യേശുക്രിസ്തുവും കന്യാമറിയവും ഖുര്‍ആന്‍ വായനയില്‍
ദാരിമി ഇ.കെ കാവന്നൂര്‍#
95394 94925
ഇന്നു ക്രിസ്മസ്, അല്‍പം മുന്‍പ് നടന്ന നബിദിനം. രണ്ട് ആഘോഷങ്ങളും മതസൗഹാര്‍ദത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട കേരളീയരില്‍ ഏറെ സന്തോഷത്തിനു വക നല്‍കുന്നതാണെന്നതില്‍ സംശയമില്ല. മഹാനായ യേശുക്രിസ്തുവിന്റെ ജനനത്തില്‍ സന്തോഷിച്ചു ലോകമൊട്ടുക്കുമിന്ന് ക്രൈസ്തവര്‍ ക്രിസ്മസ് കൊണ്ടാടുകയാണ്. തിരുപ്പിറവിയോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിനാരംഭിച്ച നോമ്പ് അവസാനിച്ചത് ഇന്നലെ രാത്രിയിലെ പാതിരാ കുര്‍ബാനയോടുകൂടിയാണ്.
യേശുവിന്റെ വ്യക്തിത്വം മറ്റു പ്രവാചകരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ജൂതര്‍ അദ്ദേഹത്തെ ജാരസന്തതിയെന്നും മാതാവിനെ പിഴച്ചവളെന്നും ആക്ഷേപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അനുയായികള്‍ ഇരുവരെയും വിശുദ്ധരായി തന്നെ വിശ്വസിച്ചു പോരുന്നു.
രണ്ടു മതാനുയായികളാണെങ്കിലും ഏറെ അടുപ്പത്തില്‍ കഴിയുന്നവരുമാണല്ലോ മുസ്്‌ലിംകളും ക്രിസ്ത്യാനികളും. ഇരു വിഭാഗവും ദൈവത്തിലും ദൈവദൂതരിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നുവെന്ന് മാത്രമല്ല, ക്രൈസ്തവ സമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിനെ മുസ്്‌ലിംകളും ഏറെ ആദരിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
യേശു മാത്രമല്ല ലോകത്ത് പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ധാരാളം പ്രവാചകന്‍മാര്‍ അദ്ദേഹത്തിനു മുന്‍പും കഴിഞ്ഞുപോയിട്ടുണ്ടെന്ന് വേദഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവിധ ദേശങ്ങളില്‍ വ്യത്യസ്ത ദശാസന്ധികളില്‍ ഭൂമിയില്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരുടെ എണ്ണം ഒരു ലക്ഷത്തില്‍ പരമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്കു നയിക്കാനായി നിയോഗിക്കപ്പെട്ട ഈ പ്രവാചകന്‍മാരുടെയെല്ലാം പേരും കുറിയും ഒരിടത്തും പൂര്‍ണമായി എഴുതിവച്ചിട്ടില്ലെന്നതാണ് ചരിത്രസത്യം.
എന്നാല്‍, ഇവരില്‍ മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ കൂടാതെ തന്നെ 24 പ്രവാചകന്‍മാരെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്.
