പ്രതിഷേധം ശക്തം; യുവതികളെ തിരിച്ചിറക്കി
നടയ്ക്കല്‍: പ്രതിഷേധം വകവെക്കാതെ മല കയറാനൊരുങ്ങിയ യുവതികള്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ തിരിച്ചിറങ്ങി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും തിരിച്ചിറങ്ങുന്നത്. പൊലിസിന്റെ നിര്‍ബന്ധം മൂലമാണ് തങ്ങള്‍ മലയിറങ്ങുന്നതെന്നാണ് യുവതികള്‍ പറയുന്നത്. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നതായും പൊലിസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയതായും യുവതികള്‍ പറഞ്ഞു. ഇതിനിടെ കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ഇവര്‍ക്ക് മുന്നോട്ട് നീങ്ങാനായിരുന്നില്ല. രണ്ടു മണിക്കൂറോളം ഇവിടെ തുടര്‍ന്നിട്ടും പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെയാണ് പൊലിസ് ഇവരെ തിരിച്ചിറക്കാന്‍ തീരുമാനിച്ചത്.
രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ മലചവിട്ടി തുടങ്ങിയത്. സ്വാമി അയ്യപ്പന്‍ റോഡ് വഴിയല്ല, മറിച്ച് പരമ്പരാഗത കാനന പാതയിലൂടെയാണ് ഇവര്‍ മലകയറിയിരുന്നത്.
അരമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോള്‍ തന്നെ പ്രതിഷേധവും തുടങ്ങി. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അപ്പാച്ചിമേട്ടില്‍ അരമണിക്കൂറോളം പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞു. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. എന്നാല്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് പ്രതിഷേധം കനത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ വരെ പൊലിസിന് ഇവരെ എത്തിക്കാനായെങ്കിലും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."