രാത്രിയില്‍ കാറോടിക്കുന്നതിനിടെ ഗൃഹനാഥന് ബോധക്ഷയം പൊലിസ് സഹായം നല്‍കിയില്ലെന്ന് ആക്ഷേപം
ഈരാറ്റുപേട്ട: കാറോടിക്കുന്നതിനിടെ ബോധക്ഷയം സംഭവിച്ച ഗ്രഹനാഥന് സഹായം നല്‍കാന്‍ പൊലിസ് വിസമ്മതിച്ചെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കി.
വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ചിങ്ങവനം സ്വദേശി ഡെയ്‌സില്‍ ചാക്കോ, ഭാര്യ ആനി എന്നിവര്‍ രണ്ട് പെണ്‍മക്കളുമൊന്നിച്ച് റാന്നിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ തിടനാട് പൂവത്തോട് വച്ചാണ് ഡെയ്‌സണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ സഹായത്തിനായി ഭാര്യ പൊലിസിന്റെ 100 നമ്പറില്‍ വിളിച്ചു. ഈരാറ്റുപേട്ട പൊലിസ് സ്റ്റേഷനിലാണ് കോള്‍ ലഭിച്ചത്. സംഭവം പറഞ്ഞപ്പോള്‍ പൂവത്തോട്, തിടനാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലാണെന്നും അവിടെ വിവരം അറിയിക്കാമെന്നും പറഞ്ഞ് ഫോണ്‍ കട്ടാക്കിയത്രേ. സമയം കടന്നുപോയിട്ടും പൊലിസിന്റെ സഹായമൊന്നും ലഭിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
ഇതിനിടെ ലയണ്‍സ് ക്ലബുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് കുടുങ്ങിപ്പോയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സഹായം ആവശ്യപ്പെട്ടിട്ടും പൊലിസ് സ്റ്റേഷന്‍ പരിധിപറഞ്ഞ് ഒഴിവാക്കുകായിരുന്നെന്ന് ഇവരുടെ സുഹൃത്ത് ലയണ്‍സ് ക്ലബ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനുമായ രമേഷ് കുമാര്‍ ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ രാത്രി 11.30 നാണ് സഹായം ആവശ്യപ്പെട്ട് ഫോണ്‍ വന്നത്. സംഭവം നടന്നത് തിടനാട് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ വിവരം അറിയിക്കാമെന്ന് പറഞ്ഞെങ്കിലും തങ്ങള്‍ത്തന്നെ അറിയിക്കാമെന്ന മറുപടിയാണ് യാത്രികരുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നുമാണ് ഈരാറ്റുപേട്ട പൊലിസിന്റെ വിശദീകരണം. എന്നാല്‍ തിടനാട് സ്റ്റേഷനില്‍ ഇത്തരത്തില്‍ വിവരമൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."