വിദ്യാഭ്യാസമെന്നാല്‍ പരീക്ഷകള്‍ക്കുള്ള തയാറെടുപ്പ് മാത്രമാകരുത്: മന്ത്രി രവീന്ദ്രനാഥ്
കൊച്ചി: പരീക്ഷകള്‍ക്കുള്ള തയാറെടുപ്പാണ് വിദ്യാഭ്യാസമെന്ന ധാരണ തിരുത്താന്‍ സമൂഹം തയാറാകണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ലെമെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പി.എം ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനമെന്നാല്‍ അന്വേഷണമാകണം. അത് മനഃപാഠം പഠിക്കല്‍ മാത്രമാകരുത്. ഇത്തരത്തില്‍ ഓരോ കുട്ടിയുടെയും സര്‍ഗശേഷി കണ്ടെത്തി അവനെ ഉയര്‍ത്തിക്കൊണ്ടുവരലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമാക്കുന്നത്. പരീക്ഷയിലെ എ പ്ലസല്ല ജീവിതത്തിലെ എ പ്ലസാണ് വലുതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും മനസിലാക്കണം. പരീക്ഷകള്‍ക്കുവേണ്ടി മാത്രമെന്ന രീതിയിലുള്ള പഠനരീതി വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയെ ഇല്ലാതാക്കുകയാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്ത് മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമായിട്ടും ലോകതലത്തില്‍ അറിയപ്പെടുന്ന തരത്തിലുള്ള അവാര്‍ഡ് ജേതാക്കളോ ചിത്രകാരന്മാരോ ശാസ്ത്രജ്ഞരോ പുതുതായി നമുക്കില്ലാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്‍ ചെയര്‍മാനും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയരക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. ഫൗണ്ടേഷന്റെ ഹരിത വിദ്യാലയം അവാര്‍ഡ് നേടിയ കെ.എം.എച്ച്.എസ്.എസ് വാളക്കുളം മലപ്പുറം, കൃഷ്ണവിലാസം യു.പി.എസ്, പാങ്ങോട് തിരുവനന്തപുരം, ജി.എച്ച്.എസ്.എസ്, ഉദിനൂര്‍ കാസര്‍കോട് എന്നീ വിദ്യാലയങ്ങളും ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ മികവ് തെളിയിച്ച 13 വിദ്യാര്‍ഥികളും മന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നൂറുമേനി നേടിയ 26 വിദ്യാലയങ്ങള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്രമേളകളില്‍ ഒന്നാമതെത്തിയവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ ഐ.എം.ജി ഡയരക്ടര്‍ കെ. ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി, ജസ്റ്റിസ് ഫാത്തിമ ബീവി, ജസ്റ്റിസ് കെ. ഷംസുദ്ദീന്‍, സി.പി കുഞ്ഞുമുഹമ്മദ്, കെ.പി അഷറഫ്, ഡോ.എന്‍.എം ഷറഫുദ്ദീന്‍, എം.എം ബഷീര്‍, സി.എച്ച് അയ്യൂബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."