം പിറകെ നടക്കണം. അതൊന്നും വേണ്ടെന്നു വച്ച് അന്നന്ന് പണിയെടുത്ത് കഴിഞ്ഞു.
എന്നാല്‍ അപ്രതീക്ഷിതമായി ബനുദാറിനെ മരണം കീഴടക്കി. കണ്ണൂരിലെ കൂടാളിയിലെ ഒരു കൊച്ചു മുറിയില്‍ സഹതൊഴിലാളികളുമൊത്ത് കിടക്കുകയായിരുന്നു. ഉറക്കത്തില്‍ നെഞ്ചു വേദന തോന്നി. വേദന കലശലായതോടെ സുഹൃത്തുക്കള്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബനുദാര്‍ മൃതദേഹമായത് ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം അയാളെയും കുടുംബത്തെയും കൊണ്ടെത്തിക്കുന്ന നിസ്സഹായതയുടെ കഥയുടെ തുടക്കം കൂടിയാണ്. 3500ഓളം കിലോമീറ്റര്‍ അകലെ ഉറ്റവരുടെ കാത്തിരിപ്പിനെ വ്യര്‍ഥമാക്കി വെള്ള പുതപ്പിച്ച ആ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. എന്നാല്‍ ഇവിടെയുള്ള സുഹൃത്തുക്കള്‍ക്കും പൊലിസുകാര്‍ക്കും ആ മൃതദേഹം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ചെറുതായിരുന്നില്ല.
എന്തു ചെയ്യും ഈ മൃതദേഹം? ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയുള്ള ജന്മനാട്ടിലേക്ക് മൃതദേഹം എങ്ങനെ എത്തിക്കും? ആരു വഹിക്കും ഇതിനുള്ള ചെലവുകള്‍? ആര്‍ക്കും ഉത്തരമില്ല.
കേരളത്തില്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന ഏത് ഇതര സംസ്ഥാന തൊഴിലാളി മരിച്ചാലും ഇതു തന്നെയാണ് അവസ്ഥ. ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൃതദേഹവുമായി ആംബുലന്‍സ് പോകണമെങ്കില്‍ ഒന്നേകാല്‍ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ചാര്‍ജ്. ഇത്രയും വലിയ തുക ഇവരുടെ നിര്‍ധന കുടുംബങ്ങള്‍ക്കു താങ്ങാനാവില്ല. ബന്ധുക്കള്‍ വരുന്നതു വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെങ്കില്‍ ഒരു ദിവസം 1500 മുതല്‍ 3000 രൂപ വരെ ഫ്രീസര്‍ ചാര്‍ജുണ്ട്.
മൂന്നു ദിവസം സൂക്ഷിക്കുന്നതിനുള്ള തുക പോലും ചെലവഴിക്കാനില്ലാത്തതിനാല്‍ മരണവിവരം അറിഞ്ഞയുടന്‍ സംസ്‌കരിക്കാനുള്ള സമ്മതം ബന്ധുക്കള്‍ ഇവിടെയുള്ള സുഹൃത്തുക്കള്‍ക്കോ അകന്ന ബന്ധുക്കള്‍ക്കോ നല്‍കുകയാണ് പതിവ്. മൃതദേഹം കുറഞ്ഞ ട്രെയിന്‍മാര്‍ഗം കൊണ്ടുപോകാമെങ്കിലും അതിന് ആ സ്ഥലത്തേക്ക് നേരിട്ട് ട്രെയിന്‍ വേണം. മാത്രമല്ല മൃതദേഹം എംബാം ചെയ്തതിനു ശേഷം ഈ സര്‍ട്ടിഫിക്കറ്റ് റെയില്‍വേയുടെ പാലക്കാട്ട് ഡിവിഷന്‍ ഓഫിസിലേക്ക് ഫാക്‌സ് ചെയ്യണം. എംബാം ചെയ്യുന്നതിന് 5000 രൂപയാണ് നല്‍കേണ്ടത്.
ഇതൊക്കെ ചെയ്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാലും വിജയിക്കണമെന്നില്ല. നാട്ടില്‍ നിന്ന് സഹോദരന്‍ എത്തിയിട്ടും ബനുദാര്‍ തറൈയുടെ മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കേണ്ടി വന്നത് ഇതിനാലാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം എംബാം ചെയ്ത് ട്രെയിന്‍ മാര്‍ഗം ഒഡീഷയിലേക്ക് കൊണ്ടുപോകാനായിരുന്നു ബല്‍റാം തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി കണ്ണൂരില്‍ നിന്ന് പോകുന്ന ട്രെയിനില്‍ മൃതദേഹം കൊണ്ടുപോകണമെങ്കില്‍ രാവിലെ എംബാം ചെയ്ത സര്‍ട്ടിഫിക്കറ്റ് കിട്ടണം.
എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെയേ എംബാം ചെയ്ത് സര്‍ട്ടിഫിക്കറ്റ് തരാനാകൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ ബുക്കിങ് നടക്കൂ. ഒഡീഷയ്ക്കുള്ള ട്രെയിന്‍ ആഴ്ചയിലൊരിക്കല്‍ മാത്രമെ കണ്ണൂരില്‍ നിന്നുളളൂ. രാവിലെ എട്ടു മണിക്ക് മുന്‍പ് തന്നെ സര്‍ട്ടിഫിക്കറ്റ് ഫാക്‌സ് ചെയ്യണം.
വ്യാഴാഴ്ച മൃതദേഹം എംബാം ചെയ്ത് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിരുന്നുവെങ്കിലും എംബാം ചെയ്ത മൃതദേഹം പിന്നെ മോര്‍ച്ചറിയില്‍ സൂക്ഷിക്കില്ലെന്ന് അറിയിച്ചതോടെയാണ് അവസാന പ്രതീക്ഷയും അസ്തമിച്ചത്. ഒരു രാത്രിയും പകലും അനുജന്റെ മൃതദേഹവുമായി പരിചയമില്ലാത്ത ഒരു നഗരത്തില്‍ തങ്ങുക ബല്‍റാം തറൈയ്ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. പിന്നെ ഒരു മാര്‍ഗമേയുണ്ടായിരുന്നുള്ളൂ. മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കുക. മൂന്നാം നാള്‍ ശേഷക്രിയകള്‍ക്കായി ഒരു പിടി അസ്ഥിയുമായി ഒഡീഷയിലേക്ക് മടങ്ങുക. ഇതാണ് ബനുദാര്‍ തറൈയെ പോലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ക്കു സംഭവിക്കുന്നത്.
ചിതയെരിയല്‍ ഇവിടെ: വീഡിയോ കോളിലൂടെ ഉറ്റവരുടെ അന്ത്യ ചുംബനം.
അതേക്കുറിച്ച് നാളെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."