സഊദിയില്‍ തൊഴിലിടങ്ങളില്‍ വച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത
നിസാര്‍ കലയത്ത്
ജിദ്ദ: ജോലി സ്ഥലങ്ങളില്‍ നിന്ന് പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ ഒരാഴ്ചക്കുള്ളില്‍ തൊഴിലുടമയെ അറിയിക്കണമെന്ന് ഗോസി(ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്)യുടെ മുന്നറിയിപ്പ്. പരിക്കേല്‍ക്കുന്ന തൊഴിലാളിക്ക് ചികിത്സാ ചെലവിനും സാമ്പത്തിക നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്. ജോലിയുടെ ഭാഗമായുളള യാത്രയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും നഷ്ടപരിഹാരമുണ്ടെന്ന് ഇന്‍ഷൂറന്‍സ് വിഭാഗം അറിയിച്ചു.തൊഴിലിനിടെ പരിക്കേല്‍ക്കുന്ന തൊഴിലാളി ഒരാഴ്ചക്കുള്ളില്‍ തന്നെ തൊഴിലുടമയെ വിവരമറിയിക്കണം.
വിവരമറിഞ്ഞ് തൊഴിലുടമ മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ചട്ടം. ജോലി സ്ഥലത്ത് വെച്ച് സംഭവിക്കുന്ന പരിക്കുകളും, ജോലിസ്ഥലത്തേക്ക് വരുംപോഴോ, തിരിച്ച് പോകുംപോഴോ സംഭവിക്കുന്ന അപകടങ്ങളും ഒരേ ഗണത്തിലാണ് പരിഗണിക്കുക.ഈ വര്‍ഷം മൂന്നാം പാദത്തില്‍ എണ്ണായിരത്തിനടുത്താണ് (7776) ഇത്തരം അപകടക്കേസുകള്‍. അതായത്, പ്രതിദിനം ശരാശരി 86 കേസുകള്‍. നാല്‍പത് വയസ്സിന് മുകളിലുള്ളവരുടെ അപകട നിരക്കാണ് കൂടുതല്‍. 2710 കേസുകളാണ് ഈ പ്രായപരിധിക്കാര്‍ക്കിടയില്‍ ഉണ്ടായത്. 30നും 34നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില് 1700ലേറെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."