ആവേശത്തില്‍ ആറാടി പുന്നമട; ഓളപ്പരപ്പിലെ ഒളിമ്പിക്‌സ് ഇന്ന്
ആലപ്പുഴ:തുഴത്താളത്തിനും വഞ്ചിപ്പാട്ടിന്റെ ഈണത്തിനുമൊപ്പം ഇന്ന് പുന്നമടക്കായലിലെ പൊന്നോളങ്ങള്‍ ആവേശത്തില്‍ ആറാടും. ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ ഈ കായലോരത്തേക്കും ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള കപ്പിലേക്കുമായി ചുരുങ്ങും. കരിനാഗങ്ങളെ പോലെ ആടിയുലഞ്ഞെത്തുന്ന ചുണ്ടനുകളെയും ചുരുളനുകളെയും ഇരുട്ടുകുത്തി വള്ളങ്ങളേയും വെപ്പ് വള്ളങ്ങളേയും തെക്കനോടി വള്ളങ്ങളേയും സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ് പുന്നമടക്കായല്‍.
65-ാമത് നെഹ്‌റു ട്രോഫിയാണ് ഇന്ന് നടക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കുടൂതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇന്നത്തേത്. ചുണ്ടന്‍ മത്സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ നാലും ഉള്‍പ്പെടെ 24 വളളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ നടക്കും.
വള്ളംകളി മത്സരം സമയത്തെ അടിസ്ഥാനമാക്കിയായതിനാല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണ ചെറുവള്ളങ്ങളുടെ മത്സരവും ഫിനിഷ് ചെയ്ത സമയം അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനലിലെത്തുക. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു പവിലിയന്റെയും താല്‍ക്കാലിക ഗാലറികളുടെയും നിര്‍മാണം പൂര്‍ത്തിയായി.യന്ത്രവത്കൃത സ്റ്റാര്‍ട്ടിങ് സംവിധാനവും ഒരുങ്ങി.
ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തിയശേഷം അദ്ദേഹം പതാകയുയര്‍ത്തും. ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍, ടൂറിസംസഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലസേചന വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ്, തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മുകാശ്മീര്‍ ധനമന്ത്രി ഹസീബ് എ. ഡ്രാബു, എം.പി.മാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാ ഹരി, ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്ര മോഹന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. 2016 ലെ നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡുകളും ഭാഗ്യചിഹ്ന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. നെഹ്‌റു ട്രോഫി സുവനീര്‍ പ്രകാശനവും നടക്കും.
ജലമേള കാണുന്നതിനായി എത്തുന്നതിനും തിരികെ പോകുന്നതിനും ബസ്, ബോട്ട് സൗകര്യങ്ങള്‍ നഗരത്തില്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 318,33,250 രൂപ വരവും 222,97,700 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പാസാക്കിയിട്ടുളളത്. പ്രതീക്ഷിച്ചതുപോലെ ടൈറ്റില്‍ സ്‌പോണ്‍സറെ ലഭ്യമായിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന ഒരു കോടി രൂപ, ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക, നഗരത്തിലെ ബാങ്കുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം, പരസ്യം എന്നീ സ്രോതസുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ്് വള്ളംകളി നടത്തുന്നത്.
വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 20 ഡിവൈ.എസ്.പി, 33 സി.ഐ., 353 എസ്.ഐ. എന്നിവരുള്‍പ്പടെയാണിത്. രാവിലെ ആറു മുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂര്‍ണ്ണമായും സി.സി. ടി.വി കാമറാ നിരീക്ഷണത്തിലായിരിക്കും.വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലില്‍ മത്സര വള്ളങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും. അതുവഴി മറ്റ് ജലയാനങ്ങള്‍ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളില്‍ നിന്നുള്ള അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുന്‍നിര്‍ത്തി ബാരിക്കേഡുകള്‍ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയില്‍ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയില്‍ നിയമിച്ചിട്ടുണ്ട്.
നെഹ്‌റുട്രോഫി വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ കാമറകള്‍ ഏര്‍പ്പെടുത്തി. ഇത്തരക്കാരുടെ പേരില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. മത്സരസമയം കായലില്‍ ചാടി ട്രാക്കില്‍ കയറിയും മറ്റും മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് കര്‍ശന നിയമനടപടി സ്വീകരിക്കും. വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും മദ്യപാനം തടയുന്നതിന് റെയ്ഡുകള്‍ നടത്താന്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
പാസ്സുള്ളവരെ മാത്രം പരിശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. പവലിയനുകളില്‍ പാസില്ലാതെ ആരെയും കയറ്റില്ല. അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയും. ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. രാവിലെ ആറു മുതല്‍ പാസ്സില്ലാത്ത ആരെയും പവലിയന്‍ ഭാഗത്തേക്ക് കടത്തിവിടില്ല.
പാസ്സ് ടിക്കറ്റുമായി പവലിയനില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നിട് തിരികെ പ്രവേശിപ്പിക്കുന്നതല്ല. അനധികൃത പാസുകള്‍ പിടികൂടുന്നതിന് ഷാഡോ പോലീസിനെ വിന്യസിക്കും കര്‍ശന നിയമ നടപടി സ്വീകരിക്കും.
വള്ളംകളി കഴിഞ്ഞ് നെഹ്‌റുപവലിയനില്‍ നിന്നും തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങള്‍ തിക്കുംതിരക്കും ഒഴിവാക്കണം.
രാവിലെ എട്ടിനു ശേഷം ഒഫിഷ്യല്‍സിന്റെ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ പാടില്ല. അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചെടുക്കും. ജലയാനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യും.
അനൗണ്‍സ്‌മെന്റ്പരസ്യബോട്ടുകള്‍ രാവിലെ എട്ടിനു ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ബോട്ടുകള്‍ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്യും.
വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിനു കിഴക്കു വശത്തും പരിസരങ്ങളിലുമായി നങ്കൂരമിടുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ട്, മോട്ടോര്‍ ബോട്ട് എന്നിവയില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റാന്‍ അനുവദിക്കില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജലയാനങ്ങളെ സ്ഥലത്തു നിന്നും നീക്കും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റ്, ഫിനിഷിംഗ് പോയന്റ്, മാതാ ജെട്ടി, രാജീവ് ജെട്ടി, പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലായി ആറ് ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തും.
രാവിലെ ഒമ്പതു മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ ആലപ്പുഴ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഉടമയില്‍ നിന്ന് പിഴ ഈടാക്കും.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ജില്ലാ കോടതി വടക്കെ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശടി ജംഗ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്‍ട്രോള്‍ റൂം മുതല്‍ കിഴക്ക് ഫയര്‍ഫോഴ്‌സ് ഓഫിസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.
വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. എറണാകുളം ഭാഗത്തു നിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടി വഴി വന്ന് എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്റ് ആന്റണി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.
രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ ഹെവികണ്ടെയ്‌നര്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല. തെക്കുഭാഗത്ത് വരുന്ന ഹെവികണ്ടെയ്‌നര്‍ വാഹനങ്ങള്‍ കളര്‍കോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്നും വരുന്നവ കൊമ്മാടി ബൈപ്പാസിലും പാര്‍ക്കു ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."