സര്‍ക്കാര്‍ ചെലവില്‍ കെ.എസ്.ടി.എ പരിപാടിയില്‍ ആളെക്കൂട്ടല്‍
തിരുവനന്തപുരം: സമഗ്ര ശിക്ഷാ അഭിയാനിലെ ഫണ്ട് ദുരുപയോഗം ചെയ്ത് കെ.എസ്.ടി.എ പരിപാടിക്ക് ആളെക്കൂട്ടല്‍. കെ.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിലേക്ക് ആളെക്കൂട്ടാന്‍ സമഗ്ര ശിക്ഷാ കേരളം എന്ന സംസ്ഥാനതല ആസൂത്രണ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ 21 മുതല്‍ 24 വരെ നടക്കുന്ന പരിപാടി എസ്.എസ്.എ നടത്തിയത് 21 ന് മാത്രമാണ്. എത്തിച്ചേര്ന്നവര് ബാക്കി ദിവസങ്ങളില്‍ പങ്കെടുത്തതാകട്ടെ കെ.എസ്.ടി.എ വിദ്യാഭ്യാസ മഹോത്സവത്തിലും.
സമഗ്ര ശിക്ഷാ കേരളം പരിപാടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പേര്‍ക്ക് കോഴിക്കോട്ടെ വിവിധ ഹോട്ടലുകളില്‍ താമസ സൗകര്യമടക്കം ഒരുക്കിയിട്ടുണ്ട്.
ഇതിന് പുറമേ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ബി.ആര്.സികളിലെയും ജീവനക്കാരെയും റിസോഴ്സ് ടീച്ചര്‍മാരെയും പ്രവൃത്തി ദിവസങ്ങളായ 22 നും 24നും പരിപാടിയില്‍ പങ്കെടുപ്പിക്കാനും സമഗ്ര ശിക്ഷാ അഭിയാന് ഡയരക്ടര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് ദുരുപയോഗം ചെയ്ത് നടത്തുന്ന കെ.എസ്.ടി.എ വിദ്യാഭ്യാസ മഹോത്സവത്തിനെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടായില്ലങ്കില്‍ പ്രത്യക്ഷ സമരവും, സമാന്തരമായി കോടതിയെയും സമീപിക്കുമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."