മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് ശുചിത്വ മിഷന്റെ സഹായം
കാക്കനാട്: അജൈവ മാലിന്യ സംസ്‌കരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ സഹായം ലഭിക്കും. 201718 വര്‍ഷത്തില്‍ ഓരോ ഗ്രാമ പഞ്ചായത്തിലും പരമാവധി 20 ലക്ഷം രൂപ വരെ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍)ല്‍ നിന്നും തുക വകയിരുത്തി ഖരദ്രവ മാലിന്യ പദ്ധതികള്‍ തയ്യാറാക്കി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പിലാക്കാം.
പദ്ധതി പ്രകാരം പൊതു ശൗചാലയ സമുച്ചയം, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങള്‍, തുമ്പൂര്‍മുഴി മോഡല്‍ കമ്മ്യൂണിറ്റി തല എയറോബിക് കമ്പോസ്റ്റിംഗ് സംവിധാനം, മാര്‍ക്കറ്റുകള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി ലഭിച്ചിട്ടുള്ള ആശുപത്രികളില്‍ ഖരദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ് സംവിധാനം, സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോഗ്യാസ് പ്ലാന്റ് കമ്പോസ്റ്റിംഗ് സൗകര്യങ്ങള്‍ എന്നിവയും, ഒന്നിലധികം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് പാക്കേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയും നടപ്പിലാക്കാം.
കൂടാതെ റസിഡന്റ് അസോസിയേഷനുകള്‍, കോളനികള്‍, സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രി, ഹോസ്റ്റല്‍, ഹോട്ടല്‍, കല്യാണ മണ്ഡപങ്ങള്‍, ഇറച്ചിക്കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റ് അല്ലെങ്കില്‍ വലിയ കമ്പോസ്റ്റിങ് സൗകര്യങ്ങള്‍ എന്നിവയ്ക്ക് തദ്ദേശസ്ഥാപനത്തിന്റെ സബ്‌സിഡി ലഭ്യമാകും.
ഇതിന്റെ പ്രോജക്ട് അടിയന്തിരമായി തയ്യാറാക്കി ബന്ധപ്പെട്ട സമിതികളില്‍ നിന്നും നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അനുമതി നേടിയെടുത്ത് സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ സ്വീകരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."