വിവിധ ആവശ്യങ്ങളുന്നയിച്ച് അര്‍ധസൈനികര്‍ പ്രക്ഷോഭത്തിലേക്ക്
കൊച്ചി:സൈനികര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ധ സൈനികര്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സസ് ആന്‍ഡ് എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി 18ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലും അര്‍ധ സൈനിക വിഭാഗങ്ങളുടെ ഹെഡ്‌കോര്‍ട്ടേഴ്‌സുകളിലും ഉപരോധ സമരം നടത്തും. സംസ്ഥാന തലത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തില്‍, 18ന് തിരുവനന്തപുരത്തെ സി.ആര്‍.പി.എഫ് ഓഫിസും ഉപരോധിക്കും.
രാജ്യത്തു സൈനികര്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സൈനികര്‍ക്കു ലഭ്യമാക്കിയപ്പോള്‍ അര്‍ധ സൈനികരെ കൈയ്യൊഴിഞ്ഞു. യുദ്ധം നടക്കുമ്പോള്‍ മാത്രമാണ് അതിര്‍ത്തികളില്‍ സൈനികര്‍ എത്തുന്നത്. അതുവരെ അര്‍ധ സൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയവയാണ് അതിര്‍ത്തികളില്‍ സേവനം ചെയ്യുന്നത്. മാവോയിസ്റ്റുകളുടെ അടക്കമുള്ള ആക്രമണങ്ങളില്‍ നിരവധി അര്‍ധ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.
അര്‍ധസൈനിക ബോര്‍ഡ് എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവില്‍ വന്നതോടെ കാന്റീന്‍ സംവിധാനം ഉപയോഗിക്കാന്‍പറ്റാത്ത അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.എന്‍. ജഗദീഷന്‍, പി.എന്‍. രാമചന്ദ്രന്‍, പി.എല്‍. ലൂക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."