നാലു കാലില്‍ ജെല്‍ഡര്‍; ഉടന്‍കിട്ടി നാട്ടിലേക്ക് മടക്കടിക്കറ്റ്
യുരി വാന്‍ ജെല്‍ഡര്‍. ഈ പേരാണ് കഴിഞ്ഞ ദിവസം റിയോയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത്. എന്താണെന്ന് വച്ചാല്‍ വാന്‍ ജെല്‍ഡറെ സ്വന്തം ടീമധികൃതര്‍ നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുന്നു. ഈ വാര്‍ത്ത കേട്ടവരെല്ലാം ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്.
കാരണം വാന്‍ ജെല്‍ഡര്‍ നെതര്‍ലന്റ്‌സിന്റെ മികവുറ്റ ജിംനാസ്റ്റിക് താരമാണ്. കഴിഞ്ഞ ദിവസം റിങ്‌സ് വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനും വാന്‍ ജെല്‍ഡര്‍ക്ക് സാധിച്ചു. പക്ഷേ സന്തോഷത്താല്‍ മതി മറന്ന് താരം ചില കുരുത്തക്കേടുകള്‍ കാണിച്ചു.
മത്സരശേഷം താരം ഒളിംപിക് വില്ലേജില്‍ നിന്ന് ആരുമറിയാതെ പുറത്തു പോയി. അത് പ്രശ്‌നമില്ല എന്ന് വയ്ക്കാം. എന്നാല്‍ താരം മദ്യപിച്ചു. ഒന്നോ രണ്ടോ അല്ല ബോധം മറയുന്നതു വരെ മദ്യപിച്ചു. പുലര്‍ച്ചെയാണ് വാന്‍ ജെല്‍ഡര്‍ക്ക് ബോധം വന്നത്. പക്ഷേ നടക്കാന്‍ സാധിക്കുന്നില്ല ഒടുവില്‍ ഒരു വിധം അതായത് നാലു കാലിലാണ് താരം ഒളിംപിക് വില്ലേജില്ലെത്തിയത്.
ഇതും പോരാത്തതിന് ടീം മാനേജ്‌മെന്റിലുള്ളവരെ അസഭ്യം പറഞ്ഞു എന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ അധികൃതര്‍ തിരിച്ച് ഒന്നും പറഞ്ഞില്ല. പിന്നീട് ബോധം വന്ന് പരിശീലനത്തിനായി എത്തിയപ്പോഴാണ് താരത്തിന് മനസിലായത് താന്‍ എന്തൊക്കെയാണ് കാട്ടികൂട്ടിയത് എന്ന്. എന്തായാലും ഡച്ച് ടീം വാന്‍ ജെല്‍ഡര്‍ക്ക് മാപ്പു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത വണ്ടിക്ക് തന്നെ നാട്ടിലേക്ക് മടങ്ങി കൊള്ളാനായിരുന്നു ഉത്തരവ്. ശിക്ഷാ നടപടി എന്തിനാണെന്നും അധികൃതര്‍ വിശദീകരിച്ചു.
ടീം ക്യാംപില്‍നിന്ന് പറയാതെ പുറത്തു പോയതിനും മദ്യപിച്ചതിനുമാണ് ശിക്ഷ.
എന്തായാലും ശിക്ഷാ നടപടി കേട്ടതോടെ പാവം വാന്‍ ജെല്‍ഡര്‍ തകര്‍ന്നു പോയി. ഒടുവില്‍ ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗ് പോലെ അദ്ദേഹം ചോദിച്ചത്രേ. മത്സരിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാതിരിക്കുമോ എന്ന്. പക്ഷേ എന്തു ചെയ്യാന്‍ ഡച്ചധികൃതരും എം.ജി സോമന്റെ കഥാപാത്രത്തിന്റെ അതേ സ്വഭാവമായിരുന്നു. താരത്തിനെ നാട്ടിലേക്ക് പറഞ്ഞയക്കും എന്ന ഉറച്ച നിലപാടിലാണ് അധികൃതര്‍. നോക്കണേ മദ്യം വരുത്തി വച്ച വിന.
വിഷയത്തില്‍ നെതര്‍ലന്റ്‌സിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളൊക്കെ ഇടപെട്ടെങ്കിലും കാര്യം നടന്നില്ല.
ഇനി ഡച്ച് ടീമിന്റെ അംബാസിഡര്‍ മൗറിറ്റ്‌സ് ഹെന്റിക്‌സിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാം.
വാന്‍ ജെല്‍ഡര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രസ്താവനയായിരുന്നു ഇത്. വാന്‍ ജെല്‍ഡറെ സംബന്ധിച്ച് റിയോയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത് ചിന്തിക്കാന്‍ സാധിക്കില്ല.
അത് ഭീകരമാണ്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഈ ശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ സാധിക്കില്ല. അതേസമയം കായിക മേഖലയ്ക്ക് ജെല്‍ഡറുടെ നഷ്ടം വലിയൊരു ദുരന്തമാണ്. പക്ഷേ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശികഷ് അനിവാര്യമാണ്. മൗറിറ്റ്‌സിന്റെ പ്രസ്താവന വന്നതോട് കൂടി താരം പെട്ടിയും കിടക്കയുമെടുത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കയാണ്.
നോക്കണേ ഒരു ലോകോത്തര താരത്തിന് വന്ന ഗതികേട്. 2005ലെ റിങ് ലോകകപ്പിലെ ജേതാവാണ് ജെല്‍ഡര്‍. എന്നാല്‍ സ്വഭാവ ദൂഷ്യത്തിലും ജെല്‍ഡര്‍ ലോക ചാംപ്യനാണ്. നിരവധി തവണ പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടുണ്ട് താരം.
നേരത്തെ 2009ലെ ദേശീയ ചാംപ്യന്‍ഷിപ്പിന് മുന്‍പ് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് ഡച്ച് ജിംനാസ്റ്റിക് യൂനിയന്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ കുപ്രസിദ്ധിയുടെ പടുക്കുഴിയിലായിരുന്നു ജെല്‍ഡര്‍. പതിയെ ഇതിനെ മറികടന്നാണ് താരം റിയോയിലെത്തിയത്.
എന്നാല്‍ കടുത്ത നിര്‍ദേശങ്ങള്‍ക്കുള്ളിലാണ് ഡച്ച് താരങ്ങള്‍ പരിശീലനം നടത്തുന്നത്. വില്ലേജില്‍ നിന്ന് പുറത്തു പോവാനോ മറ്റുള്ള കാര്യങ്ങള്‍ക്കോ ടീമിന് അനുവാദമില്ല. റിയോയിലെ മത്സരങ്ങള്‍ അവസാനിച്ച താരങ്ങള്‍ ഒരു നിമിഷം പോലും ബ്രസീലില്‍ തുടരരുതെന്നും നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ മറ്റുള്ള താരങ്ങളുടെ ശ്രദ്ധ തെറ്റിക്കുമെന്നാണ് വാദം. എന്തായാലും ആ താരങ്ങളുടെ പോകുന്ന വണ്ടിയില്‍ ജെല്‍ഡര്‍ക്കും നാട്ടിലേക്ക് മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."