സീറോ വേസ്റ്റ്: സിവില്‍ സ്റ്റേഷനില്‍ ബയോപാര്‍ക്ക് വരുന്നു
കോട്ടയം: ആഗസ്റ്റ് 15ന് കോട്ടയം സിവില്‍ സ്റ്റേഷന്‍ സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷനായി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോമ്പൗണ്ടില്‍ ബയോപാര്‍ക്ക് ഒരുങ്ങുന്നു.
സിവില്‍ സ്റ്റേഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കാര്യാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന തുമ്പൂര്‍ മൂഴി എയറോബിക് കമ്പോസ്റ്ററിന്റെ പരിസരമാണ് ബയോപാര്‍ക്കായി വികസിപ്പിക്കുന്നത്. ഇതിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ എഡിസിയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. കമ്പോസ്റ്റിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് സ്വീപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പോസ്റ്റിന്‍രെ പരിസരത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാന്‍ അവിടെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിക്കാനും പരിപാടിയുണ്ട്.
വീടുകളിലെ മാലിന്യ സംസ്‌ക്കരണത്തിനുപയോഗിക്കുന്ന കിച്ചണ്‍ ബിന്‍, മണ്‍കല കമ്പോസ്റ്റിങ്, ബക്കറ്റ് കമ്പോസ്റ്റിങ്ങ്, ജൈവ സംസ്‌ക്കരണ ഭരണി, മണ്ണിര കമ്പോസ്റ്റിങ്ങ്, ഇനോക്കുലം, മാലിന്യം ഇളക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുളള ലഘുവായ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വപരിപാലനത്തിന് ഉപയോഗിക്കുന്ന ബ്രഷ്, ചൂല്, അണുനാശിനി, സോപ്പ്‌പൊടി എന്നിവ വിലയക്കു നല്‍കുന്ന വിപണന കേന്ദ്രവും ഭാവിയില്‍ കുടുംബശ്രീ വഴി പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. ഓഫീസുകളെ ഹരിതപെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായി ശുചിത്വമിഷന്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."