കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കോബ്ലേട്ടര് ശസ്ത്രക്രിയ ആരംഭിച്ചു
കോതമംഗലം: വേദനയോ രക്തസ്രാവമോ ഇല്ലാത്ത കോബ്ലേഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ഏതാനും മെഡിക്കല്‍ കോളജുകള്‍ ഒഴിച്ചാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കോബ്ലേട്ടര് ഉപയോഗിച്ചുളള ശസ്ത്രക്രിയ ആദ്യമായി നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് താലൂക്ക് ആശുപത്രി.
താലൂക്ക് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗമാണ് വളരെ ചിലവ് വരുന്ന ശസ്ത്രക്രിയ കുറഞ്ഞ ചിലവില്‍ നടത്താന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഉറക്കക്കുറവ്, കൂര്‍ക്കംവലി, കേള്‍വി കുറവ് എന്നിവയ്ക്ക് പരിഹാരമായാണ് കോബ്ലേഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തുന്നത്. ഗളഗ്രന്ഥി (ടോണ്‍സിലിനെ)നീക്കം ചെയ്യുകയാണ് ചികിത്സ രീതി.
വേദനയോ രക്തസ്രാവമോ ഉണ്ടാകുകയില്ല എന്നതാണ് ഈ ചികിത്സ രീതിയുടെ പ്രത്യേകത. കുട്ടികളിലാണ് അധികവും ശസ്ത്രക്രിയ വിജയകരം എന്നതും നാല് മുതല്‍ ഏഴ് വയസ് വരെ പ്രായമുള്ളവരിലാണ് ഫലപ്രദമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് ഉപകരണത്തില്‍ ഉപയോഗിക്കുന്നത്. 20000 രൂപയിലേറെ ചിലവ് വരുന്ന ചികിത്സക്ക് 5000 രൂപ മാത്രമെ ചിലവ് വരുകയുള്ളു. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ആറ് ഓപ്പറേഷനുകള്‍ ആശുപത്രിയിലെ ഇ.എന്‍.ടി ഡോക്ടര്‍മാരായ ഉമ്മന്‍ മേടയിലും നിജോ ജോസഫും നേതൃത്വം നല്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രം സാധ്യമായ സംവിധാനമാണ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് സുപ്രണ്ട് മിനി മോള് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."