ഫാസിസത്തിനെതിരേ ഐക്യാഹ്വാനവുമായി പ്രതിഷേധസംഗമം
കൊച്ചി: വര്‍ഗീയ ഫാസിസത്തിനും സംഘപരിവാര്‍ ഭീകരതയ്ക്കുമെതിരേ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്‌ലിം സൗഹൃദവേദിയുടെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഐക്യാഹ്വാനത്തിന്റെ വിളംബരമായി. ഫാസിസത്തിനെതിരേയുള്ള പോരാട്ടത്തിന് മുസ്‌ലിംസംഘടനാ നേതൃത്വത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ രാഷ്ട്രീയ കക്ഷികളുടെയും സാമുഹ്യ സാംസ്്കാരിക രംഗത്തെയും പ്രമുഖര്‍ അണിനിരന്ന സംഗമത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരേ രാഷ്ട്രീയപരവും മതപരവുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിനിര്‍ത്തി ഒന്നിച്ചുള്ള മുന്നേറ്റത്തിന് ശക്തിപകരാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സംഗമം അവസാനിച്ചത്.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംഗമം ഉദ്ഘാടനം ചെയ്തു. മാംസാഹാരം കഴിച്ചുവെന്നതിന്റെ പേരില്‍ ഒരു പാവപ്പെട്ടവനെ സംഘം ചേര്‍ന്ന് തല്ലികൊന്നതിനേക്കാള്‍ ഭീകരമാണ് അത് പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. ഇതുവഴി സമൂഹത്തില്‍ ഭയം സൃഷ്ടിക്കാനും രാജ്യത്തെ സമാധാനം തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനെതിരേ മാതേതരമനസുകള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും ദേശീയബോധം പരസ്യമായി പ്രകടിപ്പിക്കേണ്ടിവരുന്നത് വല്ലാത്തൊരു അരക്ഷിത അവസ്ഥയാണെന്ന് സ്ഥാനം ഒഴിയുന്ന ഉപരാഷ്ടപതി ഉത്കണ്ഠപ്പെടുമ്പോള്‍ അതിനെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു. നാനത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്വം തകര്‍ക്കാനാണ് ഫാസിസ്റ്റ് സംഘടനകളുടെ ശ്രമമെന്നും ഇതിനെതിരായി രാജ്യവ്യാപകമായി സൗഹാര്‍ദ്ദസംഗമങ്ങള്‍ രൂപപ്പെടുത്തണമെന്നും രാജീവ് പറഞ്ഞു. വൈവിധ്യവല്‍ക്കരണം ഫാസിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ട് സ്വതന്ത്രചിന്താധാര വളരുന്നതിനെ അവര്‍ നിരുല്‍സാഹപ്പെടുത്തുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരന്‍ സി.ആര്‍ നീലകണ്ഠന്‍ ചൂണ്ടികാട്ടി.
വര്‍ഗീയതയുടെയും ഭീകരവാദത്തിന്റെയും പേരു പറഞ്ഞ്, ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് മുസ്‌ലിങ്ങളെ വേട്ടയാടികൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ഇതിനെതിരേ രാഷ്ട്രീയ, മത, ജാതി ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടിയാല്‍ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെയും ഹൈന്ദവ വര്‍ഗീയ വാദികളുടെയും നീക്കങ്ങള്‍ ആശങ്കാജനകമാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി പറഞ്ഞു.
ഫാസിസത്തിനെതിരായ ഈ സംഗമം ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരായ സര്‍ഗാത്മകമായ ജനാധിപത്യപരമായ പ്രതിഷേധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍ അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളെ നിശബ്ദരാക്കുക എന്നതിന് പുറമെ അവരുടെ നീതിക്ക് വേണ്ടിയും പൗരാവകാശങ്ങള്‍ക്ക് വേണ്ടിയും ആരെല്ലാം ശബ്ദിക്കുന്നുവോ അവരെയെല്ലാം പേടിപ്പിച്ച് നിശബ്ദരാക്കുക എന്നതാണ് വര്‍ഗീയ ഫാസിസ്റ്റുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി നന്ദിയും പറഞ്ഞു.
എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് അബുബക്കര്‍ ഫൈസി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുലൈമാന്‍ ഖാലിദ്, കെ.കെ അബൂബക്കര്‍, പ്രൊഫ. വി.യു നൂറുദ്ദീന്‍, എന്‍.കെ അലി, അഡ്വ. പി.എ അബ്ദുല്‍ മജീദ് പറക്കാടന്‍. കെ.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, മീരാന്‍ സഖാഫി, എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി, ഡോ. ജുനൈദ് റഹ്മാന്‍, വി.യു നൂറുദ്ദീന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."