ആദം (ആദാം), ഇദ്‌രീസ് (ഈ നോഖ്), നൂഹ് (നോഹ), ഇബ്രാഹിം (അബ്രാഹാം), ലൂത്ത് (ലോത്ത്), ഇസ്മയില്‍ (ഇശ്മയേല്‍), ഇസ്ഹാബ് (യിസ്ഹാഖ്), യഅ്ഖൂബ് (യാക്കോബ്), യൂസഫ് (യോസേഫ്), അയ്യൂബ് (ഇയ്യോബ്), മൂസാ (മോശെ), ഹാറൂല്‍ (അഹരോന്‍), യൂനസ് (യോനാ), ദുല്‍ഖിഫ്ല്‍ (ഏലിയാവ്), സകരിയ്യാ (സെഖര്യാവ്), യഹ്‌യാ (യോഹന്നാന്‍), ഈസാ (യേശു), ഹൂദ്, സ്വാലിഹ്, ശുഐബ് എന്നിവരാണവര്‍. ഇവരില്‍ അധികപേരുടെയും പേരുവിവരങ്ങള്‍ ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
മറ്റൊരാളുടെയും ജനം പോലെയല്ല മഹാനായ യേശുക്രിസ്തുവിന്റെ ജനനം. അത് അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. യേശുവിന്റെ ജനത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം: ''ഓ മര്‍യമേ, നിന്നെ ദൈവം അവനില്‍ നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറീക്കുന്നു: അവന്റെ നാമം മസീഹ്ഈസബ്‌നിര്‍മയം എന്നായിരിക്കും. ഇഹത്തിലും പരത്തിലും അവന്‍ അന്തസുറ്റവനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്‍മാരില്‍ എണ്ണപ്പെട്ടവനായിരിക്കും. തൊട്ടിലില്‍ തന്നെയവന്‍ ജനത്തോട് സംസാരിക്കും: മധ്യവയസ്‌കനായ ഘട്ടത്തിലും, സദ്‌വൃത്തരില്‍പെട്ട ആളുമായിരിക്കും''. ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: ''നാഥാ! എനിക്കെങ്ങനെ കുഞ്ഞുണ്ടാവും. എന്നെയൊരു പുരുഷന്‍ സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ലല്ലോ'' മര്‍യമിന് ഇങ്ങനെ മറുപടി ലഭിച്ചു. : ''ആവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവര്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതുണ്ടാവട്ടെ എന്നു പറയുകയേ വേണ്ടൂ. ഉടനെ അത് സംഭവിക്കുന്നു'' (ആലു ഇംറാന്‍ 45-47)
യേശുവിനെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നൊരു വിഭാഗമായിരുന്നു ജൂതര്‍. പിതാവില്ലാതെ ജനിച്ചു എന്നായിരുന്നു അവര്‍ അദ്ദേഹത്തിനു നല്‍കിയ ആരോപണത്തിന്‍ പ്രധാനം. ഈ ആരോപണത്തിലൂടെ അദ്ദേഹത്തെ പരിഹസിക്കാന്‍ സമയം കണ്ടെത്തിയ മറ്റു ചിലര്‍ അദ്ദേഹത്തിന്നെതിരേ തെറ്റായ പലതും പ്രചരിപ്പിച്ചുപോന്നു. ജൂതര്‍ അദ്ദേഹത്തിന്റെയും മര്‍യമിന്റെയും പേരില്‍ ഉന്നയിച്ചിരുന്ന ആക്ഷേപങ്ങളെ ശക്തമായ ഭാഷയില്‍ ഖുര്‍ആന്‍ നിഷേധിച്ചു.
വിശുദ്ധയായ മാതാവ്
ലോകചരിത്രത്തില്‍ ഉന്നതമായ വിതാനത്തില്‍ ശോഭിച്ചിരുന്ന ധാരാളം സ്ത്രീരത്‌നങ്ങളുണ്ടായിട്ടുണ്ട്. അവരില്‍നിന്നെല്ലാം മുഴുവന്‍ വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും മഹിത മാതൃകയായി ഖുര്‍ആന്‍ എടുത്തുദ്ധരിച്ച രണ്ടു സ്ത്രീകളിലൊന്ന് യേശുവിന്റെ മാതാവ് മര്‍യമാണ്. ഖുര്‍ആന്‍ പറയുന്നു: ''സത്യ വിശ്വാസകള്‍ക്ക് മാതൃകയായി അല്ലാഹു ഫറോവാന്റെ പത്‌നിയെ ഉദാഹരിക്കുന്നു. അവള്‍ പ്രാര്‍ഥിച്ചു: എനിക്ക് നിന്റെ പക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഗേഹം നല്‍കേണമേ. ഫറോവോനില്‍ നിന്നും അയാളുടെ പ്രവൃത്തികളില്‍ നിന്നും എന്നെ നീ മോചിപ്പിക്കേണമേ. ധിക്കാരികളായ ജനങ്ങളില്‍ നിന്നെന്നെ രക്ഷിക്കേണമേ. ഇമ്രാന്റെ പുത്രി മര്‍യമിനെയും മാതൃകയാക്കിയിരിക്കുന്നു. അവള്‍ ചാരിത്രവതിയായിരുന്നു. അപ്പോള്‍ നാം നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി അവളോ തന്റെ നാഥനില്‍ നിന്നുള്ള വചനങ്ങളെയും വേദങ്ങളെയും സത്യപ്പെടുത്തി. അവള്‍ ഭക്തിയുള്ളവരില്‍പ്പെട്ടവളായിരുന്നു.'' (ഖുര്‍ആന്‍ 66:11,12)
മേല്‍ വിവരിച്ചതുപോലെ 34 തവണ പല സ്ഥലങ്ങളിലായി ഖുര്‍ആനില്‍ മര്‍യമിന്റെ പേര്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഒരധ്യായത്തിന്റെ പേരു തന്നെ മര്‍യമെന്നാണ്. ഖുര്‍ആന്‍ വിവരിക്കുന്നു: ''മാലാഖമാര്‍ പറഞ്ഞ സന്ദര്‍ഭം. ഓ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകത്തിലെ സ്ത്രീകളില്‍ ഏറ്റവും മുന്‍ഗണന നല്‍കി തിരഞ്ഞെടുത്തിരുക്കുന്നു. അതിനാല്‍ ഓ മര്‍യം, നിന്റെ നാഥനെ വണങ്ങുക അവനെ പ്രണമിക്കുക. അവനെ നമിക്കുന്നവരോടൊപ്പം നീയും നമിക്കുക. (ആലു ഇംറാന്‍ 42:43) സൂറത്ത് മര്‍യമില്‍ വിശുദ്ധ ജീവിതം നയിച്ച മര്‍യമിന്റെ ജീവിതം അനാവൃതമാക്കുന്നുണ്ട്.
യേശുവിനെയും മാതാവ് മര്‍യമിനെയും കുറിച്ച് ഖുര്‍ആനില്‍ തന്നെ മറ്റു പല സ്ഥലങ്ങളിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. വിശുദ്ധരായ ഇരുവരുടെയും യാഥാര്‍ഥ്യങ്ങളെ വെളിപ്പെടുത്തി ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കുകയാണ് അവയില്‍ അധികവും.
യേശുവിനെയും അവരുടെ വിശുദ്ധമാതാവിനെയും ആക്ഷേപിച്ചു മഹാത്മ്യത്തെ താഴ്ത്തികാണിച്ചവരോടും യേശുവിന് അര്‍ഹമല്ലാത്ത പദവികള്‍ ചാര്‍ത്തിയവരോടും ഖുര്‍ ആന്‍ ഇങ്ങനെ പറഞ്ഞു. ''മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യസന്ധയാണ്. അവര്‍ രണ്ടുപേരും ഭക്ഷണം കഴിച്ചിരുന്നു. നോക്കുക. അവര്‍ക്ക് എങ്ങനെയാണ് നാം ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുന്നത്. വീണ്ടും നോക്കുക എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നും) തെറ്റിക്കപ്പെടുന്നത്.'' (സൂറ മാഇദ 75)
യേശുവിന്റെയും വിശുദ്ധ മര്‍യമിന്റെയും ജീവിത യാഥാര്‍ഥ്യങ്ങളെ സുതരാം സുവ്യക്തമായി പ്രതിപാദിച്ച ഖുര്‍ആന്‍ അവരില്‍ വിശ്വാസമര്‍പ്പിക്കണമെന്ന് സത്യവിശ്വാസികളോട് ആജ്ഞാപിക്കുന്നത് ഇവര്‍ക്കുള്ള മാഹാത്മ്യത്തെ ലോകത്തിനു മുന്‍പില്‍ കൂടുതല്‍ ദൃഢപ്പെടുത്താനാണ്. അത്ഭുതങ്ങള്‍ നിറഞ്ഞതായ ഇരുവരുടെയും ജീവിത യാഥാര്‍ഥ്യങ്ങളെ ഖുര്‍ആന്‍ മറ്റു പല സ്ഥലങ്ങളിലും ഉദ്ധരിക്കുന്നുണ്ട്. അതെല്ലാം ചരിത്രത്തെയും സത്യത്തെയും അന്വേഷിക്കുന്നവര്‍ക്കുള്ളതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."